ADVERTISEMENT

അബുദാബി ∙ 24 മണിക്കൂറും പുനരുപയോഗ ഊർജം നൽകാൻ ശേഷിയുള്ള ലോകത്തിലെ ആദ്യത്തെ പദ്ധതി അബുദാബിയിൽ വരുന്നു. 5 ജിഗാവാട്ട് സൗരോർജവും 19 ജിഗാവാട്ട് മണിക്കൂർ ബാറ്ററി സംഭരണവും സംയോജിപ്പിച്ചാണ് 24 മണിക്കൂറും തടസ്സമില്ലാതെ ഒരു ജിഗാവാട്ട് സംശുദ്ധ ഊർജം ഉൽപാദിപ്പിക്കുകയെന്ന് വ്യവസായ, നൂതന സാങ്കേതിക മന്ത്രിയും മസ്ദാർ ചെയർമാനുമായ ഡോ. സുൽത്താൻ അൽ ജാബർ പറഞ്ഞു. പരിസ്ഥിതി സൗഹൃദ കേന്ദ്രമായ മസ്ദർ സിറ്റിയും എമിറേറ്റ്സ് വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി കമ്പനിയും ചേർന്നാണ് പദ്ധതി നടപ്പാക്കുക. അബുദാബിയിൽ സസ്റ്റെയ്നബിലിറ്റി വീക്കിലായിരുന്നു പ്രഖ്യാപനം.

ഇടതടവില്ലാതെ ഊർജ ഉൽപാദനം
പതിറ്റാണ്ടുകളായി പുനരുപയോഗ ഊർജം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ തടസ്സം ഇടവിട്ടുള്ള സൗരോർജ ഉൽപാദനമാണ്. ഒരിക്കലും ഉറങ്ങാത്ത ലോകത്തിനെ ഇടതടവില്ലാത്ത ഊർജ സ്രോതസ്സിലൂടെ എങ്ങനെ ശക്തിപ്പെടുത്താമെന്ന അന്വേഷണമാണ് പദ്ധതിയിലേക്കു എത്തിച്ചതെന്ന് മന്ത്രി വിശദീകരിച്ചു. പുനരുപയോഗ ഊർജത്തെ ബേസ് ലോഡ് ഊർജമാക്കി മാറ്റുകയാണ് ആദ്യം ചെയ്യുന്നത്. ഭാവിയിൽ വലിയ കുതിപ്പായി മാറിയേക്കാവുന്നതിന്റെ ആദ്യപടിയാണിതെന്നും പറഞ്ഞു.

2030ഓടെ മൊത്തം 19.8 ജിഗാവാട്ട് ശുദ്ധ ഊർജം ഉൽപാദിപ്പിക്കാൻ ലക്ഷ്യമിടുന്ന യുഎഇ കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ പുനരുപയോഗ ഊർജ ശേഷി ഇരട്ടിയാക്കിയതായി കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ. അംന അൽ ദഹക് പറഞ്ഞു. യുഎഇ ഊർജ നയരേഖ 2050 പ്രകാരം 5 വർഷത്തിനകം 15,000 കോടി ദിർഹം മുതൽ 20,000 കോടി ദിർഹം വരെ നിക്ഷേപിക്കുമെന്നും പറഞ്ഞു. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളർ പാർക്കിന്റെ 1.8 ജിഗാവാട്ട് ആറാം ഘട്ടം, ദുബായുടെ മാലിന്യത്തിൽനിന്നുള്ള ഊർജ പദ്ധതി രണ്ടാംഘട്ടം, അബുദാബിയിലെ 1.5 ജിഗാവാട്ട് അൽ അജ്ബാൻ പ്ലാന്റ്, 1.5 ജിഗാവാട്ട് അൽ ഖസ്ന പ്ലാന്റ് എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു. 2030ഓടെ 100 ജിഗാവാട്ട് പുനരുപയോഗ ഊർജശേഷി നേടാനാണ് മസ്ദർ ലക്ഷ്യമിടുന്നത്.

സസ്റ്റെയ്നബിലിറ്റി വീക്കിൽ വ്യവസായ, നൂതന സാങ്കേതിക മന്ത്രിയും മസ്ദാർ ചെയർമാനുമായ ഡോ. സുൽത്താൻ അൽ ജാബർ പ്രസംഗിക്കുന്നു.
സസ്റ്റെയ്നബിലിറ്റി വീക്കിൽ വ്യവസായ, നൂതന സാങ്കേതിക മന്ത്രിയും മസ്ദാർ ചെയർമാനുമായ ഡോ. സുൽത്താൻ അൽ ജാബർ പ്രസംഗിക്കുന്നു.

ചെലവ് 600 കോടി ഡോളർ; പ്രവർത്തനം 2 വർഷത്തിനകം
അബുദാബിയിലെ 90 ചതുരശ്ര കിലോമീറ്റർ സ്ഥലമാണ് പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്. 600 കോടി ഡോളർ ചെലവു വരുന്ന പദ്ധതി 2027ൽ പ്രവർത്തനം ആരംഭിക്കുമെന്ന് മസ്ദർ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ അബ്ദുൽ അസീസ് അൽ ഒബൈദി പറഞ്ഞു. രാജ്യം ഏറെ പ്രതീക്ഷ പുലർത്തുന്ന പദ്ധതിയാണിത്.

2030ഓടെ പുനരുപയോഗ ഊർജ ശേഷി മൂന്നിരട്ടിയാക്കുക, ഊർജ കാര്യക്ഷമത ഇരട്ടിയാക്കുക എന്നീ ആഗോള ലക്ഷ്യം നിറവേറ്റുന്നതിന് രാജ്യാന്തര സമൂഹത്തിനുമേൽ സമ്മർദ്ദം ശക്തമാകുന്നതിനിടെയാണ് യുഎഇയുടെ ഈ നീക്കം. കാലാവസ്ഥാ വ്യതിയാനംനേരിടാൻ ലോകരാജ്യങ്ങൾ പ്രതിജ്ഞയെടുത്ത 2015ലെ പാരിസ് ഉടമ്പടിയിൽ സ്ഥാപിച്ച 1.5 ഡിഗ്രി സെൽഷ്യസ് പരിധി നിലനിർത്തുന്നതിന് ഈ ലക്ഷ്യങ്ങൾ നിർണായകമാണ്.

English Summary:

UAE Launches World’s First Facility for Uninterrupted Renewable Energy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com