ട്രംപിന്റെ രണ്ടാമൂഴം; കരുത്തുകാട്ടി ഡോളർ, രൂപയുടെ ഇടിവിൽ നേട്ടം കൊയ്യാൻ പ്രവാസികൾ

Mail This Article
ദുബായ് ∙ അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേല്‍ക്കുകയാണ് തിങ്കളാഴ്ച. അധികാരകസേരയില്‍ ട്രംപ് ഇരിക്കും മുന്‍പേ തന്നെ ഡോളറിന്റെ മൂല്യം വർധിച്ചത് ഇന്ത്യന്‍ രൂപയുള്‍പ്പടെയുളള കറന്‍സികളെ പ്രതികൂലമായി ബാധിച്ചു.
ഒരു യുഎസ് ഡോളറിന് 86 രൂപ 58 പൈസയെന്നതാണ് വിനിമയനിരക്ക്. ഒരു യുഎഇ ദിർഹത്തിന് 23 രൂപ 57 പൈസയും. 2025 അവസാനമാകുമ്പോഴേക്കും ഡോളറുമായുളള ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം 87-90 ലെത്തുമെന്നാണ് പ്രവചനം. യുഎഇ ദിർഹം ഉള്‍പ്പടെയുളള ഗള്‍ഫ് കറന്‍സികളുമായും രൂപയുടെ മൂല്യം ഇടിഞ്ഞു. ഈ വർഷം അവസാനത്തോടെ ഒരു യുഎഇ ദിർഹത്തിന് 27 രൂപയെന്നതിലേക്ക് രൂപയുടെ മൂല്യം ഇടിയുമെന്നാണ് കണക്കുകൂട്ടല്‍.

∙ ഗള്‍ഫ് കറന്‍സികള്‍ക്ക് നേട്ടം
രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞത് ഗള്‍ഫ് കറന്‍സികള്‍ക്ക് നേട്ടമായി. ഒരു യുഎഇ ദിർഹത്തിന് 23 രൂപ 57 പൈസയാണ് വാരം അവസാനിക്കുമ്പോള്‍ വിനിമയനിരക്ക്. ഒരു ബഹ്റൈന്‍ ദിനാറിന് 230 രൂപ 49 പൈസയും ഒമാനി റിയാലിന് 225 രൂപ 67 പൈസയും ലഭിക്കും. കുവൈത്തി ദിനാറിന് 280 രൂപ 57 പൈസയാണ് വിനിമയനിരക്ക്. ഖത്തറി റിയാലിന് 23 രൂപ 74 പൈസയും. 23 രൂപ 8 പൈസ നല്‍കിയാല്‍ 1 സൗദി റിയാല്‍ ലഭിക്കും.

∙ രൂപയുടെ മൂല്യശോഷണം, മൂന്ന് കാരണങ്ങള്‍
യുഎസ് സാമ്പത്തിക മേഖലയിലുണ്ടായ കുതിപ്പാണ് ഡോളറിന് ഗുണകരമായതെന്ന് സാമ്പത്തികകാര്യ നിരീക്ഷകനായ ബർജീല്‍ ജിയോജിത് അസോസിയേറ്റ് വൈസ് പ്രസിഡന്റ് അബ്ദുള്‍ അസീസ് പറയുന്നു. ഇന്ത്യയിലെ വിദേശ നിക്ഷേപകർ വലിയ തോതില്‍ വിപണിയില്‍ നിന്ന് പണം പിന്‍വലിച്ചതും ക്രൂഡ് വില ഉയർന്നതും ഇന്ത്യന്‍ രൂപയ്ക്ക് തിരിച്ചടിയായി. പ്രധാനമായും ഈ മൂന്ന് കാരണങ്ങള്‍ പറയാമെങ്കിലും അതുമായി ബന്ധപ്പെട്ടുളള വലുതും ചെറുതുമായ മാറ്റങ്ങളെല്ലാം രൂപയുടെ മൂല്യത്തില്‍ പ്രതിഫലിച്ചു. ഇന്ത്യന്‍ രൂപയുടെ ശരാശരി മൂല്യം നിലനിർത്താന്‍ റിസർവ് ബാങ്ക് ഇടപെടാറുണ്ട്. ഇത്തവണയും അത്തരത്തിലൊരു ഇടപെടലുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം നടപടികള്‍ എടുക്കുന്നതിന് തിരിച്ചടിയായിയെന്നാണ് വിലയിരുത്തല്‍.
ട്രംപ് അധികാരത്തിലെത്തുമെന്ന് ഉറപ്പായതോടെ ഡോളറിന്റെ മൂല്യം ശക്തിപ്പെടുന്ന സാഹചര്യം വിപണിയിലുണ്ടായി. അതുകൊണ്ടുതന്നെ ട്രംപ് അധികാരമേറ്റെടുത്താല്‍ മൂല്യത്തില്‍ വർധനവുണ്ടാകുമെങ്കിലും വലിയ പ്രഖ്യാപനങ്ങള്‍ ട്രംപില്‍ നിന്നുണ്ടാകാത്ത പക്ഷം മൂല്യത്തില്‍ വലിയ വർധനവ് പ്രതീക്ഷിക്കുന്നില്ല. അതേസമയം ഇപ്പോഴുളള സാഹചര്യത്തില്‍ ഡോളറിന്റെ മൂല്യത്തില്‍ ഇടിവുണ്ടാകില്ലെന്നുളളതും ഉറപ്പ്. ഫെഡറല്‍ പലിശ നിരക്ക് ഉയർത്തുന്ന നടപടികള്‍ ട്രംപില്‍ നിന്നുണ്ടായാല്‍ വീണ്ടും ഡോളർ ശക്തിപ്പെടും. അപ്പോഴും മറ്റ് കറന്‍സികളെ അപേക്ഷിച്ച് യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യശോഷണം കുറവാണെന്നുളളതാണ് മറ്റൊരു വസ്തുത.

