ബഹ്‌റൈൻ ഫുട്‌ബോൾ ടീമിന് രണ്ട് ലക്ഷം ദിനാർ പാരിതോഷികം പ്രഖ്യാപിച്ച് കിരീടാവകാശി

Mail This Article
മനാമ ∙ അറേബ്യൻ ഗൾഫ് കപ്പ് രണ്ടാം തവണ നേടിയതിലൂടെ ചരിത്ര നേട്ടം കൈവരിച്ച ബഹ്‌റൈൻ ദേശീയ ഫുട്‌ബോൾ ടീമിന് രാജ്യത്തിന്‍റെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ രാജകുമാരൻ രണ്ട് ലക്ഷം ദിനാർ പാരിതോഷികം പ്രഖ്യാപിച്ചു. രാജ്യത്തിന് അഭിമാനം നേടിക്കൊടുത്തതിലൂടെ ഫുട്‌ബോൾ ടീമിന്‍റെ അർപ്പണബോധത്തിനും കഠിനാധ്വാനത്തിനുമുള്ള അംഗീകാരമായാണ് ഈ തുക പ്രഖ്യാപിച്ചിട്ടുള്ളത്.
ഫുട്‌ബോൾ വിജയം ആഘോഷിക്കുന്ന ബഹ്‌റൈൻ ടിവിയിലെ തത്സമയ സംപ്രേക്ഷണത്തിനിടെ, രാജാവിന്‍റെ വ്യക്തിഗത പ്രതിനിധിയും സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്‍റ് പ്രസിഡന്‍റുമായ ഷെയ്ഖ് അബ്ദുല്ല 100,000 ദിനാർ നേരത്തെ തന്നെ വാഗ്ദാനം ചെയ്തതായി മന്ത്രാലയം അറിയിച്ചു.
ഹ്യൂമാനിറ്റേറിയൻ വർക്ക് ആൻഡ് യൂത്ത് അഫയേഴ്‌സ് രാജാവിന്‍റെ പ്രതിനിധി ഷെയ്ഖ് നാസറും സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സിന്‍റെ ഫസ്റ്റ് ഡപ്യൂട്ടി ചെയർമാൻ ഷെയ്ഖ് ഖാലിദും ടീമിനെ പിന്തുണയ്ക്കാൻ 100,000 ദിനാർ വീതം നൽകിയിട്ടുണ്ട്.