ഉംറ തീർഥാടകർക്ക് മെനിഞ്ചൈറ്റിസ് വാക്സീൻ നിർബന്ധം: കുവൈത്ത് ആരോഗ്യ മന്ത്രാലയം

Mail This Article
കുവൈത്ത് സിറ്റി ∙ രാജ്യത്ത് നിന്ന് ഉംറ നിർവഹിക്കാൻ പോകുന്ന തീർഥാടകർ മെനിഞ്ചൈറ്റിസ് വാക്സീൻ എടുക്കണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം. സൗദി അറേബ്യൻ അതോറിറ്റികളുടെ നിർദേശപ്രകാരമാണിത്. യാത്രയ്ക്ക് കുറഞ്ഞത് 10 ദിവസം മുൻപു തന്നെ വാക്സീൻ എടുത്തിരിക്കണം.
മുതിർന്നവർ മാത്രമല്ല ഒരു വയസ്സ് മുതൽ പ്രായമുള്ള എല്ലാ കുട്ടികളും നിർബന്ധമായും മെനിഞ്ചൈറ്റിസ് വാക്സീൻ (എസിവൈഡബ്ള്യു–135) എടുക്കണമെന്നാണ് പുതിയ നിബന്ധന. ഉംറ നിർവഹിക്കാൻ പോകുന്നവർ മാത്രമല്ല സൗദിയിൽ പ്രവാചകപള്ളി സന്ദർശിക്കാൻ പോകുന്നവരും വാക്സീൻ എടുത്തിരിക്കണം.
വാക്സീൻ എടുത്ത് 10 മുതൽ 15 ദിവസത്തിനകമാണ് ശരീരത്ത് ബാക്ടീരിയയ്ക്ക് എതിരെ പ്രതിരോധ ശേഷി ഉണ്ടാകുന്നത് എന്നതിനാലാണ് യാത്രയ്ക്ക് 10 ദിവസം മുൻപേ തന്നെ വാക്സീൻ എടുക്കണമെന്നു പറയുന്നത്. വാക്സീന് പാർശ്വഫലങ്ങൾ കുറവാണ്. കുത്തിവയ്പ് എടുക്കുന്ന സമയത്ത് ചെറിയ ചുമപ്പ് അല്ലെങ്കിൽ നേരിയ വേദന എന്നിവ മാത്രമാണ് ചിലർക്കുണ്ടാകുന്നത്.
തീർഥാടനത്തിന് പോകുന്നവർ തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നതും നല്ലതാണെന്നും മന്ത്രാലയം ഓർമ്മപ്പെടുത്തി. വാക്സീനേഷൻ സർട്ടിഫിക്കറ്റിന് 3 വർഷത്തെ കാലാവധിയുണ്ട്. രാജ്യത്തെ എല്ലാ ഹെൽത്ത് സെന്ററുകളിലും യാത്രാ ക്ലിനിക്കുകളിലും വാക്സീൻ ലഭിക്കും.