എഐയെ കൂട്ടുപിടിച്ച് സൈബർ കുറ്റവാളികൾ: യുഎഇ ദിവസേന തടയുന്നത് 2 ലക്ഷം ആക്രമണം

Mail This Article
അബുദാബി ∙ യുഎഇയിൽ നിർമിത ബുദ്ധി (എഐ) അടിസ്ഥാനമായുള്ള സൈബർ ആക്രമണങ്ങൾ വർധിക്കുന്നു. ഏതാനും ആഴ്ചകളിലായി ദിവസേന 2 ലക്ഷത്തോളം സൈബർ ആക്രമണങ്ങളാണ് യുഎഇ തടഞ്ഞത്. എഐ ഉപയോഗം വ്യാപകമായതോടെ തട്ടിപ്പുകളും വർധിച്ചതായും ജാഗ്രത പാലിക്കണമെന്നും യുഎഇ സൈബർ സുരക്ഷാ കൗൺസിൽ ആവശ്യപ്പെട്ടു.
ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് നുഴഞ്ഞുകയറി രാജ്യത്തിന്റെയും സ്ഥാപനങ്ങളുടെയും വിലപ്പെട്ട ഡേറ്റയും മറ്റും കവരാനായിരുന്നു സൈബർ ആക്രമണകാരികളുടെ ശ്രമം. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളെയും തന്ത്രപ്രധാന മേഖലകളെയും ലക്ഷ്യമിട്ട് എത്തിയ സൈബർ ആക്രമണ പരമ്പരകൾ തടയുന്നതിൽ രാജ്യം വിജയിച്ചതായി കൗൺസിൽ അറിയിച്ചു.
സൈബർ സുരക്ഷാ രംഗത്ത് രാജ്യത്തിന്റെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തി ആക്രമണങ്ങൾ തടയുന്നതായി കൗൺസിൽ വ്യക്തമാക്കി. സമീപ ആഴ്ചകളിലിലായി എഐ അധിഷ്ഠിത ആക്രമണങ്ങളുടെ എണ്ണം കൂടിയെന്നും സൂചിപ്പിച്ചു. നവീന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഹാക്കർമാരുടെ ഉറവിടവും കണ്ടെത്താൻ സാധിച്ചു.

നൂതന സാങ്കേതിക വിദ്യ ജനജീവിതം എളുപ്പമാക്കുന്നതോടൊപ്പം പുതിയ വെല്ലുവിളികൾ ഉയർത്തുന്നത് അതീവ ഗൗരവമായി എടുക്കണമെന്നാണ് നിർദേശം. ഏറ്റവും പുതിയ ആന്റിവൈറസ് ഉപയോഗിച്ച് സൈബർ സുരക്ഷ ശക്തമാക്കണം. സുരക്ഷിത പ്ലാറ്റ് ഫോമുകൾ ഉപയോഗിച്ച് ഓൺലൈൻ ഇടപാട് നടത്താം. രഹസ്യവിവരങ്ങൾ ആരുമായും പങ്കിടരുത്.
അപരിചിതരുമായി ആശയവിനിമയം പാടില്ല, അപരിചിതമായ ലിങ്കിൽ പ്രവേശിക്കാതിരിക്കുക, ഇമെയിലുകളും സന്ദേശങ്ങളും ശ്രദ്ധാപൂർവം കൈകാര്യം ചെയ്യുക എന്നിവയാണ് മറ്റു പ്രധാന നിർദേശങ്ങൾ. സുരക്ഷ ഉറപ്പാക്കാൻ രാജ്യം 24 മണിക്കൂറും സൈബർ നിരീക്ഷണം ശക്തമാക്കിയെന്ന് സൈബർ സുരക്ഷാ കൗൺസിൽ മേധാവി ഡോ. മുഹമ്മദ് അൽ കുവൈത്തി പറഞ്ഞു. പുതിയ സാങ്കേതികവിദ്യ സ്വീകരിക്കുമ്പോൾ 3 തരത്തിലുള്ള ഭീഷണി മുന്നിൽ കണ്ട് പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും ഓർമിപ്പിച്ചു.
സൈബർ തട്ടിപ്പ്/ആൾമാറാട്ടം, തെറ്റായ വിവരങ്ങൾ നൽകിയുള്ള സൈബർ ഭീകരത, സൈബർ യുദ്ധം എന്നിവയെ കരുതലോടെ നേരിടണം. വൈദ്യുതി, എണ്ണ, വാതകം, വ്യോമയാനം, ആരോഗ്യപരിപാലനം തുടങ്ങിയ നിത്യജീവിതവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിടുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ജാഗരൂകരാകണം. ഇത്തരം ഭീഷണികളെ നേരിടാൻ രാജ്യാന്തര സഹകരണവും ശക്തിപ്പെടുത്തി ആഗോളവിപത്തിനെതിരെ കൂട്ടായ പ്രവർത്തനങ്ങൾക്ക് ശക്തിപകരാനാകുമെന്നും പറഞ്ഞു.