മബേല ഇന്ത്യൻ സ്‌കൂളിൽ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

Mail This Article
മസ്‌കത്ത്∙ മബേല ഇന്ത്യൻ സ്‌കൂളിൽ നിർമിച്ച അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഇ-ബ്ലോക്ക് കെട്ടിടം പ്രൗഢമായ ചടങ്ങിൽ ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്യം വിദ്യാർഥികൾക്കായി സമർപ്പിച്ചു.
ഡയറക്ടർ ബോർഡ് വൈസ് ചെയർമാനും മബേല സ്‌കൂളിന്‍റെ ഡയറക്ടർ ഇൻ ചാർജുമായ സയ്യിദ് സൽമാൻ, ബോർഡ് ഗ്രീവൻസ് കമ്മിറ്റി ചെയർപേഴ്‌സണും മബേല സ്‌കൂളിന്‍റെ ഡയറക്ടർ ഇൻ ചാർജുമായ കൃഷ്‌ണേന്ദു എസ്, ബോർഡ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ഡോ. ഗോകുൽദാസ് വി കെ, സ്‌കൂൾ മാനേജ്‌മെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് ഷമീം ഹുസൈൻ, സ്‌കൂൾ മാനേജ്‌മെന്‍റ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, അസിസ്റ്റന്‍റ് വൈസ് പ്രിൻസിപ്പൽമാർ, അധ്യാപകർ, ഓഫിസ് ജീവനക്കാർ, വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ശിശുകേന്ദ്രീകൃതമായ പഠന സമീപനങ്ങളുടെ വിപുലമായ സൗകര്യങ്ങൾ സമന്വയിപ്പിച്ചു കൊണ്ടും പുതിയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായുള്ള ബാലവാടി ക്ലാസുകൾക്ക് അനുയോജ്യമായ പശ്ചാത്തലവും ഒരുക്കിയുമാണ് കെട്ടിടം രൂപകൽപന ചെയ്തിരിക്കുന്നത്. വിദ്യാർഥികളിൽ അക്കാദമികവും വൈകാരികവും സാമൂഹികവുമായ വികസനം പരിപോഷിപ്പിക്കുന്നതിനും വാഗ്ദാനപ്രദമായ ഭാവിക്കായി അവരെ സജ്ജമാക്കുന്നതിനുമുള്ള മബേല സ്‌കൂളിന്‍റെ മാതൃകാ പ്രവർത്തനത്തെ ചടങ്ങിൽ പങ്കെടുത്ത വിശിഷ്ട വ്യക്തികൾ പ്രശംസിച്ചു.
വിദ്യാർഥികളെ പ്രചോദിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി പുതിയ കെട്ടിടം ഉപയോഗപ്പെടുത്താൻ കഴിയട്ടെ എന്ന് ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്യം ഉദ്ഘാടന പ്രസംഗത്തിൽ ആശംസിച്ചു.