ഷാർജയിലെ ഫാം ഹൗസുകളിൽ വിനോദ പരിപാടികൾ; വാടകയ്ക്ക് കൊടുക്കുന്നതിന് വിലക്കും മുന്നറിയിപ്പുമായി അധികൃതർ

Mail This Article
ഷാർജ ∙ ഷാർജയിൽ ഫാം ഹൗസുകൾ വാടകയ്ക്ക് കൊടുക്കുന്നത് നിയമവിരുദ്ധമാണെന്നും ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും ഷാർജ മുനിസിപ്പാലിറ്റി വ്യക്തമാക്കി. കൃഷിക്കും മൃഗങ്ങളെയും പക്ഷികളെയും വളർത്താനുമാണ് കൃഷിസ്ഥലങ്ങൾ അനുവദിക്കുന്നത്. ഫാം ഹൗസിൽ എന്തെങ്കിലും പരിപാടികൾ നടത്താൻ ഉടമയ്ക്കു മാത്രമേ അധികാരമുള്ളൂവെന്നും നഗരസഭ വ്യക്തമാക്കി.
ശൈത്യകാലങ്ങളിൽ ഫാം ഹൗസുകൾ വിനോദ പരിപാടികൾക്കു നൽകുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. ധനസമ്പാദനത്തിനായി ചില ഫാമുകളിൽ അനധികൃത നിർമാണം നടത്തി സന്ദർശകരെ ദിവസവാടക അടിസ്ഥാനത്തിൽ താമസിക്കാൻ അനുവദിക്കുന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
അനുമതിയില്ലാതെ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതും പണം വാങ്ങി ഫാമിലേക്കു സന്ദർശകരെ പ്രവേശിപ്പിക്കുന്നതും കടുത്ത നിയമലംഘനമാണെന്ന് നഗരസഭ വ്യക്തമാക്കുന്നു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും സ്വയംപര്യാപ്തത കൈവരിക്കാനുമായി സ്വദേശികൾക്ക് സർക്കാർ നൽകുന്നതാണ് കൃഷിസ്ഥലവും സാമ്പത്തിക സഹായവും.
മറ്റു ആവശ്യങ്ങൾക്ക് ഫാമുകൾ ഉപയോഗിക്കുന്നത് അയൽപക്കത്തെ ഫാം ഉടമകളുടെ സ്വകാര്യതയ്ക്കും ഭംഗം വരുത്തുമെന്ന് നഗരസഭ ചൂണ്ടിക്കാട്ടി. നിയമവിധേയമായ കൃഷി മാത്രമേ നടത്താവൂ എന്നും കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പു നൽകി.