റോബോട്ടിക് സഹായത്തോടെ കൃത്രിമ ഹൃദയ പമ്പ് സ്ഥാപിക്കൽ വിജയകരമാക്കി റിയാദ്

Mail This Article
റിയാദ് ∙ ലോകത്തിലെ ആദ്യത്തെ റോബോട്ടിക് സഹായത്തോടെയുള്ള കൃത്രിമ ഹൃദയ പമ്പ് (ഹാർട്ട്‌മേറ്റ് 3) സ്ഥാപിക്കൽ വിജയകരമായി പൂർത്തിയാക്കി കിങ് ഫൈസൽ സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെൻററിലെ വിദഗ്ധ സംഘം. ഹൃദയസ്തംഭനം മൂലം 120 ദിവസത്തോളം ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന 35 വയസ്സുകാര നിലാണ് ശസ്ത്രക്രിയ നടത്തിയത്.
നെഞ്ചിൽ ഘടിപ്പിച്ചിരിക്കുന്ന കൃത്രിമ പമ്പ് ഇടത് വെൻട്രിക്കിൾ എന്നറിയപ്പെടുന്ന ഹൃദയത്തിന്‍റെ താഴത്തെ അറയിൽ നിന്ന് ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് രക്തം പമ്പ് ചെയ്യാൻ സഹായിക്കുന്നു.
ഒരു കൺട്രോളർ യൂണിറ്റും ബാറ്ററി പായ്ക്കും ശരീരത്തിന് പുറത്ത് ധരിക്കണം. ചർമ്മത്തിലെ ചെറിയ തുളയിലൂടെ എൽവിഎഡിയുമായി ഈ പായ്ക്കിനെ ബന്ധിപ്പിക്കും. ഹൃദയ ശസ്ത്രക്രിയാ വിഭാഗം മേധാവിയും ആശുപത്രിയിലെ റോബോട്ടിക്‌സ് ആൻഡ് മിനിമലി ഇൻവേസീവ് സർജറി പ്രോഗ്രാമിന്‍റെ ഡയറക്ടറുമായ ഡോ. ഫെറാസ് ഖലീലിന്‍റെ നേതൃത്വത്തിലായിരുന്നു ചികിത്സ. രോഗി തീവ്രപരിചരണ വിഭാഗത്തിൽ നാല് ദിവസം മാത്രമാണ് ചെലവഴിച്ചത്. 63 ദിവസത്തിന് പകരം രോഗി 10 ദിവസത്തിനുള്ളിൽ ഡിസ്ചാർജ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റോബോട്ടിക് സഹായത്തോടെയുള്ള ശസ്ത്രക്രിയയുടെ കൃത്യതയും സുരക്ഷിതത്വവും ഡോ. ഖലീൽ ഊന്നിപ്പറഞ്ഞു. ഓപ്പറേഷൻ സമയത്തോ ശേഷമോ രോഗിക്ക് അണുബാധയോ രക്തസ്രാവമോ അനുഭവപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. ലോകത്തിലെ ആദ്യത്തെ സമ്പൂർണ റോബോട്ടിക് ഹൃദയം മാറ്റിവയ്ക്കൽ, റോബോട്ടിക് കരൾ മാറ്റിവയ്ക്കൽ എന്നിവ ഉൾപ്പെടെയുള്ള ആഗോള നേട്ടങ്ങളുടെ കെഎഫ്എസ്എച്ച്ആർസിയുടെ പൈതൃകത്തെ അടിസ്ഥാനമാക്കിയാണ് ഈ വിജയം.