ചോക്ലേറ്റ് ഇഷ്ടമല്ലാത്തവർ പോലും സ്വപ്നം കാണുന്ന 'ദുബായ് ചോക്ലേറ്റ്'; ഇത്രയ്ക്ക് വൈറലാവാൻ കാരണം ഈ 'രഹസ്യം'?

Mail This Article
ഒരു പേരിലെന്തിരിക്കുന്നു എന്നു ചോദിച്ചാൽ, പേരിൽ ഒരുപാടിരിക്കുന്നു എന്നതാണ് ഉത്തരം. പേരിലൊന്നും വല്യ കാര്യമില്ലെന്ന് പറയാൻ വരട്ടെ. ഒരു പേരുമതി പെരുമയ്ക്കും പേരു ദോഷത്തിനും. പറഞ്ഞു വരുന്നത് ഒരു ചോക്‌ലേറ്റിനെക്കുറിച്ചാണ്. പണ്ട്, ഗൾഫുകാർ നാട്ടിൽ വരുമ്പോൾ, അവർകൊണ്ടു വരുന്ന ചോക്‌ലേറ്റുകളായിരുന്നു, നാട്ടിലെ പ്രധാന ആകർഷണം. കടിച്ചാൽ പല്ലടക്കം പൊട്ടുന്നതും, പല്ലിൽ ഒട്ടുന്നതുമായ മിഠായികൾ കണ്ടു ശീലിച്ചവർക്കിടയിൽ മക്കെൻടോഷും കിറ്റ്കാറ്റും സ്നിക്കേഴ്സും കൊണ്ടുവന്ന വിപ്ലവം ചെറുതല്ല.
ഒരു ഗൾഫുകാരൻ വന്നു പോകുമ്പോൾ, ആ നാട്ടിലാകെ നിറയുന്നത് മിഠായി മധുരവും പെർഫ്യൂം മണവുമാണ്. കൂട്ടത്തിൽ സ്റ്റീരിയോ പാട്ടും. കുപ്പിയും ഫോറിൻ കൈലിയും 555 സിഗരറ്റും എല്ലാവർക്കുമില്ല. പക്ഷേ, മിഠായിയുടെ ഒരറ്റം അതിന് എല്ലാവർക്കും അവകാശമുണ്ട്. വർണക്കടലാസിൽ ഉരുണ്ടതും പരന്നതും ചതരുത്തിലുള്ളതും കുഴിവുള്ളതും കട്ടപാകിയതുമായ മിഠായികൾ. ഏതൊരു മലയാളിയുടെയും ഓർമകളിൽ മധുരം നിറയ്ക്കുന്നതാണ്, ഗൾഫ് മിഠായികൾ.
കാലമെത്ര പോയി. ഫോറിൻ കൈലിയും സ്റ്റീരിയോയുമൊക്കെ ഓർമകളുടെ ചുവരിൽ പടമായി. എങ്കിലും ഒളിമങ്ങാതെ തിളങ്ങുന്നതു ചോക്‌ലേറ്റുകൾ മാത്രം. എത്ര കിട്ടിയാലും മടുക്കാത്ത മധുരമാണത്. പഴയ സ്ഥിരം ബ്രാൻഡുകൾക്കിടിയിലേക്ക് പുതിയതായി ഒരുപാട് പേർ കടന്നുവന്നു. ലിൻഡും ഫ്രേയും പാച്ചിയും ലാബല്ലെയും എന്നു വേണ്ട ബ്രാൻഡുകൾ പലതായി. ഇതിനിടെ, മൗത്ത് പബ്ലിസിറ്റിയിലൂടെ താരമായ ചോക്‌ലേറ്റാണ് ദുബായ് ചോക്‌ലേറ്റ്. ദുബായിലെ എല്ലാ ചോക്‌ലേറ്റും ദുബായ് ചോക്‌ലേറ്റ് തന്നെയാണെങ്കിലും ആ പേരിലൊരാൾ ഇതിനിടെ അവതരിച്ചു. കുനാഫയും പിസ്താഷ്യോയും ചേർന്ന് വളരെ കുറഞ്ഞ ഷെൽഫ് ലൈഫോടെയുള്ള ഒരു പുത്തൻകൂട്ടുകാരൻ. ചില പ്രത്യേക കേന്ദ്രങ്ങളിൽ മാത്രമാണ് ഈ ചോക്‌ലേറ്റുകൾ വിറ്റിരുന്നത്. ഇതിനിടെ ഒരു കമ്പനി ഇതേ കോംപിനേഷനിൽ ചോക്‌ലേറ്റ് പുറത്തിറക്കി.

