ജിസിസി രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധത്തിൽ വൻമുന്നേറ്റവുമായി ഖത്തർ

Mail This Article
ദോഹ ∙ 2024ൽ ജിസിസി രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധത്തിൽ വൻമുന്നേറ്റം നടത്തി ഖത്തർ. 63.75 ശതമാനം വർധനവാണ് ഉഭയകക്ഷി വ്യാപാരത്തിലുണ്ടായത്. നാഷനൽ പ്ലാനിങ് കൗൺസിൽ (എൻപിസി) പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം ജിസിസി രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധത്തിലും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അഞ്ച് രാജ്യങ്ങളുമായുള്ള ഖത്തറിന്റെ ഉഭയകക്ഷി വ്യാപാരം 2024ലെ ആദ്യ എട്ട് മാസങ്ങളിൽ 35.13 ബില്യൻ റിയാലായി.
ജിസിസി രാജ്യങ്ങളിൽ ഖത്തറിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായത് യുഎഇയാണ്. തുടർന്ന് കുവൈത്ത്, ഒമാൻ, സൗദി അറേബ്യ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളും. 2024-ലെ ആദ്യ എട്ട് മാസങ്ങളിൽ, യുഎഇയുമായുള്ള ഖത്തറിന്റെ ഉഭയകക്ഷി വ്യാപാരത്തിന്റെ അളവ് 18.9 ബില്യൻ റിയാലാണ്. മൊത്തം തുകയിൽ, ഖത്തർ 14.865 ബില്യൻ റിയാലിന്റെ ചരക്കുകളും സേവനങ്ങളും കയറ്റുമതി ചെയ്തു, യുഎഇയിൽ നിന്നുള്ള ഇറക്കുമതി 4.038 ബില്യൻ റിയാലാണ്. പ്രധാന കയറ്റുമതിയിൽ പെട്രോളിയം വാതകങ്ങളും മറ്റ് വാതക ഹൈഡ്രോകാർബണുകളും, അസൈക്ലിക് ഹൈഡ്രോകാർബണുകൾ എന്നിവ ഉൾപ്പെടുന്നു. ഈ കാലയളവിൽ യുഎഇയിൽ നിന്നുള്ള പ്രധാന ഇറക്കുമതി ചെമ്പ് കമ്പിയും സ്വർണവുമായിരുന്നു. 2024 ജനുവരി-ഓഗസ്റ്റ് കാലയളവിൽ 8.8 ബില്യൻ റിയാലിന്റെ പെട്രോളിയം വാതകങ്ങളും മറ്റ് വാതക ഹൈഡ്രോകാർബണുകളുമാണ് യുഎഇയിലേക്കുള്ള ഖത്തറിന്റെ ഏറ്റവും വലിയ കയറ്റുമതി. ഏറ്റവും വലിയ ഇറക്കുമതി വിഭാഗങ്ങൾ 1 ബില്യൻ റിയാലിൽ കൂടുതൽ ചെമ്പ് കമ്പിയും 640 മില്യൻ സ്വർണവുമാണ്.
കുവൈത്തുമായുള്ള ഉഭയകക്ഷി വ്യാപാരം ഇതേ കാലയളവിൽ 7.36 ബില്യൻ റിയാലയിരുന്നു. ഖത്തറിന്റെ കയറ്റുമതി 5.18 ബില്യൻ റിയാൽ ആണ്, കുവൈത്തിൽ നിന്നുള്ള ഇറക്കുമതി 2.184 ബില്യൻ റിയാലാണ്. ഖത്തർ 4.6 ബില്യൻ റിയാൽ വിലമതിക്കുന്ന പെട്രോളിയം വാതകങ്ങളും മറ്റ് വാതക ഹൈഡ്രോകാർബണുകളും കുവൈത്തിലേക്ക് കയറ്റുമതി ചെയ്തു, എട്ട് മാസത്തിനിടെ 1.7 ബില്യൻ റിയാൽ വിലമതിക്കുന്ന സാധനങ്ങൾ ഖത്തറിലേക്ക് ഇറക്കുമതി ചെയ്തു .
എട്ട് മാസത്തിനിടെ 4.8 ബില്യൻ റിയാലിന്റെ വ്യാപാരവുമായി ഒമാൻ ജിസിസി രാജ്യങ്ങളിക്കിടയിൽ മൂന്നാം സ്ഥാനത്താണ്. ഒമാനിലേക്കുള്ള ഖത്തരി കയറ്റുമതി 2.1 ബില്യൻ റിയാലിലും ഇറക്കുമതി 2.648 ബില്യൻ റിയാലിലും വ്യാപാരക്കമ്മി 476 മില്യൻ റിയാലുമാണ്. സൗദി അറേബ്യയുമായുള്ള വ്യാപാരം 3.3 ബില്യൻ റിയാലാണ്. ഇതിൽ 2.39 ബില്യൻ കയറ്റുമതിയും 910 മില്യൻ ഇറക്കുമതിയുമാണ്. സൗദി അറേബ്യയിലേക്കുള്ള ഏറ്റവും വലിയ കയറ്റുമതി വിഭാഗം 663.5 മില്യൻ റിയാൽ വിലമതിക്കുന്ന മോട്ടോർ കാറുകളും മറ്റ് മോട്ടോർ വാഹനങ്ങളുമാണ്. ബഹ്‌റൈനുമായുള്ള ഉഭയകക്ഷി വ്യാപാരം 744.2 മില്യൻ ആയിരുന്നു. ഇതിൽ 127.4 മില്യൻ കയറ്റുമതിയും 616.7 മില്യൻ ഇറക്കുമതിയുമാണ്.