മഞ്ഞിൽ പുതഞ്ഞ് ബഹ്‌റൈനിലെ പ്രഭാതങ്ങൾ: കമ്പിളി വസ്ത്ര വിപണി സജീവം

Mail This Article
മനാമ ∙ ബഹ്‌റൈനിലെ പ്രഭാതങ്ങൾ പലയിടത്തും മഞ്ഞിൽ പുതയുന്നത് പതിവ് കാഴ്ചയാകുന്നു. രാവിലെ റോഡുകളിൽ ദൂരക്കാഴ്ച കുറവായതിനാൽ വാഹനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കഴിഞ്ഞ ദിവസം വിദ്യാർഥികളെ കൊണ്ടുപോകുന്ന വാഹനങ്ങൾ പലതും കാഴ്ച മങ്ങിയത് കാരണം വഴിയിൽ നിർത്തിയിടേണ്ടി വന്നു. രാവിലെ ആറ് മണി മുതൽ ബസ് കാത്തുനിൽക്കുന്ന വിദ്യാർഥികളെയും ശൈത്യം സാരമായി ബാധിക്കുന്നുണ്ട്. വെളിച്ചക്കുറവ് കാരണം പല ബസ് സ്റ്റോപ്പുകളിലും രക്ഷിതാക്കൾ ബസ് വരുന്നതുവരെ കാത്തുനിൽക്കേണ്ടി വരുന്നു.
തണുത്ത കാറ്റ് പകൽസമയങ്ങളിലും വീശിയടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പല പ്രദേശങ്ങളിലും ചാറ്റൽ മഴ പെയ്തതോടെ തണുപ്പ് കൂടി. ശൈത്യം രൂക്ഷമായതോടെ കമ്പിളി വസ്ത്ര വിപണി സജീവമായിട്ടുണ്ട്. മനാമ സൂഖുകളിലും മറ്റു പ്രാദേശിക വ്യാപാര സ്ഥാപനങ്ങളിലും കമ്പിളി പുതപ്പും തണുപ്പ് പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളും വലിയ ഓഫറുകളോടെ വിൽപന നടക്കുന്നുണ്ട്. വാരാന്ത്യങ്ങളിൽ മരുഭൂമിയിലെ ക്യാംപിങ് കൂടാരങ്ങളിലേക്ക് ആളുകളുടെ ഒഴുക്കും തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിലും തണുപ്പ് തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.