ദുരിതകാലത്തിന് അറുതി; കുവൈത്തിൽ ശമ്പളവും ഭക്ഷണവുമില്ലാതെ ഫ്ലാറ്റിൽ പൂട്ടിയിട്ട 4 മലയാളി യുവതികൾ നാടണഞ്ഞു

Mail This Article
കുവൈത്ത് സിറ്റി ∙ വ്യാജ വാഗ്ദാനം നൽകി കുവൈത്തിൽ ശമ്പളവും ഭക്ഷണവും നൽകാതെ ഫ്ലാറ്റിൽ പൂട്ടിയിട്ട 4 മലയാളി യുവതികളും നാട്ടിൽ തിരിച്ചെത്തി. കൊട്ടാരക്കര പുത്തൂർ സ്വദേശി ദീപ അജികുമാർ, തൃശൂർ പെരുമ്പിലാവ് സ്വദേശി നളിനി, വൈക്കം സ്വദേശി ലേഖ ബിനോയ്, കൊല്ലം ഓയൂർ കാറ്റാടി സ്വദേശി ഇന്ദുമോൾ എന്നിവരാണ് തിരിച്ചെത്തിയത്. റിക്രൂട്ടിങ് ഏജന്റ് മർദിച്ചതിനാൽ ദീപ അവശനിലയിലാണ്.
നാലു മാസത്തെ ശമ്പള കുടിശിക നൽകാതെ, രഹസ്യമായി നാട്ടിലേക്ക് അയയ്ക്കുകയായിരുന്നു. ശാരീരിക, മാനസിക പീഡനത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റിക്രൂട്ടിങ് ഏജന്റുമാർക്കും ഇടനിലക്കാർക്കുമെതിരെ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും നോർക്കയ്ക്കും പരാതി നൽകുമെന്ന് ദീപയും ഇന്ദുമോളും പറഞ്ഞു.
മോശം തൊഴിൽ സാഹചര്യത്തെക്കുറിച്ചു പരാതി പറഞ്ഞപ്പോൾ നാട്ടിലേക്കു തിരിച്ചുപോകാൻ 2 ലക്ഷം രൂപയാണ് ഏജന്റ് ആവശ്യപ്പെട്ടത്. സ്വന്തം തീരുമാനമനുസരിച്ചാണു പോകുന്നതെന്നും ശമ്പള കുടിശ്ശികയോ പരാതിയോ ഇല്ലെന്ന് എഴുതിവാങ്ങുകയും ചെയ്തിരുന്നു. ശുചീകരണ ജോലി വാഗ്ദാനം ചെയ്താണ് ഏജന്റുമാർ യുവതികളെ കുവൈത്തിൽ എത്തിച്ചത്.
∙ ദീപയ്ക്ക് നിയമപരിരക്ഷ ഉറപ്പാക്കുമെന്ന് നോർക്ക റൂട്സ്
അബുദാബി/കുവൈത്ത് സിറ്റി ∙ ദീപയ്ക്ക് നിയമപരമായ പിന്തുണ നൽകുമെന്നും ശമ്പള കുടിശിക വീണ്ടെടുക്കാൻ ഇന്ത്യൻ എംബസി മുഖേന ശ്രമിക്കുമെന്നും നോർക്ക റൂട്സ് സിഇഒ അജിത് കൊളശ്ശേരി പറഞ്ഞു. ദീപയുടെ രേഖാമൂലമുള്ള പരാതി ലഭിച്ചാലുടൻ സംസ്ഥാന സർക്കാർ മുഖേന കുവൈത്തിലെ ഇന്ത്യൻ എംബസിയെ അറിയിച്ച് നടപടികൾ സ്വീകരിക്കും. ഇതോടൊപ്പം കേന്ദ്ര സർക്കാരിന്റെ മദദ് പോർട്ടൽ, പ്രൊട്ടക്ടർ ജനറൽ ഓഫ് എമിഗ്രന്റ്സ് വഴി പരാതിപ്പെടാനും പിന്തുണ നൽകും.
പ്രവാസി ലീഗൽ സെല്ലിലെ നോർക്ക ലീഗൽ കൺസൽറ്റന്റുമായി കൂടിയാലോചിച്ച് നിയമപരിരക്ഷ ഉറപ്പാക്കും. വിമൻസ് സെൽ മുഖേനയും നടപടി സ്വീകരിക്കും. അനധികൃത റിക്രൂട്മെന്റ് നടത്തിയ ഏജന്റുമാരെയും നിയമത്തിനുമുന്നിൽ കൊണ്ടുവരും. പൊലീസിലെ എൻആർഐ സെൽ വഴി നിയമനടപടി ഊർജിതമാക്കും. കുവൈത്തിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ഇന്ത്യൻ എംബസി മുഖേന സഹായം ലഭ്യമാക്കുമെന്നും പറഞ്ഞു.

∙ വീട്ടുജോലി സർക്കാർ ഏജൻസി വഴി
ജിസിസി രാജ്യങ്ങളിലേക്ക് വീട്ടുജോലിക്കാരുടെ റിക്രൂട്മെന്റ് സർക്കാർ ഏജൻസികൾ വഴി മാത്രമേ പാടുള്ളൂ. ഇങ്ങനെ പോകുമ്പോൾ തൊഴിൽ സുരക്ഷയും ശമ്പളം കൃത്യമായി ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ സർക്കാർ സംവിധാനമുണ്ട്. റിക്രൂട്ടിങ് ലൈസൻസില്ലാത്തവർ മുഖേന വിദേശത്തേക്ക് പോകരുത്. വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ലഭിക്കുമ്പോൾ നോർക്ക വഴിയോ അതതു രാജ്യത്തെ ഇന്ത്യൻ എംബസി വഴിയോ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും അജിത് കൊളശ്ശേരി പറഞ്ഞു.