പച്ചക്കറി ഉൽപാദനത്തിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് ഖത്തർ

Mail This Article
ദോഹ∙ പ്രാദേശിക പച്ചക്കറി ഉൽപാദനത്തിൽ മുന്നേറ്റം ലക്ഷ്യമിട്ട് ഖത്തർ. 2030 ഓടെ പച്ചക്കറി ഉൽപാദനത്തിൽ 55 ശതമാനം സ്വയംപര്യാപ്തത കൈവരിക്കുകയാണ് ദേശീയ ഭക്ഷ്യസുരക്ഷാ നയം 2030 ലക്ഷ്യമിടുന്നത്. കാർഷിക ഭൂമികളുടെ ഉൽപാദനക്ഷമത 50 ശതമാനം വർധിപ്പിക്കാനും വിഷൻ 2030 ലക്ഷ്യം വെക്കുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഭക്ഷ്യ ഉൽപാദനത്തിൽ ഖത്തർ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. രാജ്യത്തുടനീളം 950ലധികം കാർഷിക ഉൽപാദന ഫാമുകൾ പ്രവർത്തിക്കുന്നു. ജൈവ ഉൽപന്നങ്ങൾ കൃഷി ചെയ്യുന്നതിനുള്ള ഭൂമി കഴിഞ്ഞ വർഷം 100 ശതമാനം വർധിച്ചു. 2024 ൽ 26 ദശലക്ഷം കിലോഗ്രാമിലധികം പ്രാദേശിക പച്ചക്കറികൾ മഹാസീൽ കമ്പനി വിപണനം ചെയ്തു.
മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ അഗ്രികൾച്ചറൽ അഫയേഴ്സ് ഡിപ്പാർട്ട്മെന്‍റ് പ്രാദേശിക ഫാമുകൾക്ക് ഉൽപന്നങ്ങൾ വർധിപ്പിക്കുന്നതിനും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും പിന്തുണ നൽകുന്നു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള സുപ്രധാന മേഖല എന്ന നിലയിൽ കാർഷിക മേഖല വികസിപ്പിക്കുന്നതിൽ ഖത്തർ ശ്രദ്ധ ചെലുത്തുന്നു.
ഭക്ഷ്യസുരക്ഷാ നയം 2018-2023 ഭാഗമായി രാജ്യത്തെ ഭക്ഷ്യസുരക്ഷാ സംവിധാനം വികസിപ്പിക്കുന്നതിന് പരിഗണന നൽകിയിരുന്നു. 2030 ഓടെ മാംസത്തിന്‍റെയും മത്സ്യത്തിന്‍റെയും പ്രാദേശിക ഉൽപ്പാദനം യഥാക്രമം 30 ശതമാനവും 80 ശതമാനവും ആക്കാനും ലക്ഷ്യമിടുന്നു. ഡയറി, ഫ്രഷ് ചിക്കൻ ഉൽപാദനത്തിൽ 100 ശതമാനം സ്വയംപര്യാപ്തത കൈവരിക്കാനും 2030 ഭക്ഷ്യ സുരക്ഷാ നയം ലക്ഷ്യം വയ്ക്കുന്നു.