സൗദിയിൽ ട്രാഫിക് പിഴ ഇളവ്: സമയപരിധി അവസാനിക്കാൻ മൂന്ന് മാസം മാത്രം

Mail This Article
ജിദ്ദ ∙ സൗദിയിൽ ട്രാഫിക് പിഴയിൽ 50 ശതമാനം ഇളവ് നൽകുന്ന സമയപരിധി അവസാനിക്കാൻ ഇനി മൂന്ന് മാസമേയുള്ളൂ എന്ന് ജനറൽ ഡിപ്പാർട്ട്മെന്‍റ് ഓഫ് ട്രാഫിക് അറിയിച്ചു. സമയപരിധി അവസാനിക്കുന്നതിന് മുൻപ് പിഴകൾ അടയ്ക്കാൻ വേഗത്തിലാക്കണമെന്ന് വകുപ്പ് അഭ്യർഥിച്ചു. 2024 ഒക്ടോബറിൽ ആഭ്യന്തര മന്ത്രാലയം ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് നൽകിയത് ആറുമാസത്തേക്ക് കൂടി നീട്ടിയിരുന്നു.
പുതിയ ഉത്തരവ് പ്രകാരം 2025 ഏപ്രിൽ 18 വരെയാണ് ഇളവോടുകൂടി പിഴ അടയ്ക്കാനുള്ള അവസരം. സൽമാൻ രാജാവിന്‍റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്‍റെയും നിർദേശപ്രകാരമാണിത്.
2024 ഏപ്രിൽ 18ന് മുൻപ് നടത്തിയ എല്ലാ ട്രാഫിക് നിയമലംഘനങ്ങൾക്കുമുള്ള പിഴകൾക്കാണ് ഇളവ് ബാധകമാവുക. ഓരോ ലംഘനത്തിനും ഒറ്റത്തവണയായോ വെവ്വേറെയായോ പിഴ അടയ്ക്കാം. അതേസമയം, ഏപ്രിൽ 18നു ശേഷമുള്ള പുതിയ പിഴകൾക്ക് 25 ശതമാനം ഇളവും അനുവദിച്ചിട്ടുണ്ട്.
റോഡുകളിൽ അഭ്യാസം കാണിക്കുക, പരമാവധി വേഗപരിധിയിലും 30 കിലോമീറ്റർ അധിക വേഗത്തിൽ വാഹനമോടിക്കുക, ലഹരി ഉപയോഗിച്ച് വാഹനമോടിക്കുക എന്നിവ ഇളവിൽ ഉൾപ്പെടില്ല. റോഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള സുരക്ഷിത യാത്രകൾ പ്രോത്സാഹിപ്പിക്കാനും നിയമലംഘനങ്ങൾ വീണ്ടും ആവർത്തിക്കാതിരിക്കാനുമാണ് പുതിയ പ്രഖ്യാപനമെന്ന് മന്ത്രാലയം വ്യക്തമാക്കി.