യല്ലോ’– മിഡിൽ ഈസ്റ്റ് എഡിഷനുമായി ദ് വീക്ക്
Mail This Article
ദുബായ് ∙ ദ് വീക്ക് മാഗസിൻ ഓൺലൈൻ പോർട്ടലിൽ മധ്യപൂർവ രാജ്യങ്ങളിലെ വാർത്തകളും വിശേഷങ്ങളുമായി മിഡിൽ ഈസ്റ്റ് എഡിഷൻ ആരംഭിച്ചു. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ പ്രധാന സംഭവങ്ങൾ, ഇന്ത്യയും മിഡിൽ ഈസ്റ്റ് രാജ്യങ്ങളുമായുള്ള ബന്ധം, വിനോദ സഞ്ചാരം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ പുതുമകൾ എന്നിവയാണ് ഉള്ളടക്കം.
‘നമുക്കു പോകാം’ എന്ന അർഥത്തിൽ അറബിക്കിൽ ഉപയോഗിക്കുന്ന യല്ലാ എന്ന പ്രയോഗവും ഹലോയും ചേർത്ത് ‘യല്ലോ മിഡിൽ ഈസ്റ്റ്’ എന്നാണ് പേരു നൽകിയിട്ടുള്ളത്. ഉദ്ഘാടനം യുഎഇ രാജ്യാന്തര സഹകരണ മന്ത്രി റീം അൽ ഹാഷിമി നിർവഹിച്ചു. ഇന്ത്യ – യുഎഇ സഹകരണം ഇനിയും ശക്തമാകണമെന്നും ഇന്ത്യൻ നഗരം തന്നെയാണ് ദുബായ് എന്നും റീം അൽ ഹാഷിമി പറഞ്ഞു. ഇന്ത്യ – യുഎഇ സഹകരണത്തിന്റെ ചരിത്രവും വിശേഷങ്ങളും പങ്കുവയ്ക്കുന്ന ദ് വീക്കിന്റെ പുതിയ പതിപ്പും മന്ത്രി ഏറ്റുവാങ്ങി. മന്ത്രി റീമുമായുള്ള എക്സ്ക്ലൂസീവ് അഭിമുഖമാണ് ഈ ലക്കത്തിന്റെ കവർ സ്റ്റോറി.
യുഎഇയിലെ പ്രധാന ന്യൂസ് സ്റ്റാൻഡുകളിൽ ദ് വീക്ക് മാഗസിൻ ഇനി ലഭ്യമാകും. ഇതിനു പുറമേയാണ്, ഓൺലൈൻ പോർട്ടലിൽ മിഡിൽ ഈസ്റ്റ് എഡിഷനും ആരംഭിക്കുന്നത്. ഇന്ത്യ – യുഎഇ സഹകരണത്തിൽ കൂടുതൽ സെമിനാറുകളും സംയുക്ത സംരംഭങ്ങളും ദ് വീക്കിന്റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്യുന്നുണ്ട്. ദ് വീക്ക് ഡയറക്ടറും ചീഫ് അസോഷ്യേറ്റ് എഡിറ്ററുമായ റിയാദ് മാത്യുവിന്റെ സാന്നിധ്യത്തിൽ എക്സ്പോ സിറ്റിയിലായിരുന്നു ചടങ്ങ്. ദ് വീക്ക് ഡൽഹി ചീഫ് ഓഫ് ബ്യൂറോ നമ്രത ബിജി അഹുജ, മലയാള മനോരമ – ദ് വീക്ക് ദുബായ് ചീഫ് റിപ്പോർട്ടർ മിന്റു പി.ജേക്കബ്, ഡേറ്റ ലീഡ്സ് സ്ഥാപകൻ സയിദ് നസാക്കത് എന്നിവരും പങ്കെടുത്തു.