ADVERTISEMENT

മനാമ ∙ ബഹ്‌റൈൻ കേരളീയ സമാജത്തിൽ ഒന്നരമാസത്തോളം നീണ്ടു നിൽക്കുന്ന കലാമത്സരങ്ങളുടെ വേദിയാകും. പതിനൊന്നു വർഷങ്ങൾക്കുശേഷമാണ് സമാജത്തിൽ അംഗങ്ങൾക്ക് വേണ്ടിയുള്ള കേരളോത്സവത്തിന് വീണ്ടും തിരശീല ഉയരുന്നതെന്ന് സമാജം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളോത്സവം 2025 മത്സരങ്ങൾക്ക് ഫെബ്രുവരി 19ന് തുടക്കമാകും.

ബഹ്‌റൈൻ കേരളീയ സമാജം കുടുംബാംഗങ്ങളുടെ കലാ-സാംസ്‌കാരിക-സാഹിത്യ വാസനകൾ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി 2000 ൽ രൂപീകരിക്കപ്പെട്ട പരിപാടിയാണ് കേരളോത്സവം. സമാജം അംഗങ്ങൾക്കും 18 വയസ്സ് തികഞ്ഞ കുടുംബാംഗങ്ങൾക്കും പങ്കെടുക്കാവുന്ന കേരളോത്സവത്തിന്റെ ഭാഗമായി നിരവധി വ്യക്തിഗത-ഗ്രൂപ്പ് ഇന മത്സരങ്ങളാണ് നടക്കുക. 1500ൽ പരം അംഗങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും ഹിന്ദോളം, അമൃതവർഷിണി, മേഘമൽഹാർ, നീലാംബരി, ഹംസധ്വനി എന്നിങ്ങനെ അഞ്ചു ഗ്രൂപ്പുകളായി തിരിച്ചാണ് പരിപാടികൾ നടത്തുക.

ഈ മാസം 19 ഓടെ ആരംഭിക്കുന്ന പരിപാടികൾ ഫെബ്രുവരി മാസം അവസാനം വരെ നീണ്ടുനിൽക്കും. ആദ്യ ഘട്ടത്തിൽ സ്റ്റേജിതര മത്സരങ്ങളും തുടർന്ന് വ്യക്തിഗത മത്സരങ്ങളും ഒടുവിൽ ഗ്രൂപ്പ് മത്സരങ്ങളും എന്ന രീതിയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.

നൃത്ത-സംഗീത-കലാ-സാഹിത്യ മത്സര ഇനങ്ങൾക്ക് പുറമെ അംഗങ്ങളുടെ മറ്റു കഴിവുകളും പ്രകടിപ്പിക്കാനുള്ള ഒരു വേദിയായാണ് കേരളോത്സവം 2025 ചിട്ടപ്പെടുത്തിയിരിക്കുന്നത്. അംഗങ്ങളുടെ അഞ്ചു ഗ്രൂപ്പുകളും വ്യത്യസ്തമായി സമാജം അങ്കണത്തിൽ ‘ഡ്രീംസ്ക്കേപ്സ് – ഭാവനാത്മക ലോകത്തിലേക്കു ഒരു യാത്ര’ എന്ന പ്രമേയത്തെ ആസ്പദമായി മത്സരിച്ചൊരുക്കുന്ന ആർട്ട് ഇൻസ്റ്റലേഷൻ ജനുവരി 30ന് പൂർത്തിയാകും. ജനുവരി 31 നു വൈകിട്ട് 3 മണിക്ക് നടക്കുന്ന മാസ് പെയിന്റിങ് മത്സരത്തിൽ വ്യത്യസ്ത ഗ്രൂപ്പുകളുടേതായി അഞ്ചു മീറ്റർ കാൻവാസിലുള്ള അഞ്ചു ചിത്രകലാ സൃഷ്ടികൾ നിർമിക്കും. ഇവ ഫെബ്രുവരി അവസാനം വരെ സമാജം അങ്കണത്തിൽ പൊതുദർശനത്തിനായി പ്രദർശിപ്പിക്കുന്നതാണ്.

‘എൺപതുകളുടെ ഓളവും എൺപതോളം രുചികളും’ എന്ന ടാഗ് ലൈനിൽ എത്തുന്ന കേരളോത്സവത്തിലെ ഏറ്റവും നിറമാർന്നതാകുമെന്നു പ്രതീക്ഷിക്കുന്ന പരിപാടിയാണ് 'എൺപതോളം.' എന്ന മെഗാ രുചിമേള. ഫെബ്രുവരി 21ന് നടക്കുന്ന ഈ പരിപാടി ഗൃഹാതുരത്വമുണർത്തുന്ന പഴയകാല വസ്ത്രരീതിയും സ്റ്റാളുകളും പാട്ടുകളും ഫ്ലാഷ് മോബും അങ്ങനെ എല്ലാം എൺപതുകളുടെ കാലഘട്ടത്തെ ഓർമ്മപ്പെടുത്തുന്ന വിധത്തിലാണ്  നടത്തുക. മികച്ച വസ്ത്രം, മികച്ച അലങ്കാരം, മികച്ച ഫ്ലാഷ് മോബ് എന്നിങ്ങനെ 80 കളെ ആസ്പദമാക്കി നടക്കുന്ന മത്സരങ്ങളും മികച്ചതും വ്യത്യസ്തവുമായ ഭക്ഷണ പദാർത്ഥങ്ങൾ വിളമ്പുന്ന മത്സരവും ഈ പരിപാടിയെ എന്നും ഓർമിപ്പിക്കുന്നതാക്കും എന്നാണു പ്രതീക്ഷിക്കുന്നത്. 80കളിലെ വേഷ വിധാനത്തിൽ പങ്കെടുക്കാൻ കാണികളെയും പ്രേരിപ്പിക്കുന്ന പരിപാടിയിൽ കാണികൾക്കായും  സമ്മാനങ്ങൾ ഉണ്ടാകും.

ആഷ്‌ലി കുര്യൻ ജനറൽ കൺവീനറായും, വിപിൻ മോഹൻ, ശ്രീവിദ്യ വിനോദ്, സിജി ബിനു എന്നിവർ ജോയിന്റ് കൺവീനർമാരായും, സമാജം സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ എക്സ് ഒഫിഷ്യോയായും ഉള്ള സംഘാടക സമിതിയിൽ അൻപതോളം അംഗങ്ങളാണുള്ളത്. സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, ആക്ടിങ് പ്രസിഡണ്ട് ദിലീഷ് കുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ സംസാരിച്ചു.

English Summary:

Keralotsavam at Bahrain Keraleeya Samajam

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com