∙ ക്രൂഡ് വില ഉയരും
അധികാരമൊഴിയും മുന്‍പേ ജോ ബൈഡന്‍ റഷ്യന്‍ എണ്ണകമ്പനികള്‍ക്കും നൂറിലധികം കപ്പലുകള്‍ക്കും ഉപരോധം ഏർപ്പെടുത്തിയിരുന്നു. ട്രംപ് അധികാരത്തിലെത്തിയാലും ഇത് തുടരാനുളള സാധ്യതയാണ് മുന്നിലുളളത്. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി അടുത്തബന്ധമുണ്ടെങ്കിലും ഉപരോധത്തില്‍ ഇടപെടാന്‍ ട്രംപ് മടിക്കും. ഉപരോധം നിലവില്‍ വന്നതോടെ ഇന്ത്യയിലേക്കും ചൈനയിലേക്കുമുളള റഷ്യന്‍ എണ്ണ വിതരണ കപ്പലുകളുടെ ലഭ്യത കുറഞ്ഞു. ഇന്ത്യ ഉള്‍പ്പടെയുളള രാജ്യങ്ങള്‍ക്ക് ക്രൂഡിനായി മിഡില്‍ ഈസ്റ്റ് വിപണിയെ ആശ്രയിക്കേണ്ട സാഹചര്യം. റഷ്യന്‍ ഡിസ്കൗണ്ട് എണ്ണയുടെ സ്ഥാനത്ത് വലിയ വില കൊടുത്ത് ഇന്ത്യ എണ്ണ വാങ്ങും. ഇത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കും. മറുവശത്ത് ആവശ്യക്കാർ കൂടുന്നതോടെ ക്രൂഡ് വില ഉയരാനുളള സാധ്യതയാണുളളത്. ക്രൂഡ് വില ഉയരുന്നത് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഗുണകരമാണ്. വിലക്കയറ്റം പ്രതിഫലിക്കുമെങ്കിലും ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക മേഖല ശക്തിപ്പെടുന്നത് പ്രവാസികള്‍ക്കും ഗുണകരമാകും.

∙ ദിർഹവുമായി 27 ലേക്ക് വീഴുമോ?
2025 അവസാനമാകുമ്പോഴേക്കും യുഎസ് ഡോളറുമായുളള ഇന്ത്യന്‍ രൂപയുടെ വിനിമയമൂല്യം 90 രൂപയിലേക്ക് എത്തുമെന്നാണ് അബ്ദുള്‍ അസീസിന്റെ വിലയിരുത്തല്‍. യുഎഇ ദിർഹവുമായുളള വിനിമയ മൂല്യം കണക്കാക്കുമ്പോള്‍ 1 ദിർഹത്തിന് 26-27 ഇന്ത്യന്‍ രൂപ എന്നരീതിയിലേക്ക് എത്താനുളള സാധ്യതയാണ് മുന്നിലുളളത്.
അതേസമയം തന്നെ വരും ദിവസങ്ങളില്‍ യുഎസ് ഡോളറുമായുളള ഇന്ത്യന്‍ രൂപയുടെ വിനിമയമൂല്യം 87-88 ഇന്ത്യന്‍ രൂപയെന്ന രീതിയിലേക്ക് എത്തും. യുഎഇ ദിർഹവുമായി, ഒരു ദിർഹത്തിന് 24 ഇന്ത്യന്‍ രൂപയെന്ന രീതിയിലേക്ക് താഴും. രാജ്യാന്തര വിപണിയിലെ മാറ്റങ്ങള്‍ രൂപയുടെ മൂല്യത്തില്‍ പ്രതിഫലിക്കുമ്പോള്‍, സ്വഭാവികമായും ആർബിഐ ഇടപെടലിന് പരിമിതികളുണ്ട്. പ്രവാസികളെ സംബന്ധിച്ച് അയക്കുന്ന പണത്തിന് കൂടുതല്‍ മൂല്യം എന്നുളളതാണ് രൂപയുടെ മൂല്യത്തകർച്ചയിലുണ്ടാകുന്ന നേട്ടം. എന്നാല്‍ രൂപയുടെ മൂല്യമിടിയുന്നത് രാജ്യത്ത് പണപ്പെരുപ്പത്തിനും വിലക്കയറ്റത്തിനും ഇടയാക്കുമെന്നുളളത് മറുവശം.
(വിവരങ്ങള്‍ക്ക് കടപ്പാട് ബർജീല്‍ ജിയോജിത് അസോസിയേറ്റ് വൈസ് പ്രസിഡന്റ് അബ്ദുള്‍ അസീസ്)