മഴ മുന്നൊരുക്കം പൂർണം; പുതിയ ഡ്രെയിനേജ് ശൃംഖലയൊരുക്കി അബുദാബി
Mail This Article
അബുദാബി ∙ മഴക്കാലത്തെ വെള്ളക്കെട്ട് നേരിടാൻ മുൻകരുതൽ പൂർത്തിയാക്കി അബുദാബി. മഴവെള്ളം ഒഴിവാക്കുന്നതിനുള്ള പൈപ്പുകളുടെയും സ്റ്റേഷനുകളുടെയും അറ്റകുറ്റപ്പണികൾ പൂർത്തിയായതായി നഗരസഭ അറിയിച്ചു.
മഴവെള്ളം ഒഴുകി പോകാൻ പുതിയതായി ഡ്രെയിനേജ് ശൃംഖല നിർമിച്ചു. ആധുനിക മാനദണ്ഡങ്ങൾ പാലിച്ചാണ് അഴുക്കുചാലിന്റെ രൂപകൽപ്പനയും നിർമാണവും. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ 3093 കിലോമീറ്റർ മഴവെള്ള ഡ്രെയിനേജ് ജോലികൾ നഗരസഭ പൂർത്തിയാക്കി. 53 ,930 ഡ്രെയിനേജ് ഹോളുകളും 92 മറൈൻ ഔട്ഫോളുകളും നിർമിച്ചതോടൊപ്പം വെള്ളം ഒഴുകിപ്പോകാനുള്ള 127 സ്റ്റേഷനുകളുടെ അറ്റകുറ്റപ്പണികളും പൂർത്തിയാക്കി.
മഴ പെയ്താൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ട് ഗതാഗതം തടസ്സപ്പെടുന്നതടക്കം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നഗരത്തിലും പരിസര പ്രദേശങ്ങളിലും നിർമാണ ജോലികൾ അടിയന്തരമായി പൂർത്തിയാക്കിയത്. മഴ പെയ്താലുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ നഗരസഭാ ഉദ്യോഗസ്ഥർ ഫീൽഡ് സന്ദർശനങ്ങൾ നടത്തുന്നുണ്ട്. 24 മണിക്കൂറും പരാതികൾ സ്വീകരിക്കുന്നതിനുള്ള സംവിധാനവുമുണ്ട്.