പ്രവാസി ഭാരതീയ ദിവസ് സമ്മേളനം: വിമാനനിരക്കിന് പരിധി നിശ്ചയിക്കണം; വിമാനത്താവളങ്ങളിലെ ഭക്ഷണത്തിനും
Mail This Article
ദുബായ് ∙ പ്രവാസികളുടെ യാത്രാപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നു വിവിധ സംഘടനാ പ്രതിനിധികൾ പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിൽ ആവശ്യപ്പെട്ടു. വർധിച്ചു വരുന്ന വിമാന നിരക്ക് സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതല്ല. ഇത് നേരിടാൻ ബജറ്റ് സർവീസുകൾ അടക്കം ആരംഭിച്ചിട്ടും സീസൺ സമയത്ത് മറ്റൊരു സെക്ടറിലും ഇല്ലാത്ത നിരക്ക് നൽകിയാണ് പ്രവാസികൾ സഞ്ചരിക്കുന്നത്.
യാത്രക്കൂലിക്ക് പരിധി നിശ്ചയിക്കണമെന്ന് ഷാർജയിൽ നിന്നുള്ള പ്രതിനിധികൾ പ്രധാനമന്ത്രിക്കും വിദേശകാര്യ - പ്രവാസി കാര്യം മന്ത്രിക്കും, നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. കൃത്രിമ തിരക്കും ചൂഷണവും നിയന്ത്രിക്കുവാൻ ഇത് സഹായിക്കുമെന്നും അവർ പറഞ്ഞു. എയർപോർട്ടിൽ ഭക്ഷ്യസാധനങ്ങൾക്കും കുടിവെള്ളത്തിനും വലിയ തുക ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ഭക്ഷണ സാധനങ്ങളുടെ വിലയ്ക്കും പരിധി നിശ്ചയിക്കണം. കണ്ണൂർ വിമാനത്താവളം സംബന്ധിച്ച് നിലനിൽക്കുന്ന ആശയക്കുഴപ്പം നീക്കണം.
പോയിന്റ് ഓഫ് കോൾ ലഭിക്കാത്തതിനെത്തുടർന്ന് പല വിമാനങ്ങളും കണ്ണൂർ എയർപോർട്ടിൽ നിന്നു സർവീസ് നടത്തുന്നില്ല. ഏറ്റവും അധികം പ്രവാസികളുള്ള ജില്ലയാണ് കണ്ണൂർ. ഇതുകൂടി പരിഗണിച്ച് വിമാനത്താവളം പൂർണ പ്രവർത്തനക്ഷമമാക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി ജെ. ജയ്ശങ്കറുമായും കേന്ദ്ര കാബിനറ്റ് മന്ത്രി ജുവൽ ഓറവുമായും സംഘടനാ നേതാക്കൾ സംസാരിച്ചു.