ADVERTISEMENT

ദുബായ് ∙ കേരളത്തിൽ പ്രവാസികൾക്കു മാത്രമായി വ്യവസായ പാർക്ക് തുടങ്ങുമെന്നു വ്യവസായ മന്ത്രി പി. രാജീവ്. കണ്ണൂരിൽ കിൻഫ്രയുടെ വ്യവസായ പാർക്കിലാണ് പ്രവാസികൾക്കു വ്യവസായം തുടങ്ങാൻ സ്ഥലം അനുവദിക്കുന്നത്. കേരളത്തിലേക്കു പ്രവാസികൾ അയയ്ക്കുന്ന പണം, വ്യവസായ മേഖലയിലേക്കു വഴി തിരിച്ചു വിടുകയാണ് എൻആർഐ പാർക്കിന്റെ ലക്ഷ്യം. 100 കോടി മുതൽ മുടക്കി സ്ഥലം ഏറ്റെടുക്കുന്ന നിക്ഷേപകർക്ക് 2 വർഷത്തെ മൊറട്ടോറിയം ഉണ്ട്. 

ആകെ തുകയുടെ 10% മാത്രം നൽകി സ്ഥലം ഏറ്റെടുക്കാം. പിന്നീട്, 2 വർഷത്തെ മൊറട്ടോറിയത്തിനു ശേഷം 10 വർഷം കൊണ്ട് പണം പൂർണമായി അടച്ചാൽ മതി. അതേസമയം, മൊറട്ടോറിയത്തിന്പലിശ ബാധമായിരിക്കും. 50 – 100 കോടി മുതൽമുടക്കുന്നവർക്കും 2 വർഷത്തെ മൊറട്ടോറിയം ഉണ്ടായിരിക്കും. എന്നാൽ, 20% തുക ആദ്യം നൽകണം. പിന്നീട് 5 തവണകളായി ബാക്കി പണം നൽകാം.  

അടുത്തമാസം കേരളത്തിൽ നടക്കുന്ന രാജ്യാന്തര നിക്ഷേപ സംഗമത്തിന്റെ ഭാഗമായ റോഡ് ഷോയിൽ പങ്കെടുക്കുകയായിരുന്നു വ്യവസായ മന്ത്രി. കേരളത്തിലെ നിക്ഷേപ സംഗമത്തിൽ യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ഹസൻ അൽ സുവൈദിക്കു പുറമെ ധനമന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറിയും പങ്കെടുക്കും. നിക്ഷേപ സംഗമത്തിൽ യുഎഇയെ പങ്കാളിത്ത രാഷ്ട്രമാക്കുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രിസഭ ഇക്കാര്യം ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. യുഎഇയിലെ പ്രധാന വ്യവസായ സ്ഥാപനങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന സംഘവും മന്ത്രിക്കൊപ്പം ഉണ്ടാകും. 

പി.രാജീവുമായി ദുബായിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.  ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എംഡി അദീബ് അഹമ്മദും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഷാർജ ചേംബർ ഓഫ് കൊമേഴ്സും നിക്ഷേപക സംഗമത്തിലേക്ക് ഉന്നതപ്രതിനിധി സംഘത്തെ അയയ്ക്കും. ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികളുമായി വ്യവസായമന്ത്രി കൂടിക്കാഴ്ച നടത്തി. ദുബായിൽ നടത്തിയ റോഡ് ഷോയിൽ യുഎഇയിലെ പ്രധാന വ്യവസായികൾ പങ്കെടുത്തു. 

എം.പി. അബ്ദുൽ വഹാബ് എംപി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, സിദ്ധാർഥ് ബാലചന്ദ്രൻ, ഡോ. ആസാദ് മൂപ്പൻ, ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി എസ് ഹരികിഷോർ, ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി ആനി ജൂല തോമസ്, പി. വിഷ്ണുരാജ്, തുടങ്ങിയവരും പരിപാടികളിൽ പങ്കെടുത്തു.

English Summary:

industrial park will be started in Kerala exclusively for non-residents; Minister P. Rajiv

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com