രുചിയിൽ മുൻപിൽ, കണ്ണുകൾക്ക് രോഗശാന്തി, ഗുണങ്ങളേറെ; ജിദ്ദയുടെ മരുഭൂമിയിൽ കൂണുകൾ സമൃദ്ധം

Mail This Article
ജിദ്ദ ∙ അത്ഭുതങ്ങൾ കാത്തുവെക്കുന്നതാണ് മരുഭൂമിയുടെ പ്രത്യേകത എന്ന് എക്കാലത്തും പറയാറുള്ളതാണ്. പുറമെ കാണുന്നതു പോലെയല്ല മരുഭൂമിയുടെ ഉള്ളറകൾ. അപൂർവ വിഭവങ്ങളുടെ വിശാലമായ കലവറയുമുണ്ട് മരുഭൂമിയിൽ. അത്തരം വിഭവങ്ങളുടെ കാലമാണിപ്പോൾ അൽ ഖസീമിൽ. പോഷകമൂല്യം നിറഞ്ഞ മരുഭൂകൂണ്‍ (ട്രഫിള്‍) സീസണാണ് നിലവിൽ അൽ ഖസീമിലുള്ളത്. ഫഖ, കംഅ എന്നീ പ്രാദേശിക പേരുകളില്‍ അറിയപ്പെടുന്ന മരുഭൂകൂണ്‍ കാലം. അനവധി അസുഖങ്ങൾക്കുള്ള പ്രതിവിധിയായി ഫഖ ഉപയോഗിക്കാറുണ്ട്.
വിളയാൻ വേണ്ടത്
നല്ല വളക്കൂറുള്ള മണ്ണ്, ശുദ്ധജലത്തിന്റെ ലഭ്യത, അനുയോജ്യമായ അന്തരീക്ഷം, റഖ്‌റൂഖ് ചെടിയുടെ സാന്നിധ്യം തുടങ്ങിയവ ഉള്ള സ്ഥലങ്ങളിൾ ഫഖ വളരും. ഇവ ധാരാളമുണ്ട് അൽ ഖസീം പ്രവിശ്യയിൽ. അല്‍ഖസീമിന്റെ വടക്ക് ഭാഗത്തുള്ള ശാരി, അല്‍സഈറ എന്നിവിടങ്ങളിലാണ് മരുഭൂകൂണ്‍ കൃഷി കൂടുതലുള്ളത്. റഖ്‌റൂഖ് ചെടിയുടെ സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ മരുഭൂകൂണ്‍ സമൃദ്ധമായി വളരും. പ്രത്യേക താപനില അനുഭവപ്പെടുന്ന സെപ്റ്റംബറിലാണ് ഫഖ കൃഷി ആരംഭിക്കുകയെന്ന് അല്‍ഖസീമിലെ കര്‍ഷകരില്‍ ഒരാളായ എന്‍ജിനീയര്‍ അബ്ദുല്‍കരീം അല്‍റശീദ് പറയുന്നു. ഇക്കാലത്ത് അല്‍ഖസീമിന്റെ വടക്കു ഭാഗത്ത് രാത്രിയില്‍ താപനില 15 ഡിഗ്രി മുതല്‍ 20 ഡിഗ്രി വരെയാകും.
സെപ്റ്റംബര്‍ 25 ന് റഖ്‌റൂഖ് ചെടിയുള്ള സ്ഥലങ്ങളില്‍ വെള്ളം നനക്കും. ഇതിന് 50 ദിവസത്തിനു ശേഷം മരുഭൂകൂണ്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. നവംബര്‍ 20 ഓടെ ഉത്തര അല്‍ഖസീമില്‍ കൃഷി ചെയ്യുന്ന മരുഭൂകൂണ്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. കൃഷി ചെയ്യാതെ സ്വാഭാവിക രീതിയില്‍ വളരുന്ന മരുഭൂകൂണുകള്‍ ഡിസംബര്‍ മധ്യത്തോടെയാണ് പ്രത്യക്ഷപ്പെട്ടു തുടങ്ങുകയെന്നും എന്‍ജിനീയര്‍ അബ്ദുല്‍കരീം അല്‍റശീദ് പറയുന്നു.

വിളയുന്നത് നാലിനം കൂണുകൾ
അല്‍ഖസീം പ്രവിശ്യയില്‍ നാലിനം മരുഭൂകൂണുകളാണ് വിളയുന്നത്. ഇതില്‍ ഏറ്റവും പ്രശസ്തവും സമൃദ്ധവും മികച്ച രുചിയുള്ളതും അല്‍സുബൈദിയാണ്. അല്‍ജബായും അല്‍ഖലാസിയും അല്‍ബലൂഖുമാണ് മറ്റിനങ്ങള്‍. മരുഭൂകൂണിന് ധാരാളം ഗുണങ്ങളുണ്ട്.
രോഗശാന്തി
ഫഖ കൂണിലെ വെള്ളം കണ്ണുകള്‍ക്ക് രോഗശാന്തിയാണ്. ഇടയ മൃഗങ്ങള്‍ക്ക് സ്വാഭാവിക കാലിത്തീറ്റയായും മരുഭൂകൂണ്‍ ഉപയോഗിക്കുന്നു.