മലയാളിക്ക് ആഘോഷമായ യാത്രയയപ്പ് നൽകിയ അർബാബും കുടുംബവും; ഉമ്മയ്ക്കായി പ്രവാസം അവസാനിപ്പിച്ച മകൻ

Mail This Article
ദുബായ് /ലക്കിടി ∙ ഹംസ, അബ്ബാസ് –വയനാടിന്‍റെ കുളിരിൽ രണ്ട് മുന്‍ പ്രവാസികൾ. ഇരുവരും വിളിപ്പാടകലെ വ്യത്യസ്ത മേഖലകളിൽ ജോലി ചെയ്യുന്നു. ഹംസ വയനാട് ലക്കിടിയിയലെ റിസോർട്ടിന്റെ സൂപ്പർവൈസർ. അബ്ബാസ് ഇവിടെ കവലയിലെ റസ്റ്ററന്റ് ജീവനക്കാരൻ. വർഷങ്ങളോളം ഗൾഫിലെ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്ത് തിരിച്ചുവന്ന് കഠിനാധ്വാനം ചെയ്ത് ജീവിതം പുലർത്തുന്ന ഇവരെ, ഇനി തങ്ങളെക്കൊണ്ട് ഒന്നിനുമാവില്ല എന്ന് പറഞ്ഞ് വീട്ടിൽ മടിപിടിച്ചിരിക്കുന്ന മുൻ പ്രവാസികള്‍ മാതൃകയാക്കേണ്ടതാണ്.
∙വയനാടൻ കാലാവസ്ഥ നുകർന്ന് ബുള്ളറ്റിൽ പറക്കുന്ന ഹംസ
ജാക്കറ്റുമണിഞ്ഞ് നിത്യവും കിലോമീറ്ററുകളോളം ബുള്ളറ്റിൽ സഞ്ചരിക്കുന്ന ഈ മുൻ പ്രവാസി ഇന്ന് നാട്ടുകാർക്കെല്ലാം സുപരിചിതനാണ്. കൽപറ്റ പിണങ്ങോട് സ്വദേശിയായ പി.പി. ഹംസയ്ക്ക് 24 വർഷത്തെ പ്രവാസജീവിത ചരിത്രമാണ് പറയാനുള്ളത്. ഇത്രയും കാലം മക്ക തായിഫ് റോഡിലെ സ്വദേശി പൗരന്‍റെ വീട്ടിൽ വീട്ടുഡ്രൈവറായിരുന്നു. കുട്ടികളെ സ്കൂളിലേക്കും കുടുംബത്തെ ഷോപ്പിങ്ങിനും മറ്റും കൊണ്ടുപോവുകയായിരുന്നു ജോലി. ഉന്നത സർക്കാർ ഉദ്യോഗസ്ഥനായ അർബാബ്(തൊഴിലുടമ) വളരെ നല്ല മനുഷ്യൻ.

കുടുംബത്തിലെ ഒരംഗത്തെപ്പോലെയായിരുന്നു ഹംസ ആ വലിയ വീട്ടിൽ. എല്ലാ സ്വാതന്ത്ര്യത്തോടെയും ജോലി ചെയ്തു. പ്രത്യേകിച്ച് അവധിയൊന്നുമില്ലെങ്കിലും എപ്പോഴും അവധിയെന്ന അവസ്ഥ. ആവശ്യമുള്ളപ്പോൾ മാത്രം വളയം പിടിച്ചാൽ മതി. അതിലുപരി, ഹംസയ്ക്ക് സ്വന്തം കാര്യത്തിന് സഞ്ചരിക്കാൻ അർബാബ് പ്രത്യേകമായി നൽകിയ കാർ കൂടിയുണ്ടായിരുന്നു. 1996 ൽ 30–ാം വയസ്സിലാണ് ഹംസ സൗദിയിലെത്തിയത്. സ്കൂൾ അവധിക്കാലത്ത് നാട്ടിലേക്ക് വരും. 2000 റിയാലായിരുന്നു ശമ്പളം. ഭക്ഷണവും താമസവും സൗജന്യം.

കോവിഡ് കാലത്ത് സ്കൂളുകളൊക്കെ അടയ്ക്കുകയും ജോലി ഇല്ലാതാവുകയും ചെയ്തു. ഇതോടെയാണ് പ്രവാസം അവസാനിപ്പിക്കാനുള്ള ചിന്ത മനസിലുടലെടുത്തത്. കൂടാതെ അർബാബിന്‍റെ മക്കളെല്ലാം ഡ്രൈവിങ് ലൈസൻസ് നേടി വാഹനം സ്വയം ഓടിക്കാമെന്ന നിലയിലാവുകയും ചെയ്തു. ഇതോടെ അർബാബിന്‍റെ സമ്മതത്തോടെ സൗദി വിട്ടു. യാത്രയയപ്പ് അർബാബും കുടുംബവും ആഘോഷമാക്കി ഞെട്ടിക്കുകയും ചെയ്തു.

