അബ്ദുൽ റഹീമിന്റെ മോചനം: പബ്ലിക് റൈറ്റ്സ് കേസിലെ ഉത്തരവ് നിർണായകം, അന്തിമ വിധി നീളുന്നതിൽ ആശങ്ക

Mail This Article
റിയാദ്/ കോഴിക്കോട് ∙ സൗദി പൗരൻ മരിച്ച കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് 18 വർഷമായി റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ കേസിൽ വിധി പറയുന്നതു വീണ്ടും നീട്ടി. ആറാം തവണയാണ് റിയാദ് കോടതി കേസ് മാറ്റിവയ്ക്കുന്നത്. കഴിഞ്ഞ മാസം എട്ടിനും 12നും 30നും കേസ് പരിഗണിച്ചെങ്കിലും വിഷയം കൂടുതൽ പഠിക്കണമെന്നു പറഞ്ഞാണു കോടതി വീണ്ടും തീയതി നീട്ടിയത്.
ഇന്നലെ രാവിലെ എട്ടിന് ആരംഭിച്ച സിറ്റിങ് ഒരു മണിക്കൂറിലേറെ നീണ്ടു. ഓൺലൈനായി പരിഗണിച്ച കേസിൽ അബ്ദുൽറഹീമും റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അംബർ, എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി, കുടുംബത്തിന്റെ പവർ ഓഫ് അറ്റോർണി സിദ്ദിഖ് തുവ്വൂർ എന്നിവരും സന്നിഹിതരായിരുന്നു.
കൊല്ലപ്പെട്ടയാളുടെ കുടുംബം ആവശ്യപ്പെട്ട ദയാധനമായ ഒന്നര കോടി റിയാൽ (34 കോടി രൂപ) ഇന്ത്യൻ സമൂഹം സ്വരൂപിച്ച് റിയാദിലെ ഇന്ത്യൻ എംബസി മുഖേന കോടതിക്കു കൈമാറിയതനുസരിച്ച് വധശിക്ഷ വേണമെന്ന ആവശ്യത്തിൽനിന്ന് കുടുംബം പിൻമാറിയിരുന്നു. എന്നാൽ കൊലപാതകവുമായി ബന്ധപ്പെട്ട പബ്ലിക് റൈറ്റ്സ് കേസിലെ ശിക്ഷയിലും ഇളവു നൽകി മോചന ഉത്തരവ് കൂടി ലഭിച്ചാലേ റഹീം ജയിൽ മോചിതനാകൂ. മോചന ഉത്തരവ് സംബന്ധിച്ച അന്തിമ വിധി നീളുന്നത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.