600 കിലോമീറ്റർ, 7 എമിറേറ്റുകള്‍, നാല് ദിവസം; യുഎഇയില്‍ സൈക്കിള്‍ സവാരി നടത്തി അനീസ്

Mail This Article
യുഎഇയിലെ ഏഴ് എമിറേറ്റുകളില്‍ സൈക്കിളിലൊരു സഞ്ചാരം. കേള്‍ക്കാന്‍ രസമുണ്ടെങ്കിലും അതത്ര എളുപ്പമല്ല. നാല് ദിവസം കൊണ്ട് ഏഴ് എമിറേറ്റുകളിലെ ഫ്ലാഗ് പോയിന്റുകളിലേക്ക് സൈക്കിളില്‍ സവാരി നടത്തി എറണാകുളം പെരുമ്പാവൂർ സ്വദേശിയായ അനീസ് മുഹമ്മദ്. 600 കിലോമീറ്റർ സഞ്ചരിച്ചാണ് ദുബായില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്ന 30 കാരനായ അനീസ് നേട്ടം സ്വന്തമാക്കിയത്.
∙ യുഎഇ ദേശീയദിനത്തില്‍ സൈക്കിളിലൊരു സവാരി
8 വർഷം മുന്‍പാണ് യുഎഇയിലെത്തിയത്. 500 ഓളം സൈക്കിളിസ്റ്റുകള്‍ അംഗങ്ങളായ യുഎഇയിലെ കേരള റൈഡേഴ്സ് ക്ലബിലെ അംഗമാണ് അനീസ്. വാരാന്ത്യ ദിവസങ്ങളില്‍ ദുബായ് ഷാർജ എമിറേറ്റുകള്‍ക്കിടയില്‍ 100 കിലോമീറ്ററോളം സൈക്കിളില്‍ സഞ്ചരിക്കാറുണ്ട്. ആ അനുഭവസമ്പത്താണ് ഇത്തരത്തിലൊരു ഉദ്യമത്തിന് കരുത്തായത്. യുഎഇ ദേശീയ ദിനമായ ഡിസംബർ 1 നാണ് സൈക്കിള്‍ യാത്ര ആരംഭിച്ചത്. പുലർച്ചെ 3.30 ദുബായിലെ ജുമൈറ യൂണിയന്‍ ഫ്ലാഗ് ഹൗസില്‍ നിന്ന് തുടങ്ങിയ യാത്ര ഷാർജയിലെ ഫ്ലാഗ് ഹൗസും കടന്ന് അജ്മാനിലൂടെയും ഉമ്മുല്‍ ഖുവൈനിലൂടെയും സഞ്ചരിച്ച് റാസല്‍ഖൈമയിലെത്തി. 150 കിലോമീറ്റർ ദൂരമാണ് ആദ്യദിനം സഞ്ചരിച്ചത്.
∙ ഫ്ലാഗ് പോയിന്റുകളിലൂടെ യാത്ര
സൈക്കിള്‍ സവാരി നടത്തുന്ന മിക്കവരും ഏഴ് എമിറേറ്റുകളിലൂടെയും സഞ്ചരിച്ചിട്ടുണ്ടാകാം. എന്നാല്‍ ഏഴ് എമിറേറ്റുകളിലെ ഫ്ലാഗ് പോയിന്റുകളിലൂടെ സഞ്ചരിക്കുകയെന്നുളളത് ഒരു അനുഭവമാണ്. ഗ്രാമീണതയും നാഗരികതയുമെല്ലാം അനുഭവിച്ചറിയാന്‍ ഈ യാത്ര സഹായകരമായി, അനീസ് മുഹമ്മദ് പറയുന്നു. യുഎഇ എന്ന രാജ്യത്തിന് താന്‍ നല്കുന്ന ആദരവാണിത്, അനീസ് പറയുന്നു.

