കുവൈത്തിൽ പൂരം ഗഡീസ് വർക്കൗട്ട് വാരിയേഴ്‌സ് ഫൺ റൺ സംഘടിപ്പിച്ചു
Mail This Article
കുവൈത്ത് സിറ്റി∙ കുവൈത്തിലെ ഒരു കൂട്ടായ്‌മയാണ് 'പൂരം ഗഡീസ് വർക്കൗട്ട് വാരിയേഴ്‌സ്'. വ്യായാമങ്ങളിലൂടെ ശാരീരിക ക്ഷമത ഉറപ്പുവരുത്തി, ജീവിത ശൈലി രോഗങ്ങളിൽ നിന്ന് മുക്തി നേടുക എന്നതാണ് 2021ൽ പ്രവർത്തനം ആരംഭിച്ച ഈ സംഘടനയുടെ ലക്ഷ്യം. ആരോഗ്യമുള്ള ഒരു സമൂഹം എന്ന ആശയത്തിൽ പൂരം ഗഡീസ് എന്ന ചെറിയൊരു സൗഹൃദ കൂട്ടായ്‌മയിൽ നിന്നാണ് രൂപം കൊണ്ടത്. കോവിഡ് കാലത്ത് 16 പേരുമായി ജോയ് തോലത്തിന്‍റെ നേതൃത്വത്തിലാണ് സംഘടന തുടക്കം കുറിച്ചത്. അരമണിക്കൂർ വർക്കൗട്ട്, പിന്നീട് നടത്തം എന്നിവയായിരുന്നു ആദ്യ പരിപാടികൾ.
പത്ത് ദിവസത്തെ ചലഞ്ചായിരുന്നു ആദ്യം. അത് വിജയകരമായതോടെ, രണ്ടാം ഘട്ടത്തിൽ നാട്ടിലുള്ള ഫിറ്റ്‌നസ് മെസഞ്ചർ ജോബി മൈക്കിളിന്‍റെ സഹായം തേടി. തുടർന്ന്, 90 ദിവസത്തെ ഓൺലൈൻ ക്ലാസുകൾ ഏറ്റെടുത്ത് ചലഞ്ച് പൂർത്തിയാക്കി. പിന്നീട്, വർക്കൗട്ട് സെക്ഷൻ സജീവമാക്കി. കേട്ടറിഞ്ഞ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അംഗങ്ങൾ കൂടിയതോടെ പല ഗ്രൂപ്പുകളായി തിരിഞ്ഞു. എല്ലാവർക്കും ചെയ്യാൻ കഴിയും വിധം സ്റ്റെപ്‌സ് ചലഞ്ചും കൂടെ 30 മിനിറ്റ് വർക്കൗട്ടും എന്ന രീതിയിലാക്കി.
ഓരോ മാസവും പത്ത് പേരെ വീതം പുതിയ ഗ്രൂപ്പുകളായി തിരിച്ചാണ് പ്രവർത്തനം. നാലാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ 100ൽ പരം അംഗങ്ങളുണ്ട്. അരമണിക്കൂർ വർക്കൗട്ട്, പിന്നെ 10000 മുതൽ 20000 വരെ സ്റ്റെപ്‌സ് ഉൾപ്പെടുത്തുന്നതാണ് ഈ വർഷത്തെ ചലഞ്ച്. വ്യായാമം ജീവിതത്തിന്‍റെ ഭാഗമാക്കി മറ്റുള്ളവരിലേക്ക് അതിന്‍റെ ഗുണങ്ങൾ എത്തിക്കാനും അംഗങ്ങൾ ശ്രമിക്കുന്നു.
നാലാം വർഷത്തിലേക്ക് കടക്കുന്നതിന്‍റെ ഭാഗമായി പൂരം ഗഡീസ് വർക്കൗട്ട് വാരിയേഴ്‌സ് അഞ്ച് കിലോമീറ്റർ ഫൺ റൺ & വാക്ക് സംഘടിപ്പിച്ചു. കുവൈത്ത് മിഷ്രിഫ് ഓയാസിസ് ട്രാക്കിൽ ജോയ് തോലത്തിന്‍റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഫെമിജ് പുത്തൂർ പങ്കെടുത്തവരെ സ്വാഗതം ചെയ്തു. നാട്ടിൽ നിന്നെത്തിയ ഫിറ്റ്‌നസ് മെസഞ്ചർ ജോബി മൈക്കിൾ വിശിഷ്ടാതിഥിയായിരുന്നു. ആരോഗ്യക്ഷമതയുടെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം വിവരിച്ചു. തുടർന്ന് ഫൺ റൺ ഫ്ലാഗ് ഓഫ് ചെയ്തു. പങ്കെടുത്ത എല്ലാവർക്കും ജഴ്‌സിയും മെഡലുകളും വിതരണം ചെയ്തു. പ്രീത മണികണ്ഠൻ നന്ദി രേഖപ്പെടുത്തി.