കലകൾ മാനവികതയുടെ സന്ദേശങ്ങൾ കൈമാറുന്നതാവണം; 'സാഹിബും സ്രാങ്കും 'ടോക് ഷോ

Mail This Article
ദോഹ ∙ എല്ലാ കലകളും മാനവികതയുടെ സന്ദേശങ്ങൾ കൈമാറണമെന്ന് അബ്ദുസമദ് സമദാനി എം.പി പറഞ്ഞു. പാട്ടും സിനിമയും മറ്റ് കലകളും സമൂഹ നന്മക്കായിരിക്കെണമെന്നും അദ്ദേഹം പറഞ്ഞു. ദോഹയിൽ സെഡ് മീഡിയ സംഘടിപ്പിച്ച സെഡ് ടോക് 03 ടോക് ഷോ 'സാഹിബും സ്രാങ്കും' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു സമദാനി. ആദാമിന്റെ മകൻ അബുവിലെ സലിം കുമാറിന്റെ വേഷം ഇന്ത്യയുടെ ബഹുസ്വരത കൂടി അടയാളപ്പെടുത്തുന്നതാണ്.
ഖത്തർ ലോകകപ്പിലൂടെ ലോകത്തിന് നൽകിയതും ഈ സന്ദേശമായിരുന്നു. ആഭാസങ്ങളില്ലാത്ത കോമഡിയായിരുന്നു സിനിമയിൽ പണ്ട് ഉണ്ടായിരുന്നത്. എന്നാൽ ഇന്നതിന് മാറ്റം സംഭവിച്ചതായും അദ്ദേഹം പറഞ്ഞു. പുതിയ പാട്ടുകളിൽ നല്ല പാട്ടുകൾ ഉണ്ട് . എന്നാൽ പല പാട്ടുകൾക്കും നൈമിഷിക ആയുസുകൾ മാത്രമെ ഉള്ളൂ. പഴയ പാട്ടുകൾ പോലെ അതിനു ശ്വാശ്വതീകത്വം ഇല്ല. പഴയ പാട്ടുകൾ ഇപ്പോഴും ആളുകൾ പാടിക്കൊണ്ടിരിക്കുകയാണ്. അത് സമൂഹത്തിൽ നന്മയുടെ സന്ദേശം നല്കുന്നവ കൂടിയായിരുന്നു. കല എപ്പോഴും കലയായി നിൽക്കണമെങ്കിൽ ശ്വാശ്വതീകത്വം വേണമെന്നും സമദാനി പറഞ്ഞു.
കേരളത്തിലെ സിനിമക്കും മറ്റ് കലകൾക്കും സൗഹൃദത്തിന്റെ പാരമ്പരൃയമാണുള്ളതെന്ന് 'സാഹിബും സ്രാങ്കും ' എന്ന പരിപാടിയിൽ സംസാരിക്കവെ നടൻ സലിം കുമാർ പറഞ്ഞു. മലയളത്തിൽ അധിക ഹിന്ദു കഥാപാത്രങ്ങളെയും അവതരിപ്പിച്ചത് പ്രേം നസീറും മമ്മൂട്ടിയുമാണ്. മുസ്ലിം കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ബാലൻ കെ നായർ, കുതിരവട്ടം പപ്പു, ശ്രീമൂലനഗരം വിജയൻ തുടങ്ങിയ ഹിന്ദു മത വിശ്വാസികളായ നടൻമാർ ആയിരുന്നു. എന്നാൽ ഇന്ന് അത് സാധ്യമാണോ എന്നത് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വസ്ത്രത്തിലും വേഷത്തിലും വർഗീയത കാണുന്നവരെ തുറന്ന് എതിർക്കുക തന്നെ വേണമെന്നും സലിം കുമാർ കൂട്ടിച്ചേർത്തു. ആർ .ജെ . ഫെമിന പരിപാടിയുടെ മോഡറേറ്റർ ആയിരുന്നു. ഐസിസി പ്രസിഡന്റ് എ .പി മണികണ്ഠൻ, ഐ സി ബി എഫ് പ്രെസിഡന്റ് ഷാനവാസ് ബാവ , ഐ എസ് സി ജനറൽ സെക്രട്ടറി നിഹാദ് അലി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.