അബ്ദുൽ റഹ്മാൻ അൽ ഖറാദാവി യുഎഇ കസ്റ്റഡിയിൽ; ഈജിപ്ഷ്യൻ ഭരണകൂടത്തിന്റെ കടുത്ത വിമർശകൻ
Mail This Article
ദുബായ് ∙ ഈജിപ്ത് സർക്കാരിന്റെ പ്രധാന വിമർശകൻ അബ്ദുൽ റഹ്മാൻ അൽ ഖറാദാവിയെ യുഎഇ കസ്റ്റഡിയിൽ എടുത്തു. ലബനനിലായിരുന്നു അൽ ഖറാദാവിയെ യുഎഇയുടെ അഭ്യർഥന പ്രകാരം പ്രൊവിഷനൽ അറസ്റ്റ് ചെയ്തു കൈമാറുകയായിരുന്നു.
സമൂഹത്തിൽ സംഘർഷത്തിനു ശ്രമിച്ചതും പൊതുസുരക്ഷ അപകടത്തിലാക്കി എന്നതുമാണ് അൽ ഖറാദാവിക്കെതിരായ കുറ്റം. അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗൺസിലിന്റെ ജനറൽ സെക്രട്ടേറിയറ്റും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. രാജ്യ സുരക്ഷയ്ക്കു ഭീഷണിയുയർത്തുന്ന ആരെയും വെറുതെ വിടില്ലെന്ന് യുഎഇ വ്യക്തമാക്കി.
രാജ്യസുരക്ഷ, സുസ്ഥിരത എന്നിവയ്ക്കു നേരെ ഉയരുന്ന ഭീഷണികളെ നിയമപരമായി നേരിടും. അത്തരം വ്യക്തികൾ, പ്രസ്ഥാനങ്ങൾ എന്നിവയ്ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും യുഎഇ വ്യക്തമാക്കി. സുന്നി പണ്ഡിതനും മുസ്‌ലിം ബ്രദർഹുഡിന്റെ ആത്മീയ നേതാവുമായിരുന്ന യൂസഫ് അൽ ഖറാദാവിയുടെ മകനാണ് അബ്ദുൽ റഹ്മാൻ.
അബ്ദുൽ റഹ്മാന്റെ പിതാവ് യൂസഫിനെ പലപ്പോഴായി ഈജിപ്ത് ജയിലിൽ അടച്ചിരുന്നു. 2022ൽ ഖത്തറിലാണ് യൂസഫ് മരിച്ചത്. ഈജിപ്തിൽ ഹോസ്നി മുബാറക്കിനെതിരെ പ്രക്ഷോഭകാരികളെ സംഘടിപ്പിച്ചത് അബ്ദുൽ റഹ്മാനായിരുന്നു. 2011ൽ അറബ് പ്രക്ഷോഭത്തിൽ ഹോസ്നി മുബാറക്കിനെ അട്ടിമറിക്കുന്നതിൽ നേതൃത്വം നൽകി. പിന്നീട്, അധികാരത്തിൽ വന്ന അബ്ദേൽ ഫത്ത അൽ സിസിയുടെ കടുത്ത വിമർശകനായി തുടരവേയാണ് അറസ്റ്റ്.