ഒമാൻ ഈ വർഷം മൂന്ന് റോക്കറ്റുകൾ വിക്ഷേപിക്കും

Mail This Article
മസ്കത്ത്∙ ഈ വർഷം മൂന്ന് റോക്കറ്റുകൾ വിക്ഷേപിക്കാൻ ഒമാൻ ഒരുങ്ങുന്നു. ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയത്തിലെ ഡയറക്ടർ ജനറലും ദേശീയ ബഹിരാകാശ പരിപാടിയുടെ തലവനുമായ ഡോ. സഊദ് അൽ ശുഐലിയാണ് പ്രാദേശിക മാധ്യമത്തോട് ഇക്കാര്യം പറഞ്ഞത്. ആദ്യത്തെ പരീക്ഷണ റോക്കറ്റായ ദുകം-1ന്‍റെ വിജയത്തെ തുടർന്നാണ് കൂടുതൽ വിക്ഷേപണത്തിന് ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി പഠനം, ആശയവിനിമയം, ബഹിരാകാശ സാങ്കേതികവിദ്യ എന്നിവയിലെ ഗവേഷണത്തിലൂടെ ആഗോള ശാസ്ത്ര സമൂഹത്തിന് ഒമാന്‍റെ സംഭാവന വർധിപ്പിക്കുകയാണ് ദൗത്യങ്ങളുടെ ലക്ഷ്യം. ദുകം-1 രാജ്യത്തിന്‍റെ അഭിമാനകരമായ നേട്ടമായിരുന്നു. പദ്ധതിയിൽ 15 ഒമാനി എൻജിനീയർമാരും സാങ്കേതിക വിദഗ്ധരും ഉൾപ്പെട്ടിരുന്നതായും ഡോ. സഊദ് അൽ ശുഐലി പറഞ്ഞു.
കഴിഞ്ഞ ഡിസംബറിലാണ് ഒമാന്‍റെ ആദ്യ പരീക്ഷണാത്മക റോക്കറ്റ് വിക്ഷേപിച്ചത്. ദുകമിലെ ഇത്‌ലാഖ് സ്‌പേസ്‌പോർട്ടിൽ നിന്നായിരുന്നു വിക്ഷേപണം. സമുദ്രനിരപ്പിൽ നിന്ന് 140 കിലോമീറ്റർ ഉയരത്തിൽ 1530 മീറ്റർ സെക്കൻഡ് വേഗതയിൽ ഏകദേശം 15 മിനിറ്റോളം റോക്കറ്റ് സഞ്ചരിച്ചു. 123 കിലോഗ്രാം ഭാരമുള്ള റോക്കറ്റിന് 6.5 മീറ്റർ ഉയരമാണുള്ളത്. സെക്കൻഡിൽ 1,530 മീറ്റർ വേഗതയിൽ ഉയരും. ഒമാനി സ്‌പേസ് കമ്പനിയായ നാഷനൽ എയ്‌റോസ്‌പേസ് സർവീസസ് കമ്പനി (നാസ്‌കോം) ആണ് ഇത്‌ലാഖ് സ്‌പേസ് പോർട്ടിന് നേതൃത്വം നൽകുന്നത്.