ബഹ്‌റൈനിലെ ഭക്ഷണ ശൃംഖലയിലെ അദൃശ്യ ‘ഹീറോ’കൾ; അതിർത്തി കടന്നെത്തുന്ന രുചിയുടെ വാഹകർ

Mail This Article
മനാമ ∙ ബഹ്‌റൈനിലെ ജനസമൂഹം ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കുമ്പോൾ ഓർക്കേണ്ടുന്ന വലിയൊരു വിഭാഗം തൊഴിലാളികൾ ഉണ്ട്. ദിവസങ്ങളോളം യാത്ര ചെയ്ത്, ഉള്ളത് കൊണ്ട് ഓണം പോലെ ജോലി ചെയ്ത് ജീവിക്കുന്ന ട്രക്ക് ഡ്രൈവർമാരാണ് അതിർത്തികൾ കടന്ന് ബഹ്‌റൈനിലേക്ക് വേണ്ടുന്ന ഭക്ഷണ സാധനങ്ങളും പഴവർഗ്ഗങ്ങളും എന്നുവേണ്ട ബഹ്‌റൈനിലെ സ്വദേശി വിദേശി വ്യത്യാസമില്ലാത്തവർക്ക് ജീവിക്കാനാവശ്യമായ എല്ലാം എത്തിക്കുന്നത്.
മനാമ ബസ് ടെർമിനലിന് സമീപത്തെ മൈതാനത്തിൽ നിർത്തിയിടുന്ന ട്രക്കുകളുടെ ഡ്രൈവർമാരിൽ ഭൂരിഭാഗവും മറ്റ് രാജ്യക്കാരാണ്. ട്രക്കുകളിലാണ് ഇവരുടെ ജീവിതത്തിന്‍റെ വലിയൊരു സമയവും ചെലവഴിക്കുന്നത്. ഈജിപ്തിൽ നിന്നുള്ള ട്രക്കുകളാണ് ബഹ്‌റൈനിലേക്ക് എത്തുന്നവയിൽ കൂടുതലും. ഈജിപ്തിലെ ഫുഡ് ഇൻഡസ്ട്രീസ് എക്സ്പോർട്ട് കൗൺസിലിന്‍റെ കണക്ക് പ്രകാരം ഭക്ഷണ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട രാജ്യാന്തര ഗ്രൂപ്പുകളുടെ പട്ടികയിൽ അറബ് രാജ്യങ്ങളിൽ ബഹ്‌റൈൻ മുൻപന്തിയിലാണ്. ബഹ്‌റൈനിലെ ഭക്ഷ്യോൽപന്നങ്ങളുടെ 18 ശതമാനവും ഈജിപ്തിൽ നിന്നുള്ളവയാണ്. ഈജിപ്തിൽ നിന്ന് റോഡ് മാർഗം ബഹ്‌റൈനിലേക്ക് എളുപ്പം എത്തിച്ചേരാനുള്ള മാർഗം ഉള്ളത് കൊണ്ടും കൂടുതലായി അവിടെ നിന്നുള്ള ട്രക്കുകളാണ് സാധനങ്ങളുമായി എത്തുന്നതും.
ബഹ്‌റൈനിലെ ഭക്ഷണ ശൃംഖലയുടെ സിരാകേന്ദ്രമായ സെൻട്രൽ മാർക്കറ്റും മനാമയിൽ തന്നെ സ്ഥിതി ചെയ്യുന്നത് കൊണ്ടാണ് ഇത്രയും കൂടുതൽ ട്രക്കുകൾ ഇവിടെ എത്തുന്നത്. പഴവർഗ്ഗങ്ങൾ, ധാന്യങ്ങൾ, ഇലക്ട്രിക്കൽ ഉൽപന്നങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, സോപ്പുകൾ, സോപ്പ് ഉൽപ്പന്നങ്ങൾ, ടുബാക്കോ ഉൽപ്പന്നങ്ങൾ, ഡയറി, മുട്ട, തേൻ, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, പ്രിന്‍റിങ് പേപ്പറുകൾ, തുണിത്തരങ്ങൾ വരെ ഇത്തരം ട്രക്കുകളിലാണ് രാജ്യത്തേക്ക് എത്തുന്നത്.

സൗദി, യുഎഇ, തുർക്കി, ഇറ്റലി, ഒമാൻ, ജോർദാൻ, കുവൈത്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ട്രക്കുകളും റോഡ് മാർഗം എത്തുന്നുണ്ട്. ഇന്ത്യ, യുഎസ്, യുകെ തുടങ്ങിയ മറ്റ് എണ്ണമറ്റ രാജ്യങ്ങളിൽ നിന്നും വിമാനമാർഗമോ കപ്പൽ മാർഗമോ എത്തുന്ന ഉൽപ്പന്നങ്ങളും പ്രാദേശിക വാഹനങ്ങളുടെ സഹായത്തോടെ സെൻട്രൽ മാർക്കറ്റിന് സമീപം എത്തുന്നതോടെ പുലർച്ചെ 2 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയും ട്രക്കുകളുടെ പോക്ക് വരവ് സ്ഥിരം കാഴ്ചയാണ്.

∙നിർത്തിയിടാൻ സ്ഥലമില്ല, വൈകാനും പാടില്ല
സാധനങ്ങൾ നിറച്ച ട്രക്കുകൾ എത്തിക്കഴിഞ്ഞാൽ അവ ഒട്ടും വൈകാതെ തന്നെ മാർക്കറ്റിൽ വിതരണത്തിന് നൽകുക എന്നതാണ് ട്രക്ക് ഡ്രൈവർമാർ നേരിടുന്ന പ്രധാന വെല്ലുവിളി. നിരവധി ട്രക്കുകൾ പല രാജ്യങ്ങളിൽ നിന്ന് ഒരേ സമയം എത്തുന്നത് കാരണം പലപ്പോഴും വാഹനം നിർത്തിയിടാൻ സ്ഥലം തികയാറില്ല. മാർക്കറ്റിൽ നിന്ന് അധികം ദൂരയല്ലാത്ത സ്ഥലങ്ങളിൽ തന്നെ നിർത്തിയിടുകയും വേണം. പിന്നീട് വിതരണക്കാർ ചെറു വാഹനങ്ങളിൽ നിറച്ച് അവ മാർക്കറ്റിലേക്ക് കൊണ്ടുപോവുകയാണ് ചെയ്യുന്നത്. സാധനം ഇറക്കിക്കഴിയുന്നത് വരെ പലപ്പോഴും ഭക്ഷണം ഉണ്ടാക്കാനോ കഴിക്കാനോ പോലും സമയം ഉണ്ടാകാറില്ലെന്ന് ഡ്രൈവർമാർ പറഞ്ഞു.
2636 കിലോമീറ്റർ ആണ് ഈജിപ്തിൽ നിന്ന് ബഹ്‌റൈനിലേക്ക് ഉള്ളതെങ്കിലും വളരെ സാവധാനത്തിൽ ഒരു അതിർത്തികളിലെ ചെക്ക് പോസ്റ്റുകളും അടക്കം കടന്ന് ബഹ്‌റൈനിൽ എത്തുമ്പോൾ 5 ദിവസമെങ്കിലും എടുക്കുമെന്ന് ട്രക്ക് ഡ്രൈവർ പറഞ്ഞു. ട്രക്കുകളിലെ ഉൽപന്നങ്ങൾ കേടാകാതെയും ഫ്രീസറുകൾ കാര്യക്ഷമതയോടെ പ്രവർത്തിച്ചും വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ജോലിയാണ് ഇതെന്നും അവർ പറഞ്ഞു.