മസ്ക്കത്തിലെ ഇന്ത്യൻ സ്കൂളുകളിൽ പ്രവേശനം നേടാം; ഓൺലൈൻ റജിസ്ട്രേഷൻ ജനു.20 മുതൽ, അറിയാം വിശദമായി
Mail This Article
മസ്കത്ത് ∙ മസ്കത്തിലെ ഏഴ് ഇന്ത്യന്‍ സ്കൂളുകളിലേക്കുള്ള 2025-2026 അധ്യയനവര്‍ഷത്തെ പ്രവേശത്തിനുള്ള ഓണ്‍ലൈന്‍ റജിസ്ട്രേഷന് ഈ മാസം 20ന് ആരംഭിക്കും. ഫെബ്രുവരി 20 വരെയാണ് സമയപരിധി.
ഇന്ത്യയുടെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എന്‍ഇപി) അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികള്‍ക്ക് ഈ വര്‍ഷം പ്രവേശനം നല്‍കുകയെന്ന് ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു.
മസ്കത്ത്, ദാര്‍സൈത്ത്, വാദി കബീര്‍, സീബ്, ഗുബ്ര, മബേല, ബൗശര്‍ ഇന്ത്യന്‍ സ്കൂളുകളിലേക്കാണ് ഏകീകൃത ഓണ്‍ലൈന്‍ പോര്‍ട്ടല്‍ റജിസ്ട്രേഷന് സൗകര്യമുള്ളത്. വാദി കബീര്‍ ഇന്ത്യന്‍ സ്കൂള്‍, ഗുബ്ര ഇന്ത്യന്‍ സ്കൂള്‍ എന്നിവയുടെ രാജ്യാന്തര വിഭാഗത്തിലേക്ക് (കേംബ്രിഡ്ജ് സിലബസ്) പ്രവേശനം ആഗ്രഹിക്കുന്നവരും ഓണ്‍ലൈനിലൂടെ തന്നെ അപേക്ഷ സമര്‍പ്പിക്കണം.
ബാല്‍വതിക (പ്രീ സ്കൂള്‍) മുതല്‍ 9 വരെയുള്ള ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് www.indianschoolsoman.comല്‍ റജിസ്റ്റര്‍ ചെയ്യണം. 2025 ഏപ്രില്‍ ഒന്നിന് മൂന്ന് വയസ് പൂര്‍ത്തിയായ കുട്ടികള്‍ക്കായിരിക്കും ബാലവതിക പ്രവേശനത്തിന് അര്‍ഹത. അംഗീകൃത റസിഡൻറ് വീസയുള്ള രക്ഷിതാക്കളുടെ മക്കൾക്ക് മാത്രമേ പ്രവേശനം ലഭിക്കൂ.
ഏഴ് ഇന്ത്യന്‍ സ്കൂളുകളിലെയും പ്രവേശന നടപടികള്‍ പൂര്‍ണമായും ഓണ്‍ലൈൻ മുഖേനയാണ്. രേഖകള്‍ സമര്‍പ്പിക്കുന്നതിനോ ഫീസ് അടക്കുന്നതിനോ രക്ഷിതാക്കള്‍ സ്കൂള്‍ സന്ദര്‍ശിക്കേണ്ടതില്ലെന്ന് ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികള്‍ക്കുള്ള പ്രവേശനം ഇന്ത്യന്‍ സ്കൂള്‍ മസ്കത്ത് പരിസരത്ത് സ്ഥിതി ചെയ്യുന്ന കെയര്‍ ആന്റ് സ്പെഷൽ എജ്യുക്കേഷനില്‍ (സിഎസ്ഇ) ലഭ്യമാണ്. പ്രവേശനത്തിനായി രക്ഷിതാക്കള്‍ക്ക് നേരിട്ട് സിഎസ്ഇ അഡ്മിനിസ്ട്രേഷനെ സമീപിക്കാം.
ഇന്ത്യയുടെ പുതിയ ദേശീയ വിദ്യാഭ്യാസ നയപ്രകാരം അക്കാദമിക് ഘടന 5+3+3+4 എന്ന സംവിധാനത്തിലേക്ക് പുനര്‍നിര്‍വചിക്കപ്പെടും. കിന്റര്ഗാര്ട്ടന് നിലവിലുള്ള രണ്ട് വര്‍ഷ ഘടനയില്‍ നിന്ന് മൂന്ന് വര്‍ഷമാകും. മൂന്ന് മുതല്‍ ആറു വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് മൂന്ന് വര്‍ഷത്തെ കിന്റര്ഗാര്ട്ടന്, ആറു മുതല്‍ എട്ട് വയസ്സുവരെയുള്ള കുട്ടികള്‍ ഒന്ന്, രണ്ട് ക്ലാസുകളിലുമാണ് ഉള്‍പ്പെടുക. പ്രിപ്പറേറ്ററി സ്റ്റേജില്‍ എട്ട് മുതല്‍ 11വയസ്സുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് മുതല്‍ അഞ്ചുവരെ ക്ലാസുകളും 11 മുതല്‍ 14 വയസ്സുവരെയുള്ള മിഡില്‍ സ്റ്റേജില്‍ ആറു മുതല്‍ എട്ടുവരെ ക്ലാസുകളും 14 മുതല്‍ 18 വയസ്സുവരെയുള്ള ഒമ്പത് മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ സെക്കന്‍ഡറി ഘട്ടവും ഉള്‍പ്പെടും.