ഏപ്രിൽ 13 വരെ ഫീസ് ഇല്ലാതെ റജിസ്റ്റർ ചെയ്യാം; ലൈസൻസില്ലാതെ ആയുധങ്ങൾ കൈവശം വെച്ചാൽ 'പിടി വീഴു'മെന്ന് യുഎഇ

Mail This Article
അബുദാബി ∙ യുഎഇയിൽ ലൈസൻസില്ലാതെ ആയുധങ്ങൾ കൈവശം വയ്ക്കുന്ന പൗരന്മാർ 3 മാസത്തിനകം റജിസ്റ്റർ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം.
ഏപ്രിൽ 13 വരെ റജിസ്റ്റർ ചെയ്യുന്നതിന് ഫീസ് ഈടാക്കില്ല. ലൈസൻസില്ലാതെ ആയുധങ്ങളും വെടിക്കോപ്പുകളും കൈവശം വച്ചാൽ ഉണ്ടാകുന്ന നിയമപരമായ പ്രത്യാഘാതങ്ങളിൽനിന്ന് പൗരന്മാരെ രക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ആയുധ, സ്ഫോടക വസ്തു ഡയറക്ടറേറ്റ് ആക്ടിങ് ഡയറക്ടർ ജനറൽ മുഹമ്മദ് സുഹൈൽ അൽ നെയാദി, ഡയറക്ടറേറ്റ് ഓഫ് വെപ്പൺസ് ആൻഡ് എക്സ്പ്ലോസീവ്സ് ആക്ടിംഗ് ഡയറക്ടർ ബ്രിഗേഡിയർ അബ്ദുൽറഹ്മാൻ അലി അൽ മൻസൂരി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആയുധങ്ങളും വെടിക്കോപ്പുകളും അനധികൃതമായി കൈവശം വയ്ക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനും രാജ്യത്തെ നിയമങ്ങൾക്കനുസൃതമായി ലൈസൻസ് നേടുന്നതിനുമാണിത്. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ റജിസ്ട്രേഷന് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വിവരങ്ങൾക്ക് www.moi.gov.ae, ടോൾ ഫ്രീ നമ്പർ 800233.