ഒമാനിൽ ഒരുങ്ങുന്നത് ലോകത്തിലെ ഏറ്റവും വലിയ ബൊട്ടാണിക്കൽ ഗാർഡൻ
Mail This Article
മസ്‌കത്ത് ∙ സീബ് വിലായത്തിലെ അൽ ഖൂദിൽ നിർമിക്കുന്ന ഒമാൻ ബൊട്ടാണിക്കൽ ഗാർഡൻ ഉടൻ പൂർത്തിയാകും. 4.2 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന ഈ ഗാർഡൻ ലോകത്തിലെ ഏറ്റവും വലിയ ബൊട്ടാണിക്കൽ ഗാർഡൻ എന്ന നേട്ടം കൈവരിക്കും. 1407 ഇനം പ്രാദേശിക ചെടികൾ ഇവിടെ സംരക്ഷിക്കപ്പെടും.
പരമ്പരാഗത ഒമാനി ചെടികളും രാജ്യത്തിന്‍റെ സസ്യ വൈവിധ്യവും കാർഷിക പൈതൃകവും പ്രദർശിപ്പിക്കുന്നതാണ് ഈ പദ്ധതി. സന്ദർശക കേന്ദ്രം, ഹരിത പർവത പരിസ്ഥിതി വിഭാഗം, ദോഫാർ പർവത പരിസ്ഥിതി വിഭാഗം, വിവിധ ഗവർണറേറ്റുകളിലെ ഒമാനി താഴ്‌വാരങ്ങളുടെ പരിസ്ഥിതി വിഭാഗം, മരുഭൂമി വിഭാഗം, ഉപ്പുതടാക പരിസ്ഥിതി വിഭാഗം (സബ്ഖ), കുട്ടികളുടെ ഗെയിം വിഭാഗം, കാർഷിക നഴ്‌സറി വിഭാഗം, ലബോറട്ടറി, ഗവേഷകരുടെയും കുട്ടികളുടെയും വിഭാഗം തുടങ്ങിയവ ഇവിടെ ഒരുക്കും. രാജ്യാന്തര ഗവേഷകർക്കായി പാർപ്പിട കേന്ദ്രങ്ങളും സജ്ജമാക്കും.
നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലായതിനാൽ ഒമാൻ ബൊട്ടാണിക്കൽ ഗാർഡനിൽ വിവിധ നിക്ഷേപ അവസരങ്ങൾ പൈതൃക, ടൂറിസം മന്ത്രാലയം പ്രഖ്യാപിച്ചു. ഹജർ മൗണ്ടെയ്ൻസ് ബയോം റസ്റ്ററന്‍റ്, കഫേ, ഡെസേർട്ട് പവിലിയൻ കഫേ എന്നിവ സ്ഥാപിക്കുന്നതിനായി സംരംഭകരെ ക്ഷണിച്ചിട്ടുണ്ട്.
ഈ വർഷത്തെ പൊതു ബജറ്റിൽ പദ്ധതി പൂർത്തീകരിക്കുന്നതിനുള്ള തുക വകയിരുത്തിയിട്ടുണ്ട്.