അബുദാബി സിനിമ തിയറ്ററില്‍ ടിക്കറ്റ് കലക്ടറായി തുടക്കം; യുഎഇയ്ക്കൊപ്പം 51 വർഷം, ഒറ്റമുറി ഫ്ലാറ്റിൽ ജീവിതം പടുത്തുയർത്തിയ മലയാളി
Mail This Article
ദുബായ് ∙ കണ്ണൂരില്‍ നിന്ന് ദുബായിലേക്ക് കടലുകടക്കുമ്പോള്‍ അബ്ദുള്‍ ജബ്ബാറിന് പ്രായം 19. അബുദാബിയിലെ സിനിമാ തിയറ്ററില്‍ ടിക്കറ്റ് കലക്ടറായി ആരംഭിച്ച ജോലി ജീവിതം ഇന്ന് ആയിരത്തോളം ജീവനക്കാരുളള ബനിയാസ് സ്പൈക്ക് ഗ്രൂപ്പെന്ന സ്ഥാപനത്തിന്റെ ജനറല്‍ മാനേജർ സ്ഥാനത്തെത്തി നിൽക്കുന്നു. 70 വയസ്സിലും ആരോഗ്യവാനാണ് അബ്ദുള്‍ ജബ്ബാർ. പ്രായത്തിലൊക്കെ എന്തിരിക്കുന്നു, അധ്വാനിക്കാനുളള മനസ്സും ആരോഗ്യവുമുണ്ടെങ്കില്‍ പ്രായം ഒരു പ്രശ്നമേയല്ല, അതാണ് അബ്ദുള്‍ ജബ്ബാറിന്റെ പക്ഷം.
∙ ആദ്യ ജോലി ദിവസവേതനത്തില്‍ ടിക്കറ്റ് കലക്ടർ
അബുദാബിയിലെ എല്‍ ദൊരാദോ സിനിമയില്‍ ടിക്കറ്റ് കലക്ടറായി ആദ്യ ജോലി. കുറച്ചു ദിവസങ്ങള്‍ മാത്രമെ ആ ജോലി ചെയ്തുളളൂവെങ്കിലും സിനിമാ കൊട്ടകയിലെ പ്രദർശനങ്ങളിലെ തിരക്കും സന്തോഷങ്ങളുമെല്ലാം തിരശീലയിലുളളതിനേക്കാള്‍ തെളിച്ചത്തോടെ അബ്ദുള്‍ ജബ്ബാറിന്റെ ഓർമയിലുണ്ട്. ഹിന്ദി സിനിമ ആസ്വദിക്കാന്‍ ഇന്ത്യ, പാക്കിസ്ഥാൻ രാജ്യങ്ങളില്‍ നിന്നുളളവരും ഒപ്പം സ്വദേശികളും ധാരാളമായി എത്തിയിരുന്നു, അബ്ദുള്‍ ജബ്ബാർ പറയുന്നു. ദിലീപ് കുമാറിന്റെയും അമിതാഭ് ബച്ചന്റേയും സിനിമകള്‍ വരുമ്പോള്‍ ആഘോഷമായിരുന്നു. സിനിമയും സിനിമാ കൊട്ടകയുമെല്ലാം രൂപം മാറിയെങ്കിലും ആസ്വാദത്തിനും ആഘോഷത്തിനും എന്നും ഒരേ രൂപവും താളവും, ഓർമകളിലെ വെളളിവെളിച്ചത്തില്‍ അബ്ദുള്‍ ജബ്ബാർ ചിരിക്കുന്നു.
കണ്ണൂർ തയ്യില്‍ കുറുവയില്‍ 1955 ലാണ് ജനനം. തയ്യില്‍ സെന്റ് ആന്റണീസില്‍ നിന്നും ചൊവ്വ ഹൈസ്കൂളില്‍ നിന്നും മെട്രിക് പഠനം പൂർത്തിയാക്കി. 1974 ജൂണ്‍ 14 നാണ് അബ്ദുള്‍ ജബ്ബാർ യുഎഇയിലെത്തുന്നത്. അന്ന് ടൈപ്പ് റൈറ്റിങ് വശമുണ്ടെങ്കില്‍ അത്യാവശ്യം തരക്കേടില്ലാത്ത ജോലി കിട്ടും. ആ വിശ്വാസത്തിലാണ് കണ്ണൂരില്‍ നിന്ന് മംഗാലാപുരത്തേക്കും, അവിടെ നിന്ന് ബോംബെയിലേക്കും പിന്നീട് കപ്പലില്‍ യുഎഇയിലേക്കുമെത്തിയത്. കുടുംബത്തില്‍ നിന്ന് ആദ്യം യുഎഇയിലെത്തിയത് അബ്ദുള്‍ ജബ്ബാറാണ്. ഇന്ന് 100 ലധികം കുടുംബാഗംങ്ങള്‍ യുഎഇയിലുണ്ട്. ഇടയ്ക്ക് എല്ലാവരും ഒത്തുകൂടും. കുടുംബത്തിന്റെ സന്തോഷമല്ലേ, ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത്.
