സായിദ് സസ്റ്റെയ്നബിലിറ്റി പ്രൈസ് പുരസ്കാരം ഇന്ത്യൻ കമ്പനിയ്ക്ക്

Mail This Article
അബുദാബി ∙ സായിദ് സസ്റ്റെയ്നബിലിറ്റി പ്രൈസിൽ ആരോഗ്യവിഭാഗത്തിൽ ഇന്ത്യൻ കമ്പനിക്ക് പുരസ്കാരം. നിർമിത ബുദ്ധിയിലൂടെ 30 സെക്കൻഡിൽ സെർവിക്കൽ കാൻസർ സ്ഥിരീകരിക്കാനുള്ള സംവിധാനം വികസിപ്പിച്ച പുണെ ആസ്ഥാനമായുള്ള പെരിവിങ്കിൾ ടെക്നോളജീസാണ് പുരസ്കാരം നേടിയത്.
വിദൂര സ്ഥലങ്ങളിലെ അവശരായവരുടെ അടുത്തെത്തി വരെ പരിശോധിക്കാവുന്ന ഈ സംവിധാനം ആരോഗ്യ രംഗത്ത് വിപ്ലവം സൃഷ്ടിക്കുമെന്ന് ജൂറി വിലയിരുത്തി. രോഗം നേരത്തെ കണ്ടെത്തി സ്ത്രീകളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുന്ന സംവിധാനം ഇന്ത്യയിൽ ഇതിനകം 3 ലക്ഷത്തിലേറെ പേരിൽ പരീക്ഷിച്ചു.
പരിസ്ഥിതിയുമായി ബന്ധപ്പെട്ട് 6 വിഭാഗങ്ങളിലായി മത്സരിച്ച 5980 പേരിൽനിന്ന് അന്തിമ പട്ടികയിൽ ഇടംപിടിച്ച 33 എൻട്രികളിൽ നിന്നാണ് പെരിവിങ്കിൾ ടെക്നോളജീസ് ജേതാവായത്. 10 ലക്ഷം ഡോളർ ആണ് സമ്മാനം. സാമൂഹിക, പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിന് പ്രചോദനമാണ് പുരസ്കാരമെന്ന് അവാർഡ് വിതരണം ചെയ്ത യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.
ഭക്ഷ്യ വിഭാഗത്തിൽ നൈജീരിയയിലെ നാഫാം ഫുഡ്സിനാണ് പുരസ്കാരം. വിളവെടുപ്പിന് ശേഷമുള്ള നഷ്ടം തടയുകയും ഭക്ഷണം പാഴാകലും കാർബൺ ഉപഭോഗവും കുറയ്ക്കുകയും ചെയ്യുന്ന നൂതന ഹൈബ്രിഡ് സോളർ ഫുഡ് ഡ്രയറുകൾക്കാണ് അവാർഡ് ലഭിച്ചത്. ഊർജ വിഭാഗത്തിൽ ഇലക്ട്രിക് വാഹനം നിർമിച്ച ബംഗ്ലദേശിൽനിന്നുള്ള പാൽക്കി മോട്ടോഴ്സ്, പവർ വാട്ടർ ട്രീറ്റ്മെന്റ് സൊലൂഷൻസ് വികസിപ്പിച്ച ഓസ്ട്രേലിയയിൽ നിന്നുള്ള സ്കൈജൂയിസ് ഫൗണ്ടേഷൻ, കാലാവസ്ഥാ വ്യതിയാന വിഭാഗത്തിൽ ടാൻസനിയയിലെ ഓപ്പൺ മാപ്പ് ഡവലപ്മെന്റ് എന്നിവയാണ് മറ്റ് അവാർഡ് ജേതാക്കൾ. ഭക്ഷണം, ഊർജം, ജലം, കാലാവസ്ഥാ പ്രവർത്തന വിഭാഗങ്ങളിലെ വിജയികൾക്കും തുല്യ തുക ലഭിക്കും. കൂടാതെ ആഗോളതലത്തിൽ മികച്ച പദ്ധതികൾ അവതരിപ്പിച്ച 6 ഹൈസ്കൂളുകൾക്കും 1.5 ലക്ഷം ഡോളർ സമ്മാനമായി നൽകി.