‘വിദേശത്ത് സ്വപ്ന ജോലി’; കോടികൾ തട്ടിയത് പല പേരുകളിൽ, മലയാളി പിടിയിൽ

Mail This Article
കുട്ടനാട് ∙ വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു സംസ്ഥാന വ്യാപകമായി കോടികളുടെ തട്ടിപ്പു നടത്തിയ തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ. നെടുമങ്ങാട് ഉഴമലയ്ക്കൽ പഞ്ചായത്ത് 2-ാം വാർഡിൽ കുര്യാത്തി താജ് മൻസിൽ വീട്ടിൽ താജുദീനെ ആണു (54) കൈനടി പൊലീസ് ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
രാമങ്കരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നിലവിൽ കോയമ്പത്തൂർ സൗത്ത് ഉക്കടത്താണ് താമസിക്കുന്നത്. പ്രദീപ് നായർ, വിജയകുമാർ, സന്തോഷ് എന്നീ പേരിൽ പല സ്ഥലങ്ങളിൽ ഇയാൾ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. ലാപ്ടോപ്, മൊബൈൽ ഫോണുകൾ, പല ബാങ്കുകളുടെ 15 എടിഎം കാർഡുകൾ, വ്യാജ തിരിച്ചറിയൽ രേഖകൾ എന്നിവ ഇയാളിൽനിന്നു പിടിച്ചെടുത്തു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നായി 30 പേരിൽ നിന്ന് ഏകദേശം ഒന്നര കോടിയോളം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
കൈനടി പൊലീസ് സ്റ്റേഷനിൽ മാത്രം 5 കേസുകളാണ് ഇയാൾക്കെതിരെ റജിസ്റ്റർ ചെയ്തിട്ടുള്ളത്. തിരുവനന്തപുരം, വഞ്ചിയൂർ, കൊല്ലം, കരുനാഗപ്പള്ളി, കണ്ണൂർ, തലശ്ശേരി പാലക്കാട് വടക്കാഞ്ചേരി, തൃശൂർ, കുന്നംകുളം, വരന്തരപള്ളി തുടങ്ങിയ സ്റ്റേഷനുകളിലും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. 2019ൽ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലും മണ്ണുത്തി പൊലീസ് സ്റ്റേഷനിലും 2021ൽ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലും റജിസ്റ്റർ ചെയ്ത കേസുകളിൽ വിചാരണ നേരിട്ടു വരികയാണ്.