∙ ഗുരുസ്ഥാനീയന്‍ അബ്ദുളള മാജിദ് അല്‍ മുഹൈരി
എല്‍ ദൊരാദോ സിനിമയിലെ ജോലിക്ക് ശേഷം ചെറിയ ജോലികള്‍ ചെയ്തിരുന്നു. അല്‍ മാജിദ് ജനറല്‍ കമ്പനിയില്‍ ക്ലർക്കായി ജോലി ലഭിച്ചതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. സ്വദേശി സഹോദരന്മാരായ, അബ്ദുളള, ഹിലാല്‍ എന്നിവരുടേതായിരുന്നു സ്ഥാപനം. നിർമാണ സാധനങ്ങളായിരുന്നു തുടക്കത്തിലെങ്കിലും പിന്നീട് ഭക്ഷ്യവിതരണ മേഖലയിലേക്ക് കമ്പനി ചുവടുമാറ്റി. ആ സ്ഥാപനത്തിനൊപ്പമാണ് അബ്ദുള്‍ ജബ്ബാർ ജീവിതം കെട്ടിപ്പടുത്തത്. അറബിക് ഭാഷ ഒഴുക്കോടെ സംസാരിക്കാന്‍ കഴിയുന്നത് ഗുണമായി. ഇവിടെ വന്നതിന് ശേഷമാണ് അറബിക് പഠിച്ചത്.
ജീവിതത്തില്‍ ഗുരുസ്ഥാനത്ത് അബ്ദുള്‍ ജബ്ബാർ കാണുന്ന വ്യക്തിത്വമാണ് സ്ഥാപനത്തിന്റെ ഉടമകളില്‍ ഒരാളായ അബ്ദുളള മാജിദ് അല്‍ മുഹൈരി. അടുത്ത സുഹൃത്ത്, അതിനേക്കാള്‍ സഹോദരനെപ്പോലെ, അടുപ്പമുണ്ടായിരുന്നു അദ്ദേഹവുമായി. വിദേശയാത്രകളില്‍ അദ്ദേഹത്തെ അനുഗമിക്കാന്‍ അവസരം ലഭിച്ചിരുന്നു. സ്ഥാപനത്തിലെ ജീവനക്കാർക്ക് ആവശ്യമായതെല്ലാം ചെയ്യാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. 1999ല്‍ ആ സ്ഥാപനത്തില്‍ നിന്ന് ഇറങ്ങിയതിന് ശേഷം അടുപ്പം തുടർന്നു. കുറച്ചുദിവസങ്ങള്‍ വിളിക്കാതിരുന്നാല്‍ അദ്ദേഹം വിളിച്ച് കാര്യം അന്വേഷിക്കുമായിരുന്നു. 91-ാം വയസ്സില്‍ അദ്ദേഹം മരിക്കുന്നതുവരെ ആ സ്നേഹവും കരുതലും കാണിച്ചിരുന്നുവെന്നും അബ്ദുള്‍ ജബ്ബാർ ഓർക്കുന്നു.