സ്വന്തമായി വീടുണ്ട്. പെണ്‍മക്കളെ കെട്ടിച്ചയച്ചു. എങ്കിലും വന്നിട്ട് ഒരു വർഷത്തോളം വെറുതിയിരുന്നപ്പോഴാണ് അതിന്‍റെ വിരസത കലശലായത്. എന്തെങ്കിലും ജോലി ചെയ്യാതെ വയ്യെന്ന് ബോധ്യമായപ്പോൾ അന്വേഷണം ആരംഭിച്ചു. ലക്കിടിയിലെ ഒരു റിസോർട്ടിൽ ജോലി ലഭിച്ചു. ഇപ്പോൾ റിസോർട്ടിന്‍റെ വികസന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു. പ്രവാസ ജീവിതം എന്താണ് സമ്മാനിച്ചത് എന്ന ചോദ്യത്തിന് എല്ലാം നൽകിയത് ആ നാടായിരുന്നുവെന്നാണ് ഹംസയ്ക്ക് പറയാനുള്ളത്. പക്ഷേ, ഇനിയൊരു തിരിച്ചുപോക്കില്ല. വയനാടിന്‍റെ സൗന്ദര്യവും കാലാവസ്ഥയും നുകർന്ന് ബാക്കി കാലം ചെലവഴിക്കണം. ഫോൺ:+91 95448 65114.

∙ ഉമ്മയെ പരിചരിക്കാൻ പ്രവാസം ഉപേക്ഷിച്ച യുവാവ്
കർണാടക മൈസൂരിനടുത്തെ പാവൽ എച് ഡി കോട്ടയിൽ താമസിക്കുന്ന പാതി മലയാളിയായ യുവാവ്. പിതാവ് കൂത്തുപറമ്പുകാരനായിരുന്നു. മാതാവ് കർണാടകക്കാരിയും. 10 വർഷം മുന്‍പ് ബാപ്പ മരിച്ചതിനെ തുടർന്ന് കുടുംബം എച് ഡി കോട്ടയിൽ സ്ഥിരതാമമാക്കി. അഞ്ചാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസം നേടാൻ അവസരം ലഭിച്ചുള്ള അബ്ബാസ് 2001ലായിരുന്നു ദുബായിലെത്തിയത്. അവിടെ ഒരു റസ്റ്ററന്‍റിലായിരുന്നു ജോലി. പ്രതിമാസം 22,000 രൂപ ശമ്പളം. പിന്നീട് ഉമ്മ വീട്ടിൽ ഒറ്റയ്ക്കാകുന്ന സ്ഥിതിവിശേഷമുണ്ടായപ്പോൾ പ്രവാസം മതിയാക്കി മടങ്ങി. പക്ഷേ, ജീവിതം വഴിമുട്ടാതിരിക്കാൻ വീണ്ടും റസ്റ്ററന്‍റ് ജീവനക്കാരന്‍റെ റോൾ തന്നെ എടുത്തണിഞ്ഞു.

∙ നാടിന്റെ സുഖശീതളിമയിൽ ജോലി
ഗൾഫ് മടുത്തിരുന്നില്ലെങ്കിലും സാഹചര്യമാണ് അബ്ബാസിനെ തിരികെ വരാൻ പ്രേരിപ്പിച്ചത്. ഉമ്മയോളം വലുത് ലോകത്ത് വേറൊന്നുമില്ലെന്ന തിരിച്ചറിവിൽ, അവർക്ക് സുഖമില്ലാതായപ്പോൾ എല്ലാം ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. എന്നാൽ, ഇത് ഒരു തരത്തിലും ഈ യുവാവിന് നഷ്ടമായില്ല. കാരണം, നിലവിൽ 24,000 രൂപ മാസശമ്പളം ലഭിക്കും. മാത്രമല്ല, മാസം ചുരുങ്ങിയത് രണ്ട് തവണയെങ്കിലും ഉമ്മയെ സന്ദർശിക്കാൻ കഴിയുന്നു.

കൂടാതെ, എന്താവശ്യമുണ്ടെങ്കിലും എപ്പോൾ വേണമെങ്കിലും ഓടിച്ചെല്ലാം. ഭാര്യയും 3 മക്കളും കൂത്തുപറമ്പിൽ താമസിക്കുന്നു. എങ്കിലും പ്രവാസജീവിതം ഇടയ്ക്കിടെ തന്നെ പ്രലോഭിപ്പിക്കാറുണ്ടെന്ന് അബ്ബാസ് തുറന്നു സമ്മതിക്കുന്നു.