'ബിടിഎസ് ' പാട്ടുകൾ അവരേക്കാൾ നന്നായി പാടുന്ന മലയാളികൾ; 'പൂക്കി'കളുടെ ലോകത്ത് കാലിടറാതിരിക്കാൻ അപ്ഡേറ്റ് ആകണം, നമ്മളും
Mail This Article
മുതിർന്ന തലമുറയ്ക്ക് സാങ്കേതിക വിദ്യയുടെ പുത്തൻ തലങ്ങൾ പഠിപ്പിച്ചു കൊടുക്കുന്നത് മുട്ടിലിഴയുന്ന തലമുറയാണ്. കീ പാഡുകൾ അന്യമായ ഇന്നത്തെ കാലത്ത്, ടച്ച് സ്ക്രീൻ സാങ്കേതികത പിറന്നു വീഴുന്ന കുഞ്ഞിന് ജന്മനാ ലഭിക്കുന്നു. അവന്റെ മുന്നിൽ കാണുന്ന സ്ക്രീനിലേക്ക് അവൻ വിരലുകളുമായി അടുക്കുന്നത് അതിനെ തോണ്ടി നീക്കാനാണ്. പുതുപുത്തൻ സാങ്കേതികതയുടെ അറിവിൽ പുതിയ തലമുറയോടു പിടിച്ചു നിൽക്കാനുള്ള കഠിന പരിശ്രമത്തിലാണ് മുതിർന്നവർ.
പറഞ്ഞു വരുന്നത്, തലമുറ മാറ്റത്തിന്റെ പിന്നാമ്പുറത്ത് നടക്കുന്ന വിജ്ഞാന വിസ്ഫോടനങ്ങളെക്കുറിച്ചാണ്. പാഠപുസ്തകത്തിലും പരീക്ഷാ പേപ്പറിലും പഴയ കളർ ടെലിവിഷന്റെ പടം കണ്ട കുട്ടി, അതിനു നേരെ മൈക്രോവേവ് അവൻ എന്നെഴുതിയാൽ അവനെ എങ്ങനെ കുറ്റപ്പെടുത്താനാകും? അങ്ങനൊരു രൂപത്തിൽ അവന്റെ ജീവിതത്തിൽ ഒരു ടിവി അവൻ കണ്ടിട്ടുണ്ടാകില്ല. ഇങ്ങനെയായിരുന്നു ടിവി എന്നു പറഞ്ഞാൽ, അവൻ എങ്ങനെ ഉൾക്കൊള്ളും?
ഒരു കഥ പറഞ്ഞു കൊടുക്കുന്നതിനിടെ, ആ കഥയിലെ വീട്ടിലേക്ക് ഒരു കത്തു വന്ന കാര്യം പറയേണ്ടി വന്നു. അതിലെ വിശേഷങ്ങൾ അവർ പങ്കുവച്ചു എന്നു പറഞ്ഞപ്പോൾ, 6 വയസ്സുകാരന്റെ നിഷ്കളങ്ക ചോദ്യം. എന്താണ് കത്ത്? കത്തെന്നു വച്ചാൽ ലെറ്റർ, അവനു മറുപടി നൽകി. എ, ബി, സി, ഡി അല്ലേ ലെറ്റർ? അവന്റെ മറുചോദ്യം. ശരിയാണ്, അവനെ സംബന്ധിച്ചു കത്ത് അവരുടെ ജീവിതത്തിന്റെ ഭാഗമേയല്ല, ലെറ്റർ എന്നാൽ, അൽഫബെറ്റാണ്.
ഇപ്പോഴത്തെ തലമുറ അവരുടെ ജീവിതത്തിൽ അനിവാര്യമെന്നോ, അത്യന്താപേക്ഷിതമെന്നോ കരുതിയതൊന്നും പുതിയ ജെൻസി – ആൽഫ തലമുറയുടെ പരിഗണനിയിലേ ഇല്ല. ഒരു കാലത്ത്, പ്രവാസ ലോകത്ത് നിന്ന് അച്ഛന്റെ അല്ലെങ്കിൽ അമ്മയുടെ വിളി വരാൻ വെള്ളിയാഴ്ചകളിൽ ലാൻഡ് ഫോൺ ഉള്ള അടുത്ത വീട്ടിൽ പോയി കാത്തിരുന്നു എന്നു പറഞ്ഞാൽ, ആൽഫ തലമുറയുടെ ആദ്യ ചോദ്യം, എന്തു കൊണ്ടു വെള്ളിയാഴ്ച, മറ്റു ദിവസങ്ങളിൽ വിളിച്ചുകൂടായിരുന്നോ? അവരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും അങ്ങനൊരു കാലത്തെക്കുറിച്ച്?