∙ യുഎഇ രാഷ്ട്രപിതാവിനെ ഒരുനോക്കുകണ്ടനിമിഷം
1979-80 ല്‍ അബുദാബി എയർപോർട്ട് റോഡിലെ ഗ്രാന്‍ഡ് മോസ്കില്‍ നിന്ന് യുഎഇയുടെ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിനെ കണ്ടത്, ഓർമയിലിന്നുമുണ്ട്. അബുദാബിയില്‍ നിന്ന് ദുബായിലേക്കുളള യാത്ര ഒരു അനുഭവം തന്നെയാണ്. ഒറ്റ റോഡായിരുന്നു. സ്ട്രീറ്റ് ലൈറ്റുകള്‍ പോലുമില്ലാതിരുന്ന കാലമുണ്ടായിരുന്നു. അബുദാബിയില്‍ ടെലിവിഷന്‍ ബില്‍ഡിങ്ങായിരുന്നു ലാന്‍ഡ് മാർക്കെങ്കില്‍ ദുബായില്‍ അന്ന് ഡിഫന്‍സ് റൗണ്ട് എബൗട്ടും ടയോട്ട ബില്‍ഡിങ്ങും വേള്‍ഡ് ട്രേഡ് സെന്ററുമായിരുന്നു ലാന്‍ഡ് മാർക്കുകള്‍.
1970-80 കളിലെ യുഎഇയില്‍ നിന്ന് ഇന്നത്തെ യുഎഇയിലേക്കെത്താന്‍ ദൂരം ഒരുപാടുണ്ട്. 19 വയസ്സില്‍ നിന്ന് 70 വയസ്സിന്റെ അകലത്തില്‍ യുഎഇയുടെ വളർച്ചയുടെ ദൂരം അടുത്തറിഞ്ഞിട്ടുണ്ട് അബ്ദുള്‍ ജബ്ബാർ. മരുഭൂമിയില്‍ നിന്ന് പടുത്തുയർത്തിയ ഒരു നാട്. ഇവിടത്തെ ഭരണാധികാരികളുടെ ഇച്ഛാശക്തി ലോകത്താർക്കാണുണ്ടാവുക. അതുതന്നെയാണ് ഈ നാടിന്റെ കാതല്‍. യുഎഇയ്ക്കൊപ്പം 51 വർഷമായി നടക്കുന്ന അബ്ദുള്‍ ജബ്ബാറിന്റെ അനുഭവസാക്ഷ്യമാണിത്.
1979ല്‍ റഹ്മത്തിനെ ജീവിത സഖിയാക്കി. അഞ്ച് വർഷം കഴിഞ്ഞാണ് റഹ്മത്ത് യുഎഇയിലെത്തിയത്. അന്ന് മകള്‍ ജംഷീനയ്ക്ക് വയസ്സ് മൂന്ന്. ഒറ്റമുറി ഫ്ലാറ്റിലാണ് ജീവിതം ആരംഭിച്ചത്. കത്ത് പാട്ടും കാസറ്റിലെ വിശേഷം പങ്കുവയ്ക്കലുമൊക്കെയായിരുന്നു പിരിഞ്ഞിരുന്ന കാലത്ത് റഹ്മത്തിനും അബ്ദുള്‍ ജബ്ബാറിലും കൂട്ടായത്. ഫോണ്‍ താരിഫുകള്‍ കൂടുതലായതിനാല്‍ മിക്കവരും കത്തുകളെയാണ് ആശ്രയിച്ചിരുന്നത്. ഇന്നത്തെ എത്തിസലാത്ത് അന്ന് എമിർടെലായിരുന്നു. ഫോണ്‍ ചെയ്യാനായി മണിക്കൂറൂകളോളം കാത്തിരുന്നിട്ടുണ്ട്. കാലം കടന്നുപോയപ്പോള്‍ ജംഷീനയ്ക്ക് കൂട്ടായി ജെസ്നയും ജെമീഷുമെത്തി. മൂന്ന് പേരും കുടുംബമായി യുഎഇയിലുണ്ട്.
∙ അല്‍ ജവാല്‍ ഫോണ്‍
90 കളുടെ ആദ്യത്തില്‍ വാഹനങ്ങളില്‍ ഘടിപ്പിക്കാന്‍ കഴിയുന്ന അല്‍ ജവാല്‍ ഫോണ്‍ സിസ്റ്റം യുഎഇയില്‍ പ്രചാരത്തിലുണ്ടായിരുന്നു. യാത്ര ചെയ്യുമ്പോള്‍ മണിക്കൂറുകളോളം സംസാരിക്കാന്‍ സാധിക്കുന്നതായിരുന്നു അല്‍ ജവാല്‍ ഫോണ്‍സിസ്റ്റം. നാട്ടിലുളളവരുമായും യുഎഇയിലുളളവരുമായുമെല്ലാം സംസാരിക്കാന്‍ അല്‍ ജവാല്‍ ഉപകരിച്ചിരുന്നു. പക്ഷെ ഫോണ്‍ കിട്ടണമെങ്കില്‍ ആറ് മാസം മുന്‍പ് ബുക്ക് ചെയ്യണം. ചെലവേറിയതിനാല്‍ കുറച്ചുപേർക്ക് മാത്രമെ ഇത് ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നുളളൂവെന്നും അബ്ദുള്‍ ജബ്ബാർ ഓർക്കുന്നു.