∙ കൂട്ടായത് കൂട്ടുകാർ
നാല് മാസം മുന്‍പാണ് അനീസ് സൈക്കിള്‍ വാങ്ങിയത്. ശാരീരിക ക്ഷമത നിലനിർത്താന്‍ ആഴ്ചയിലുളള പരീശീലനം മുടക്കാറില്ല. ഈന്തപ്പഴവും ഹോംമെയ്ഡ് എലെക്ട്രോലൈറ്റ് (വെളളത്തില്‍ നാരങ്ങയും ഉപ്പും ഇട്ട് തയ്യാറാക്കുന്ന മിശ്രിതം) ഉദ്യമത്തില്‍ ഒപ്പം കരുതിയത്. ആദ്യ ദിനം രാത്രി റാസല്‍ ഖൈമയില്‍ സുഹൃത്തിന്റെ വീട്ടിലാണ് താമസിച്ച് വിശ്രമിച്ചത്. ക്ഷീണമകറ്റി ഡിസംബർ 2 ന് വീണ്ടും യാത്ര തുടങ്ങി. ഫുജൈറയിലേക്കായിരുന്നു യാത്ര. റാസല്‍ ഖൈമയില്‍ പുലർച്ചെ 5 മണിക്ക് തുടങ്ങിയ യാത്ര 115 കിലോമീറ്റർ പിന്നിട്ട് ഫുജൈറയിലെത്തിയപ്പോള്‍ സമയം രാത്രി 9 മണി. ദുഷ്കരമായിരുന്നു മൂന്നാം ദിവസം ഫുജൈറയില്‍ നിന്നും അലൈനിലേക്കുളള 170 കിലോമീറ്റർ യാത്ര. രാവിലെ 7.30 ന് തുടങ്ങിയ യാത്ര രാത്രി 10.30നാണ് അവസാനിച്ചത്. അതായത് ഏകദേശം 15 മണിക്കൂറോളം റോഡില്‍ തന്നെയായിരുന്നുവെന്ന് ചുരുക്കം. നാലാം ദിവസമായിരുന്നു അലൈനില്‍ നിന്ന് അബുദാബി ഫ്ലാഗ് പോസ്റ്റിലേക്കുളള യാത്ര.
ഉച്ചയ്ക്ക് യാത്ര തുടങ്ങി പിറ്റേന്ന് പുലർച്ചെ മൂന്ന് മണിക്കാണ് യാത്രയുടെ അവസാന ലക്ഷ്യസ്ഥാനമായ അബുദാബി ഫ്ലാഗ് പോസ്റ്റിലെത്തിയത്. യാത്രകളില്‍ ഇടത്താവളങ്ങളൊരുക്കിയത് കൂട്ടുകാരാണ്.
∙ അബുദാബി ഫ്ലാഗ് പോയിന്റില്‍ കാത്തിരുന്ന സർപ്രൈസ്
അനീസും ഭാര്യ ബുഷറയും ദുബായിലാണ് താമസിക്കുന്നത്. അനീസിന്റെ സൈക്കിള്‍ സവാരി പ്രേമത്തിന് ബുഷറയുടെ പിന്തുണയുണ്ടെങ്കിലും നാല് ദിവസം കൊണ്ട് 600 കിലോമീറ്റർ സഞ്ചരിക്കുകയെന്നുളളത് കഠിനമല്ലേയുളളതായിരുന്നു ബുഷറയുടെ ആശങ്ക. വാരാന്ത്യങ്ങളില്‍ കുടുംബത്തോടൊപ്പം ചെലവഴിക്കാതെ സൈക്കിള്‍ സവാരിക്ക് പോകുന്നതിനും കുഞ്ഞുപരിഭവം പറയാറുണ്ട്. എങ്കിലും നിശ്ചയദാർഢ്യത്തോടെ സഞ്ചരിച്ച് അനീസ് ലക്ഷ്യസ്ഥാനത്തെത്തുമ്പോള്‍ സ്വീകരിക്കാന്‍ താനുണ്ടായിരിക്കണമെന്നുളളത് ബുഷറയുടെ തീരുമാനമായിരുന്നു. അബുദാബി ഫ്ലാഗ് പോയിന്റില്‍ പൂക്കളുമായാണ് ബുഷറ പ്രിയപ്പട്ടവനെ കാത്തിരുന്നത്. ഒട്ടും പ്രതീക്ഷിക്കാതെ ബുഷറയെ കണ്ടപ്പോള്‍ അനീസിനും സന്തോഷം. വൈകാരികമായിരുന്നു ആ കൂടികാഴ്ച, കുഞ്ഞുപരിഭവമൊക്കെയുണ്ടെങ്കിലും അവളുടെ പിന്തുണയില്ലെങ്കില്‍ തനിക്കിത് പൂർത്തിയാക്കാന്‍ കഴിയുമായിരുന്നില്ല, അനീസ് പറയുന്നു.