നിശ്ചിത സമയത്തു മാത്രം ലഭിക്കുന്ന അപൂർവതയാണ് ആ ചോക്‌ലേറ്റിനു ഡിമാൻഡ് കൂട്ടിയത്. വേണ്ടവർ ബുക്ക് ചെയ്യണം. ബുക്ക് ചെയ്തവർക്കു മാത്രം ചോക്‌ലേറ്റ്. രണ്ടു – മൂന്നു ദിവസം മാത്രമേ ഇരിക്കൂ എന്നതും ചോക്‌ലേറ്റിന്റെ വൻകിട ഉൽപാദനത്തിനു തടസ്സമായി. കുറഞ്ഞ ഉൽപാദനമായതിനാൽ വിപണിയിൽ ക്ഷാമവും പിടിച്ചുപറയുമുണ്ടായി.
ദുബായിൽ നിന്നു വരുമ്പോൾ ദുബായ് ചോക്ലേറ്റ് കൊണ്ടുവരണേ എന്നു പറയത്തക്ക വിധം സംഗതിയുടെ പേരും പെരുമയും കടലേഴും കടന്നു. ഇതിന്റെ റെസിപ്പി എന്താണെന്നും എങ്ങനെയാണെന്നും അറിയാതെ പലരും അവർക്കു തോന്നുന്ന പോലെ ഉണ്ടാക്കി.
ഇതിനിടയിലാണ് ഒരു സംഭവം നടന്നത്, അതും ജർമനിയിൽ. തുർക്കിയിൽ നിർമിച്ച് ദുബായ് ചോക്‌ലേറ്റ് എന്ന പേരിൽ ഒരു ഐറ്റം അവിടത്തെ സൂപ്പർ മാർക്കറ്റുകളിൽ വിൽപ്പനയ്‌ക്കെത്തി. സംഗതി ഏതാണ്ട് ദുബായിൽ കിട്ടുന്ന ചോക്‌ലേറ്റ് പോലെയാണെങ്കിലും അതിലൊരു ശരികേടുണ്ടെന്നും ജർമനിയിലെ ഒരു വ്യവസായിക്കു തോന്നി. തുർക്കിയിൽ ഉണ്ടാക്കുന്നതിനെ തുർക്കി ചോക്‌ലേറ്റ് എന്നു വിളിച്ചാൽ പോരേ? എന്തിനാണ് ദുബായ് ചോക്‌ലേറ്റ് എന്നു വിളിക്കുന്നത്?

അദ്ദേഹം കോടതിയിൽ പോയി. വാദങ്ങൾ നിരത്തി. സംഗതി കോടതിക്കും ബോധ്യപ്പെട്ടു. ചോക്‌ലേറ്റ് വിറ്റിരുന്ന ജർമനിയിലെ സൂപ്പർമാർക്കറ്റിനോട് വിൽപന നിർത്താൻ ആവശ്യപ്പെട്ടു. തുർക്കിയിലെ ദുബായ് ചോക്‌ലേറ്റിനെ ജർമൻ കോടതി നിരോധിച്ചു. ദുബായ് ചോക്‌ലേറ്റിന് ഇതോടെ, വീണ്ടും ഡിമാൻഡ് കൂടി.
ജർമൻ കോടതിയിലൊക്കെ കയറിയതിന്റെ ഗമ കൂടി ചേർത്താണ് ഇപ്പോൾ ചോക്‌ലേറ്റിന് ഡിമാൻഡ്. അറിയാത്തവർ കൂടി അറിഞ്ഞില്ലേ. എവിടെ നിന്നോ പൊട്ടി വീണ്, രാജ്യാന്തര കോടതികൾ വരെ കയറിയ ദുബായ് ചോക്‌ലേറ്റ് ഉൽഭവത്തിന്റെയും വിൽപനയുടെയും കാര്യത്തിൽ ഇതുവരെയില്ലാത്ത ചരിത്രമുണ്ടാക്കുകയാണ്.
റഷ്യയിൽ നിന്നു വന്നൊരു സായിപ്പാണിതിന്റെ പിന്നിലെന്നും ഫിലിപ്പീൻസിൽ നിന്നുള്ള ഒരു ഷെഫാണ് ഇതിന്റെ ഉടയവനെന്നുമെല്ലാം നാട്ടിൽ കഥകളുണ്ട്. അങ്ങനെ പല കഥകൾ കടന്ന്, ഈ കരാമ കഥയിലും എത്തി. ഇനിയെന്താവുമോ കഥ?