∙ പ്രായം വെറും നമ്പർ
യുഎഇ ഉള്‍പ്പടെയുളള രാജ്യങ്ങളില്‍ 70 കഴിഞ്ഞാലും സജീവമായി ജോലി ചെയ്യുന്ന നിരവധി പേരുണ്ട്. 60 കഴിഞ്ഞാല്‍ വിരമിച്ച് വിശ്രമജീവിതമെന്നത് നമ്മുടെ നാട്ടിലുളള മനോഭാവമാണ്. ഓഫിസിലേക്കും തിരിച്ചുമെല്ലാം വാഹനമോടിച്ചാണ് അബ്ദുള്‍ ജബ്ബാറെത്തുന്നത്. ഭക്ഷണവും വ്യായാമവും കൃത്യമായാല്‍ ആരോഗ്യത്തോടെയിരിക്കാം, ഇതാണ് പ്രായത്തെകുറിച്ചുളള അബ്ദുള്‍ ജബ്ബാറിന്റെ കാഴ്ചപ്പാട്.
∙ ജീവിതം മാറ്റിയ ബനിയാസ് സ്പൈക്ക് ഗ്രൂപ്പ്
2000 ലാണ് ബനിയാസ് സ്പൈക്ക് ഗ്രൂപ്പിലെത്തുന്നത്. അന്ന് വിരലില്‍ എണ്ണാവുന്ന ജോലിക്കാർ മാത്രമാണ് സ്ഥാപനത്തിലുണ്ടായിരുന്നത്. ഇന്ന് 1000 ത്തിലധികം ജീവനക്കാരും 150 ലധികം വാഹനങ്ങളുമുളള മേഖലയിലെ തന്നെ ഏറ്റവും വലിയ ഹോള്‍സെയില്‍ ഭക്ഷ്യ വിതരണ കമ്പനിയാണ് ബനിയാസ് സ്പൈക്ക് ഗ്രൂപ്പ്. സ്ഥാപനത്തിന്റെ ഉടമയായ കുറ്റൂർ അബ്ഗുള്‍ റഹ്മാന്‍ ഹാജി കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് തന്നെ കാണുന്നത്, അതുകൊണ്ടുതന്നെയാണ് ഈ 70 വയസ്സിലും സ്ഥാപനത്തിന്റെ ഭാഗമായി തുടരുന്നതെന്നും അബ്ദുള്‍ ജബ്ബാർ പറയുന്നു.
∙ വിരമിക്കല്‍ മനസിലേയില്ല
അബുദാബി സ്വന്തം നാടുതന്നെയാണ്. നാട്ടിലേക്ക് പോകുന്നതിനെ കുറിച്ചോ ജോലി അവസാനിപ്പിക്കുന്നതിനെ കുറിച്ചോ ചിന്തിച്ചിട്ടില്ല. കുടുംബാംഗങ്ങളെല്ലാം ഇവിടെത്തന്നെയുളളതുകൊണ്ടുതന്നെ ഇടയ്ക്കിടയ്ക്കുളള കുടുംബസംഗമമാണ് ഊർജ്ജം. കൊച്ചുമക്കളുമൊത്ത് സമയം ചെലവഴിക്കാനും ഏറെ ഇഷ്ടം. യുഎഇ മലയാളികളുടെ സ്വന്തം നാടുതന്നെയാണ്. അബ്ദുള്‍ ജബ്ബാറിനെപ്പോലുളളവർ തെളിച്ചവഴിയിലൂടെ ഈ നാടിന്റെ സ്നേഹത്തിലേക്ക് എത്തിയവർ നിരവധി. അവരെ കൂടാതെ ഈ നാടിന്റെ 50 വർഷത്തെ വികസനചരിത്രവും പൂർണമാകില്ലല്ലോ.