∙അവിചാരിത തടസ്സങ്ങള്‍ മറികടന്ന നിശ്ചയദാർഢ്യം
എളുപ്പമല്ലായിരുന്നുയാത്ര. അബുദാബിയിലേക്കുളള യാത്രയ്ക്കിടെ സൈക്കിളിന്റെ ടയർ പഞ്ചറായി. മാറ്റിയിടാന്‍ നോക്കിയെങ്കിലും കഴിഞ്ഞില്ല. കേരള റൈഡേഴ്സ് ക്ലബിലെ അംഗമാണെന്നുളളത് പ്രതീക്ഷ നല്‍കി. ആ പ്രതീക്ഷ തെറ്റിയില്ല. ഒരിക്കലും കണ്ടിട്ടില്ലെങ്കിലും ഇങ്ങനെയൊരു അടിയന്തരഘട്ടത്തില്‍ ഒരു മെസേജ് കണ്ട് സഹായിക്കാന്‍ റൈഡേഴ്സ് ക്ലബ് അംഗമായ ബിനോയ് എത്തിയത് 80 കിലോമീറ്റർ ദൂരം താണ്ടിയാണ്. ആ സഹായമില്ലെങ്കില്‍ ഈ യാത്ര തനിക്ക് പൂർത്തിയാക്കാനാകുമായിരുന്നില്ല, ബിനോയ്ക്കും കേരളറൈഡേഴ്സിനും നന്ദി.

∙ചെറുപ്പത്തില്‍ തുടങ്ങിയ സൈക്കിള്‍ പ്രേമം
ചെറിയ പ്രായത്തില്‍ തന്നെ സൈക്കിള്‍സവാരി ഇഷ്ടമായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ പെരുമ്പാവൂരില്‍ നിന്ന് എറണാകുളം വീഗാലാൻഡിലേക്ക് കൂട്ടുകാരുമൊത്ത് സൈക്കിള്‍ സവാരി നടത്തിയിട്ടുണ്ട്. ജങ്കാറൊക്കെ കയറിയായിരുന്നു യാത്ര. ചെറുപ്പത്തിലെ സൈക്കിള്‍ പ്രേമം വലുതായപ്പോഴും തുടർന്നു. യുഎഇയിലെത്തിയപ്പോഴും സൈക്കിള്‍ ഹാന്റിലിലെ പിടിവിട്ടില്ല.
∙യാത്ര തുടങ്ങിയത് മൂന്ന് പേർ, ലക്ഷ്യം കണ്ടത് അനീസ്
സുഹൃത്തുക്കളായ ഫസലും നസ്റുവും അനീസും, അങ്ങനെ മൂന്ന് പേർ ചേർന്നാണ് യാത്ര തുടങ്ങിയത്. ശാരീരിക വിഷമതകള്‍ വില്ലനായപ്പോള്‍ ഒരാള്‍ റാസല്‍ ഖൈമയിലും അടുത്തയാള്‍ ഫുജൈറയിലും യാത്ര അവസാനിപ്പിച്ചു. തിരിഞ്ഞുനടക്കാന്‍ അനീസ് ഒരുക്കമായിരുന്നില്ല. മുന്നോട്ടോടിച്ച സൈക്കിള്‍ മുന്നോട്ടുതന്നെയെന്ന് ഉറപ്പിച്ചു. യാത്ര പൂർത്തിയാക്കുമെന്ന് ഭാര്യ ബുഷറയ്ക്ക് വാക്ക് നല്കിയിരുന്നു, അത് പാലിക്കണമെന്നതുമാത്രമായിരുന്നു മനസ്സില്‍. അത് സാധിച്ചു, അനീസ് പറയുന്നു
∙യുഎഇയ്ക്കുളള ആദരം
ഡിസംബർ 2 യുഎഇയുടെ ദേശീയ ദിനമാണ്. യാത്രയ്ക്ക് ആ ദിവസങ്ങള്‍ തന്നെ തിരഞ്ഞെടുത്തത് ഈ രാജ്യത്തോടുളള ആദരവ് പ്രകടിപ്പിക്കുകയെന്നുളള ലക്ഷ്യത്തോടെയാണ്. സൈക്കിള്‍ ട്രാക്ക് ഇല്ലാത്ത റോഡുകളിലൂടെ, പ്രത്യേകിച്ചും ഹൈവേകളിലൂടെ യാത്ര ചെയ്യുമ്പോള്‍ യുഎഇയ്ക്കുള്ള ആദരവായാണ് യാത്രയെന്ന് തിരിച്ചറിഞ്ഞ് അധികൃതരും പിന്തുണച്ചതായി അനീസ് പറയുന്നു. സാഹസികരെയും സഞ്ചാരികളെയും ഒരുപോലെ മോഹിപ്പിക്കുന്ന യുഎഇയിലെ ഏറ്റവും വലിയ മലനിരയായ റാസല്‍ഖൈമയിലെ ജബല്‍ ജെയ്സ്, ജബല്‍ ജെയ്സ് കയറണമെന്നതാണ് അനീസിന്റെ അടുത്ത ലക്ഷ്യം. അതിനുളള തയ്യാറെടുപ്പിലാണ് ഈ ചെറുപ്പക്കാരന്‍.