ഹേ ബ്രോസ് കി, സ്കിബിഡി, പൂക്കി എന്നൊക്കെ അവർ പറയുമ്പോൾ, കാര്യമായിട്ടെന്തോ പറയുന്നു എന്നല്ലാതെ എന്താണ് അതിന്റെ അർഥമെന്നു പോലും തലമൂത്ത തലമുറയ്ക്ക് അറിയില്ല. ഒരുമിച്ചു ജീവിച്ചിട്ടും പിള്ളേരു പറയുന്നതിന്റെ അർഥം പോലും മനസിലാകുന്നില്ലല്ലോ എന്ന അന്ധാളിപ്പും അങ്കലാപ്പുമുണ്ട് മനസ്സിൽ. വിദ്യാഭ്യാസം ഇന്ന് അതിന്റെ പരമ്പരാഗത ചട്ടക്കൂടിനു പുറത്തു വരേണ്ടിയിരിക്കുന്നു. പുതിയ പിള്ളേരുടെ ഭാഷയും ചിന്തകളും പഠിച്ചെടുക്കേണ്ട സിലബസ് മുതിർന്ന തലമുറയ്ക്കും, അറിവിനെ വേർതിരിച്ചെടുത്ത് ആവശ്യാനുസരണം ഉപയോഗിക്കേണ്ടതിന്റെ സിലബസ് പുതിയ തലമുറയ്ക്കും അനിവാര്യമായിരിക്കുന്നു.
കണ്ടും കേട്ടും പഠിക്കാം
വിഷയങ്ങളെ ഇങ്ങനെ ബോറിങ്ങായി പഠിക്കുന്ന കാലമൊക്കെ പോയില്ലേ? ഇങ്ങനെയാണ് പഠിക്കേണ്ടത്, ഇതാണ് പഠിക്കേണ്ടത് എന്നു പറയുമ്പോൾ, ആ വിഷയത്തിൽ ആ മേഖലയിൽ വന്നിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാമെന്നു ചിന്തിക്കുകയും അറിയുകയും വേണ്ടേ? ചരിത്രത്തെ വിരസമായ ലേഖനങ്ങളിൽ നിന്നു പഠിക്കുന്നതിനു പകരം, കഥകളിലൂടെയോ യാത്രകളിലൂടെയോ പഠിപ്പിക്കാവുന്നതല്ലേ? കണക്കിനെ വില്ലനാക്കിയത്, അതിന്റെ ഫോർമുലകളോ ഭൂഗോളത്തിന്റെ സ്പന്ദനങ്ങളോ അല്ല, അതവർക്കു പകർന്നു കിട്ടിയ ഉറവിടത്തിന്റെ പ്രശ്നമാകാം. ബിടിഎസിന്റെ പാട്ടുകൾ അവരേക്കാൾ നന്നായി പാടുന്ന മലയാളി കുട്ടികൾ, ജീവിതത്തിൽ ഒരിക്കൽ പോലും കൊറിയ കണ്ടവരോ അറിഞ്ഞവരോ അല്ല.
ഇനി മെറ്റാ കാലം
ഇനി വരാൻ പോകുന്നത്, മെറ്റാ തലമുറയാണ്. അതിലെ ആദ്യ സംഘാംഗങ്ങൾ പിറന്നു വീണു കഴിഞ്ഞു. അവരുടെ മുന്നിൽ, പട്ടിണിയോ, പരിവട്ടമോ ഇല്ല. ചെരുപ്പിടാതെ, ഹുക്ക് പൊട്ടിയ നിക്കറിട്ട്, തോടും പുഴയും മലയും കടന്നു പോയി പഠിക്കേണ്ട ഗതികേടില്ല. കറന്റു പോകില്ല. ലാൻഡ് ഫോണില്ല, റേഡിയോ ഇല്ല, കത്തുകൾ ഇല്ല, ടെലിഗ്രാമോ, തണ്ണീർ പന്തലുകളോ ഇല്ല.
ഓലമേഞ്ഞ സിനിമാ തിയറ്ററോ, ഉരുട്ടി നടക്കുന്ന ടയറുകളോ ഇല്ല. ആധുനിക സാങ്കേതികത്തികവിന്റെ ഒത്ത നടുവിലാണ് അവരുടെ പിറവി. അവരുടെ വളർച്ചയിൽ, ലോകം കരുതിവച്ചിരിക്കുന്ന വിസ്മയങ്ങൾക്കൊപ്പം അവർ നീങ്ങും. അവിടെ കാലിടറാതിരിക്കാൻ നമുക്കും അപ്ഡേറ്റ് ആകാം.