കൂടുതൽ സ്മാർട്ടാകാൻ ഷാർജ പൊലീസ്: സ്വകാര്യ വാഹനങ്ങളുടെ പരിശോധനയ്ക്ക് ആപ്
Mail This Article
ഷാർജ ∙ വാഹന റജിസ്ട്രേഷനും പരിശോധനയും മൊബൈൽ ആപ് വഴിയാക്കി ഷാർജ പൊലീസ്. അപകടങ്ങളിൽനിന്നും കേടുപാടുകളിൽനിന്നും മുക്തമാണെന്ന് ഉറപ്പുള്ള സ്വകാര്യ വാഹനങ്ങൾക്കാണ് ഈ സൗകര്യം. ഷാർജ പൊലീസിന്റെ റാഫിദ് ആപ്പിലൂടെയാണ് ഈ സേവനത്തിന് അപേക്ഷിക്കേണ്ടത്.
ഷാർജയിൽ റജിസ്റ്റർ ചെയ്തതും 8 വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്തതുമായ സ്വകാര്യ വാഹനങ്ങൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. പരമ്പരാഗത പരിശോധനാ കേന്ദ്രങ്ങൾ സന്ദർശിക്കുകയോ സാങ്കേതിക പരിശോധനയ്ക്ക് ഹാജരാകുകയോ വേണ്ട. അതേസമയം കമ്പനിയുടെ ഉടമസ്ഥതകളിലുള്ള വാഹനങ്ങൾക്ക് ഈ സേവനം ലഭിക്കില്ല. വാഹനത്തിന്റെ ഏറ്റവും ഒടുവിലത്തെ സാങ്കേതിക പരിശോധനയ്ക്ക് ശേഷം 18 മാസം കഴിഞ്ഞതാണെങ്കിലും സേവനം ലഭിക്കില്ല.
എമിറേറ്റിന്റെ ഡിജിറ്റൽ പരിവർത്തനം ഊർജിതമാക്കി വേഗത്തിലും എളുപ്പത്തിലും സ്മാർട്ട് സർക്കാർ സേവനങ്ങൾ നൽകുകയാണ് ലക്ഷ്യമെന്ന് ഷാർജ പൊലീസിലെ വെഹിക്കിൾ ആൻഡ് ഡ്രൈവർ ലൈസൻസിങ് വകുപ്പ് ഡയറക്ടർ കേണൽ ഖാലിദ് മുഹമ്മദ് അൽകേ പറഞ്ഞു. സമൂഹത്തിന് മെച്ചപ്പെട്ട സേവനങ്ങൾ അതിവേഗം നൽകാൻ പദ്ധതിയിലൂടെ സാധിക്കുമെന്ന് റാഫിദ് കമ്പനി സിഇഒ അഹ്മദ് ജുമാ അൽ മഷ്റഖ് പറഞ്ഞു. ഷാർജ സർക്കാരിന്റെ നിക്ഷേപ വിഭാഗമായ ഷാർജ അസറ്റ് മാനേജ്മെന്റിന്റെ അനുബന്ധ സ്ഥാപനമാണ് റാഫിദ് വെഹിക്കിൾ സൊല്യൂഷൻസ്.
∙ സേവനത്തിന് അപേക്ഷിക്കാൻ
വാഹനം അപകടത്തിൽപെട്ടിട്ടില്ലെന്നും കേടുപാടുകൾ ഇല്ലെന്നും സ്ഥിരീകരിക്കുന്ന ചിത്രങ്ങൾ റാഫിദ് ആപ്പിൽ അപ്‌ലോഡ് ചെയ്യണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇവ സ്ഥിരീകരിച്ചാൽ ഓൺലൈൻ വഴി റജിസ്ട്രേഷൻ പൂർത്തിയാക്കാം. റാഫിദ് വെഹിക്കിൾ സൊല്യൂഷൻസിന്റെ ‘റിമോട്ട് ഇൻസ്പെക്‌ഷൻ’ എന്ന ഓപ്ഷനിലാണ് സേവനം ലഭിക്കുക.