നിസ്‌വയില്‍ ഇന്റര്‍സിറ്റി ബസ് സര്‍വീസുകള്‍; പരീക്ഷണ ഓട്ടത്തില്‍ സൗജന്യ യാത്ര
Mail This Article
മസ്‌കത്ത് ∙ ദാഖിലിയ ഗവര്‍ണറേറ്റിലെ നിസ്‌വയില്‍ പരീക്ഷണയോട്ടത്തിനൊരുങ്ങി മുവാസലാത്ത്. പൊതു ഗതാഗത സംവിധാനത്തിന്റെ നവീകരണം ലക്ഷ്യം വച്ചാണ് ദേശീയ ഗതാഗത കമ്പനിയുടെ പുതിയ നീക്കം. ഈ മാസം 11 മുതല്‍ 31 വരെ നീണ്ടു നില്‍ക്കുന്ന പരീക്ഷണയോട്ടത്തില്‍ യാത്ര സൗജന്യമായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
എട്ട് മുവാസലാത്ത് ബസുകള്‍ ദിവസേന 10 മിനിറ്റ് ഇടവേളയില്‍ സര്‍വീസ് നടത്തും. ഒരു ബസില്‍ 60 പേര്‍ക്ക് യാത്ര ചെയ്യാനാവും. 110 ട്രിപ്പുകളാണ് പരീക്ഷണയോട്ടത്തില്‍ ലക്ഷ്യം വയ്ക്കുന്നത്. നിസ്‌വ ഗ്രാൻഡ് മാളില്‍ നിന്ന് ആരംഭിച്ച് നിസ്‌വ സൂഖ് വരെയാണ് ഒന്നാമത്തെ സര്‍വീസ്. വാദി കല്‍ബൂഹ് പ്രദേശത്ത് നിന്നും നിസ്‌വ സൂഖ് വരെയാണ് രണ്ടാമത്ത് റൂട്ട്.
റോയല്‍ ഒമാന്‍ പൊലീസുമായി സഹകരിച്ച് മുവാസലാത്ത് സര്‍വീസുകള്‍ സുഗമമായി നടക്കുന്നതിന് സൗകര്യമൊരുക്കും. നിസ്‌വയില്‍ പൊതുഗതാഗത മേഖലയെ സജീവമാക്കുന്നതിനും ഇന്റര്‍സിറ്റി സര്‍വീസുകള്‍ ആരംഭിക്കുന്നതിനും ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം നേരത്തെ നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി സ്വകാര്യമേഖലയുമായി സഹകരിച്ച് ഒമാനിലെ തന്നെ ആദ്യത്തെ ഇന്റഗ്രേറ്റഡ് ബസ് സ്‌റ്റേഷന്‍ നിസ്‌വയില്‍ നിര്‍മിക്കുന്നതിന് ധാരണയിലെത്തിയിട്ടുണ്ട്.