സന്ദർശകരുടെ ഒഴുക്ക്; മസ്‌കത്ത് നൈറ്റ്‌സ് ഫെസ്റ്റിവല്‍ ഫെബ്രുവരി ഒന്ന് വരെ തുടരും

Mail This Article
മസ്‌കത്ത് ∙ മസ്‌കത്ത് നൈറ്റ്‌സ് ഫെസ്റ്റിവല്‍ ഫെബ്രുവരി ഒന്ന് വരെ തുടരും. പൊതുജനങ്ങളുടെയും സംരംഭകരുടെയും സംഘാടകരുടെയും ആവശ്യം പരിഗണിച്ചാണ് ഫെസ്റ്റിവല്‍ നീട്ടുന്നതെന്ന് മസ്‌കത്ത് നഗരസഭ പ്രസ്താവനയില്‍ പറഞ്ഞു. ജനുവരി 23 വരെയാണ് നേരത്തെ തീയതി നിശ്ചയിച്ചിരുന്നത്. ഡിസംബര്‍ 23 മുതല്‍ ഏഴ് വേദികളിലായി അരങ്ങേറുന്ന ഫെസ്റ്റിവലില്‍ ജനുവരി ഏഴ് വരെ അഞ്ച് ലക്ഷത്തില്‍ പരം സന്ദര്‍ശകരെത്തിയതായും അധികൃതര്‍ അറിയിച്ചു.
ഓരോ ദിവസവും ആയിരങ്ങളാണ് മസ്‌കത്ത് നൈറ്റ്‌സ് വേദികളിലെത്തുന്നത്. കുടുംബങ്ങളെയും ബാച്ചിലര്‍മാരെയും ഒരുപോലെ ആകര്‍ഷിക്കുന്ന ആഘോഷ നഗരികള്‍ വെള്ളി, ശനി ദിവസങ്ങളിലാണ് നിറഞ്ഞുകവിയുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ ഇവിടേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഖുറം നാച്ചുറല്‍ പാര്‍ക്കില്‍ ഒരുക്കിയ പുഷ്പ മേളയാണ് പ്രധാന ആകര്‍ഷണം. ആമിറാത്ത് പാര്‍ക്കിലും നസീം ഗാര്‍ഡനിലും കൂടുതല്‍ സന്ദര്‍ശകരെത്തുന്നു. ഒമാന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്‍ ഗ്രൗണ്ട്, ഒമാന്‍ കണ്‍വന്‍ഷന്‍ ആൻഡ് എക്‌സിബിഷന്‍ സെന്റര്‍, സൂര്‍ അല്‍ ഹദീദ് എന്നിവിടങ്ങളിലും വ്യത്യസ്ത അനുബന്ധ പരിപാടികളും അരങ്ങേറുന്നു.
ദിവസവും വൈകുന്നേരം നാലുമണി മുതല്‍ രാത്രി 11 മണി വരെയാണ് മസ്‌കത്ത് നൈറ്റ്‌സ് വേദികളില്‍ പരിപാടികള്‍ നടക്കുക. വാരാന്ത്യങ്ങളില്‍ ഖുറം നാച്ചുറല്‍ പാര്‍ക്ക് ഒഴികെയുള്ള സ്ഥലങ്ങളില്‍ 12 മണിവരെ പൊതു ജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. വേദികള്‍ക്കരികിലോ പ്രദേശത്തോ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന് റോയല്‍ ഒമാന്‍ പൊലീസും രംഗത്തുണ്ട്.