വെയിലും പൊടിയും ഏൽക്കില്ല, ഉടമയ്ക്ക് തന്നെ സൂക്ഷിക്കാം; ജപ്തി ചെയ്യുന്ന വാഹനങ്ങൾക്ക് സ്മാർട് ലോക്ക്, കൂടുതൽ അറിയാം

Mail This Article
റാസൽഖൈമ ∙ ഗതാഗത നിയമലംഘനങ്ങൾക്ക് കണ്ടുകെട്ടുന്ന വാഹനങ്ങൾ സ്മാർട്ട് ലോക്ക് ഘടിപ്പിച്ച് ഉടമ താമസിക്കുന്ന സ്ഥലത്തു തന്നെ സൂക്ഷിക്കുന്ന സംവിധാനത്തിനു 20ന് തുടക്കമിടും. നിലവിൽ നിയമലംഘനത്തിന് കണ്ടുകെട്ടുന്ന വാഹനം പൊലീസിന്റെ അധീനതയിലാണ് സൂക്ഷിച്ചിരുന്നത്. ഇതുമൂലം കാലങ്ങളോളം വെയിലും തണുപ്പും ഏറ്റ് വാഹനം പൊടിപിടിച്ച് കിടക്കും.
ശിക്ഷാകാലാവധി കഴിയുമ്പോഴേക്കും വാഹനം കേടാവുകയും ചെയ്യും. ഇതൊഴിവാക്കാനാണ് സ്മാർട്ട് ലോക്ക് ഘടിപ്പിച്ച് ഉടമകളുടെ പാർക്കിങ്ങിൽതന്നെ നിർത്തിയിടുന്നത്. ജിപിഎസുമായി ബന്ധിപ്പിക്കുന്ന പ്രത്യേക ട്രാക്കർ വാഹനത്തിൽ സ്ഥാപിച്ച് പൊലീസ് 24 മണിക്കൂറും നിരീക്ഷിക്കും.
വാഹനം മാറ്റിയാൽ 'വിവരമറിയും’
ഇങ്ങനെ സ്മാർട്ട് ലോക്ക് സ്ഥാപിച്ച വാഹനം സ്റ്റാർട്ട് ചെയ്യുകയോ പരിധിക്കപ്പുറത്തേക്ക് പോകുകയോ ചെയ്താൽ പൊലീസിന് വിവരം ലഭിക്കും. 50 മീറ്ററിനപ്പുറത്തേക്ക് നീങ്ങിയാൽ നിയമലംഘനമായി കണക്കാക്കും. സ്മാർട്ട് ലോക്ക് ഇളക്കാൻ ശ്രമിച്ചാലും പിടിവീഴും. നിയമലംഘനത്തിന്റെ തോതനുസരിച്ചാണ് ശിക്ഷാ കാലാവധി തീരുമാനിക്കുക. കാലാവധിക്കു മുൻപ് വാഹനം പുറത്തിറക്കിയാൽ ശിക്ഷ ഇരട്ടിയാകും. മൂന്നാമതും നിയമം ലംഘിച്ചാൽ നമ്പർ പ്ലേറ്റ് മാറ്റുന്നത് ഉൾപ്പെടെ കടുത്ത ശിക്ഷ നേരിടേണ്ടിവരും. ഇങ്ങനെ സ്മാർട്ട് ലോക്ക് ഘടിപ്പിച്ച് നിർത്തുന്ന വാഹന ഉടമകളിൽനിന്ന് ദിവസേന നിശ്ചിത തുക വീതം ഈടാക്കും.
നിരീക്ഷിക്കാം, വൃത്തിയാക്കാം
ഉടമ നിർദേശിക്കുന്ന സ്ഥലത്ത് വാഹനം നിർത്തിയിടാൻ സംവിധാനം വരുന്നതോടെ കണ്ടുകെട്ടുന്ന കാലയളവിൽ അവർക്ക് വാഹനം നേരിട്ട് നിരീക്ഷിക്കാനാകുമെന്ന് റാസൽഖൈമ പൊലീസ് മേധാവി മേജർ ജനറൽ അലി അബ്ദുല്ല ബിൻ അൽവാൻ അൽ നുഐമി പറഞ്ഞു. ഇതുമൂലം വാഹനം വൃത്തിയായി സൂക്ഷിക്കാനും ഉടമയ്ക്ക് സാധിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ നിയമാവലി അനുസരിച്ചാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്. ഗുരുതര കുറ്റകൃത്യത്തിൽ ഏർപ്പെടുന്ന എല്ലാ തരം വാഹനങ്ങളും ഇത്തരത്തിലാണ് ഇനി കണ്ടുകെട്ടുക.