ADVERTISEMENT

ദുബായ് ∙ പോളണ്ട്, യുകെ എന്നീ രാജ്യങ്ങളിലെ വിദേശികളുടെ മനം കീഴടക്കിയ മലയാളി ബ്രാൻഡ് ബീയർ ഇനി ഗൾഫിലും. വൈകാതെ കൊച്ചിയിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലും ഈ മലയാളിയെ പ്രതീക്ഷിക്കാം. ഉൽപാദനം തുടങ്ങി മൂന്നാം വർഷം തന്നെ നിലവിലെ ബ്രാൻഡുകൾക്ക് ഒപ്പമെത്താൻ കഴിഞ്ഞതിന്റെ പെരുമയുമായാണ് മലയാളി എത്തുന്നത്. അര ലീറ്റർ ബോട്ടിലിന് 10 ദിർഹമാണ് വില. 

പോളണ്ടിൽ ഇൻഡോ – പോളിഷ് ചേംബർ ഓഫ് കൊമേഴ്സ് ഡയറക്ടർ പാലക്കാട് വടക്കന്ത്ര ചന്ദ്രമോഹൻ നല്ലൂരാണ് മലയാളി ബീയറിന്റെ ഉപജ്ഞാതാവ്. പാലക്കാട് സ്വദേശിയായ സർഗീവ് സുകുമാരനുമായി ചേർന്നാണ് കമ്പനി തുടങ്ങിയത്.  പോളണ്ടിലെ ആഫ്രിക്കക്കാർക്ക് ഇന്ത്യയിൽ നിന്ന് അവൽ വേണമെന്ന ആവശ്യത്തിൽനിന്നുമാണ് കഥ തുടങ്ങുന്ന്. വാരാണസിയിൽ നിന്ന് 5 ടൺ അവൽ ചന്ദ്രമോഹൻ ഇറക്കുമതി ചെയ്തു. 

ജർമൻ തുറമുഖത്ത് ലോഡ് എത്തിയതും റഷ്യ – യുക്രെയ്ൻ യുദ്ധം തുടങ്ങിയതും ഒറ്റ ദിവസമായിരുന്നു. ഡോളറിന്റെ വില കുതിച്ചു കയറിയതോടെ പോളിഷ് കറൻസിയുടെ മൂല്യം കുറഞ്ഞു. അപ്പോഴത്തെ ഡോളറിന്റെ വിലയ്ക്ക് അവൽ വാങ്ങാനാവാതെ ആഫ്രിക്കക്കാർ പിൻമാറി. 

Image Credit: Facebook/chandu.nallur
Image Credit: Facebook/chandu.nallur

അഡ്വാൻസ് പണം മടക്കി നൽകേണ്ടെന്നും, ഓർഡർ കാൻസൽ ചെയ്യുകയാണെന്നും അവർ അറിയിച്ചു. 5 ടൺ അവൽ വളർത്തുമൃഗങ്ങൾക്ക് ആഹാരം ഉണ്ടാക്കാൻ നൽകാനായി പെറ്റ് ഫുഡ് നിർമാതാക്കളെ സമീപിച്ചു. എന്നാൽ പരീക്ഷണങ്ങൾക്കു തന്നെ കുറഞ്ഞത് 9 മാസമെങ്കിലുമെടുക്കും. യുകെയിലെ കൊമ്പൻ എന്ന ബീയറിനെക്കുറിച്ച് ഈ സമയത്താണു കേട്ടത്. അവലുമായി പോളണ്ടിലെ ഒരു ബ്രൂവറിയെ സമീപിച്ചു. അവർ രണ്ടുകയ്യും നീട്ടി സ്വീകരിച്ചു. പക്ഷേ, കുറഞ്ഞത് 2000 ലീറ്ററെങ്കിലും ഉണ്ടാക്കണമെന്നു പറഞ്ഞു. അരി ഉപയോഗിച്ചു ഭക്ഷണമുണ്ടാക്കുന്ന റസ്റ്ററന്റുകൾ കണ്ടെത്തി, ബീയർ അവർക്കു നൽകി. ആഹാരത്തിന്റെ കൂടെ പുതിയ അരി ബീയർ വിളമ്പിയതിനെ വെള്ളക്കാരും ഇന്ത്യക്കാരും ഒരുപോലെ സ്വീകരിച്ചു. പിന്നാലെ, റസ്റ്ററന്റുകൾ പുതിയ സ്റ്റോക്കിനായി ഓർഡർ നൽകി. പ്രാദേശികമായി ലഭിക്കുന്ന അരി അടക്കമുള്ള അസംസ്കൃത വസ്തുക്കൾ ചേർത്ത് ബീയർ ഉണ്ടാക്കി. 

മലയാളി ബീയർ അബുദാബിയിൽ വിൽപനയ്ക്ക് എത്തിയപ്പോൾ.
മലയാളി ബീയർ അബുദാബിയിൽ വിൽപനയ്ക്ക് എത്തിയപ്പോൾ.

പോളണ്ട് അതിർത്തിയിൽ യുക്രെയ്‌നിൽ നിന്നുള്ള ഇന്ത്യക്കാർക്ക് സഹായം നൽകാൻ ആദ്യം ഓടിയെത്തിയത് ചന്ദ്രമോഹനും സുഹൃത്ത് പ്രദീപുമാണ്. ഇവരെക്കുറിച്ചുള്ള പത്ര വാർത്തയിൽ മലയാളി വൊളന്റിയർമാർ എന്നാണ് തലക്കെട്ട് വന്നത്. അങ്ങനെ ബീയറിന് പേരിട്ടു.

Image Credit: Instagram/nallurchandu
Image Credit: Instagram/nallurchandu

ആൽക്കഹോൾ ഇല്ലാത്ത ബീയറും മലയാളിക്കുണ്ട്. ബീയറിൽ നിന്ന് വോഡ്‌കയും ഇവർ നിർമിക്കുന്നുണ്ട്. 2022 നവംബറിലാണ് മലയാളി വിപണിയിൽ എത്തുന്നത്. ഇപ്പോൾ 7 ബ്രൂവറികളിൽ നിന്നാണ് ഉൽപാദനം. 40 ലക്ഷം ഡോളർ മൂല്യമുള്ള കമ്പനിയുമായി. പോളണ്ടുകാരിയാണ് ചന്ദ്രമോഹന്റെ ഭാര്യ. 

English Summary:

Malayali brand beer now in the Gulf too

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com