15 പേർക്ക് സഞ്ചരിക്കാം, പരിസ്ഥിതി സൗഹൃദം; മസ്ദർ സിറ്റിയിലെ യാത്ര ഇനി ഡ്രൈവറില്ലാ ഷട്ടിൽ ബസിൽ

Mail This Article
അബുദാബി ∙ പരിസ്ഥിതി സൗഹൃദ ട്രാക്കിൽ കുതിക്കുന്ന അബുദാബി മസ്ദർ സിറ്റിയിൽ ഡ്രൈവറില്ലാ ഷട്ടിൽ ബസ് സേവനം ഔദ്യോഗികമായി ആരംഭിച്ചു. അബുദാബി സുസ്ഥിരതാ വാരത്തിന്റെ (എഡിഎസ്ഡബ്ല്യു) ഉദ്ഘാടന വേളയിലായിരുന്നു പ്രഖ്യാപനം. മസ്ദർ സിറ്റിയുടെ സ്വയംഭരണ വാഹനങ്ങൾ മേളയിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
ദൂരവും റൂട്ടുമെല്ലാം മുൻകൂട്ടി സെറ്റ് ചെയ്ത് സെൻസറുകളും ജിപിഎസ്, ഓപ്ടിക്കൽ റെക്കഗ്‌നിഷൻ സിസ്റ്റം, റിയൽ ടൈം പൊസിഷണിങ് സിസ്റ്റം, നിർമിത ബുദ്ധി, ത്രീഡി ക്യാമറ തുടങ്ങി നവീന സാങ്കേതികവിദ്യകളുടെ സാധ്യതകളെല്ലാം ഉപയോഗിച്ചാണ് സഞ്ചാരം. യാത്രയ്ക്കിടയിലെ തടസ്സങ്ങൾ സ്വയം മനസ്സിലാക്കി വഴി മാറി പോകാനും വേഗം കുറയ്ക്കാനും നിർത്താനും വാഹനത്തിനു സാധിക്കും. 15 പേർക്കു സഞ്ചരിക്കാം. ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനം ഊർജ ഉപയോഗം കുറയ്ക്കുന്നതിനൊപ്പം അന്തരീക്ഷ മലിനീകരണവും തടയും.
നിർമിത ബുദ്ധിയുടെ സഹായത്തോടെ പ്രദേശത്തിന്റെ ഭൂപടവും ഡേറ്റയും സ്വയം ലഭ്യമാക്കി യാത്ര ചെയ്യാൻ ശേഷിയുണ്ട്. 2030ഓടെ യുഎഇയിലെ വാഹനങ്ങളുടെ 25% ഡ്രൈവറില്ലാ വാഹനങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം. സുസ്ഥിര ഗതാഗത ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പാണ് ഈ പരീക്ഷണങ്ങളെന്ന് മസ്ദർ സിറ്റി സിഇഒ അഹമ്മദ് ബഗൂം പറഞ്ഞു. സ്വയം നിയന്ത്രിത കാർ, ഡ്രോൺ, ചെറുവിമാനം തുടങ്ങിയവയെല്ലാം പരീക്ഷിച്ച് പരിസ്ഥിതി സൗഹൃദ സേവനം ഒരുക്കുന്നത് തുടരുമെന്നും പറഞ്ഞു.