അന്യായമായ പിരിച്ചുവിടൽ, ശമ്പള കാലതാമസം; 2024 ൽ ബഹ്‌റൈനിൽ റജിസ്റ്റർ ചെയ്തത് 158 തൊഴിൽ കേസുകൾ
![bahrain-has-recorded-an-increase-in-employment-related-cases Representative Image. Image Credit: fizkes/istockphoto.com](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/gulf/images/2025/1/9/bahrain-has-recorded-an-increase-in-employment-related-cases.jpg?w=1120&h=583)
Mail This Article
മനാമ ∙ ബഹ്‌റൈനിൽ 2024 ൽ റജിസ്റ്റർ ചെയ്തത് 158 തൊഴിൽ കേസുകൾ. 2023 നെ അപേക്ഷിച്ച് തൊഴിൽ കേസുകളിലും തർക്കങ്ങളിലും വർധനയുണ്ടെന്ന് സ്വതന്ത്ര ലേബർ യൂണിയൻ ഫെഡറേഷൻ.
2024 ൽ ഏകദേശം 468 തൊഴിലാളികൾ ഉൾപ്പെട്ട 158 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2023 ൽ 127 കേസുകളായിരുന്നു. അന്യായമായ പിരിച്ചുവിടൽ, ശമ്പളം ലഭിക്കാനുള്ള കാലതാമസം, അവകാശങ്ങൾ നൽകാനുള്ള വിസമ്മതം എന്നിവയുൾപ്പെടെ അനവധി പ്രശ്‌നങ്ങൾ ആണ് തൊഴിൽ തർക്കങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നത്.
കേസുകളിൽ 95 ശതമാനവും വിദേശ തൊഴിലാളികളാണ് ഉൾപ്പെടുന്നതെന്ന് സ്വതന്ത്ര ലേബർ യൂണിയൻസ് ഫെഡറേഷൻ ഫോർ ലേബർ റിലേഷൻസ് ആൻഡ് കംപ്ലയിൻ്റ്‌സ് വൈസ് പ്രസിഡൻ്റ് അഹമ്മദ് അഖീൽ ഫഖിഹി മാധ്യമങ്ങളോട് വെളിപ്പെടുത്തി. 158 കേസുകളിൽ, 51 എണ്ണം തൊഴിലാളികളെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ടതാണ്. 84 കേസുകൾ അർഹിക്കുന്ന ആനുകൂല്യങ്ങൾ നൽകാത്തതും ശമ്പള കാലതാമസവുമായി ബന്ധപ്പെട്ടാണ്.
വ്യത്യസ്ത സ്വഭാവമുള്ള ഏകദേശം 23 കേസുകൾ കൂടി കഴിഞ്ഞ വർഷം റജിസ്റ്റർ ചെയ്തിട്ടുണ്ട്. സൗഹാർദപരമായി പരിഹരിക്കാൻ കഴിയാത്ത കേസുകൾ മാത്രമാണ് കോടതികളിലേക്ക് എത്തുന്നത്. 2012ലാണ് ബഹ്‌റൈനിൽ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പ്രാദേശികമായും രാജ്യാന്തരമായും അനവധി നേട്ടങ്ങൾ സ്വതന്ത്ര ഫെഡറേഷൻ ഇതിനോടകം കൈവരിച്ചിട്ടുണ്ട്.