യുഎഇ കമ്പനിയുടെ ഉണക്കിയ ബീഫിനെതിരെ സൗദി ഭഷ്യ അതോറിറ്റിയുടെ മുന്നറിയിപ്പ്

Mail This Article
ജിദ്ദ ∙ യുഎഇ കമ്പനി പുറത്തിറക്കിയ ഉണക്കിയ ബീഫിനെതിരെ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ മുന്നറിയിപ്പ്. ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഹാനികരമായ ബാക്ടീരിയയുടെ അംശങ്ങൾ ബീഫിലുണ്ടെന്ന് കണ്ടെത്തിയതായി സൗദി ഫുഡ് ആൻഡ് ഡ്രഗ്സ് അതോറിറ്റി വ്യക്തമാക്കി. കണ്‍ട്രി ബച്ചര്‍ ബോയ് എന്ന ട്രേഡ് മാര്‍ക്കില്‍ യുഎഇ കമ്പനി പുറത്തിറക്കിയ, 2025 മാര്‍ച്ച് ഒന്നു വരെ കാലാവധിയുള്ള, 250 ഗ്രാം തൂക്കമുള്ള ബീഫ് പെപ്പറോനി ഉല്‍പന്നത്തിനെതിരെയാണ് മുന്നറിയിപ്പ്.
ലിസ്റ്റീരിയ മോണോസൈറ്റോജെന്‍സ് ബാക്ടീരിയ അടങ്ങിയിട്ടുണ്ടെന്നാണ് സൗദി നടത്തിയ പരിശോധനയിൽ തെളിഞ്ഞത്. ഈ ഉല്‍പന്നം ഒഴിവാക്കണമെന്ന് വ്യക്തമാക്കിയ ആരോഗ്യവകുപ്പ്, പ്രാദേശിക വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അറിയിച്ചു. ഇറക്കുമതി ചെയ്ത കമ്പനിക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കും. ആരോഗ്യത്തെ ബാധിക്കുന്ന നിയമ ലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.