കുവൈത്തിൽ വാഹനാപകട മരണങ്ങൾ കുറയുന്നു; നിയമലംഘകരെ നാടുകടത്തി

Mail This Article
കുവൈത്ത് സിറ്റി ∙ 2024ൽ കുവൈത്തിൽ വാഹനാപകടങ്ങളിൽ മരിച്ചവരുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്. 284 പേരാണ് കഴിഞ്ഞ വർഷം റോഡപകടങ്ങളിൽ മരിച്ചത്. 2023ൽ ഇത് 296 ആയിരുന്നു. വാഹനങ്ങളുടെയും റോഡുകളുടെയും എണ്ണത്തിൽ വർധനവുണ്ടായിട്ടും അപകട മരണങ്ങളിൽ കുറവുണ്ടായത് ശ്രദ്ധേയമാണ്.
ഗുരുതര ഗതാഗത നിയമ ലംഘനങ്ങൾ നടത്തിയ 74 വിദേശികളെ കഴിഞ്ഞ വർഷം നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത ബോധവൽക്കരണ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അബ്ദുള്ള ബു ഹസ്സൻ വ്യക്തമാക്കി.
കഴിഞ്ഞ വർഷം 65,991 റോഡപകടങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. പ്രധാന നിയമലംഘനങ്ങൾ ഇവയാണ്:
∙റെഡ് സിഗ്നൽ മറികടന്നത്: 174,793
∙സീറ്റ് ബെൽറ്റ് ധരിക്കാത്തത്: 152,367
∙ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിച്ചത്: 79,519
∙ അമിത വേഗത: 1,926,320
8455 വാഹനങ്ങൾ പിടിച്ചെടുത്തു. ഗുരുതര നിയമലംഘനങ്ങൾ നടത്തിയ 3139 പേരെ കസ്റ്റഡിയിലെടുത്തു. ജനുവരി നാലു മുതൽ പത്ത് വരെയുള്ള ദിവസങ്ങളിൽ 40,423 നിയമലംഘനങ്ങൾ ഗതാഗത മന്ത്രാലയം രേഖപ്പെടുത്തി. 132 വാഹനങ്ങളും 89 ബൈക്കുകളും പിടിച്ചെടുത്തു. 1,264 അപകടങ്ങളാണ് ഈ കാലയളവിൽ റിപ്പോർട്ട് ചെയ്തത്.