ഹത്ത കാർഷികമേളയ്ക്കു തുടക്കം; പ്രാദേശിക കർഷകരുടെയും സ്ഥാപനങ്ങളുടെയും മേള

Mail This Article
ഹത്ത ∙ പ്രാദേശിക കാർഷിക ഉൽപന്നങ്ങളുടെ വിപണിയുമായി ലീം തടാകക്കരയിൽ ഹത്ത ഫാമിങ് ഫെസ്റ്റിവലിനു തുടക്കം. ദുബായ് ഫാംസ് പദ്ധതിയുടെ ഭാഗമായി മുനിസിപ്പാലിറ്റിയാണ് കാർഷിക മേള ഒരുക്കിയിരിക്കുന്നത്. 25 ഇമാറാത്തി കർഷകരും പ്രാദേശിക കാർഷിക സ്ഥാപനങ്ങളുമാണ് മേളയിൽ പങ്കെടുക്കുന്നത്.
പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന പച്ചക്കറിക്കു പുറമേ തേൻ, മുട്ട, നെയ്യ് തുടങ്ങിയവയും മേളയിൽ വിൽപനയ്ക്കുണ്ട്. കൃഷിയെ പ്രോത്സാഹിപ്പിക്കുക, കർഷകർക്ക് മികച്ച വിപണിയൊരുക്കുക, ഹത്തയെ കാർഷിക – വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വാർഷിക ഫാമിങ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

കാർഷിക മേള യുഎഇ കാലാവസ്ഥ – പരിസ്ഥിതി മന്ത്രി ഡോ. അംന ബിൻത് അബ്ദുല്ല അൽ ദഹക് ഉദ്ഘാടനം ചെയ്തു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന നിലയിൽ രാജ്യത്തെ കാർഷിക ഉൽപാദനം വർധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നു മന്ത്രി പറഞ്ഞു. ലോകത്തെ മികച്ച കാർഷിക രീതികൾ, സാങ്കേതിക സൗകര്യങ്ങൾ, മണ്ണ്, വളം എന്നിവ കർഷകർക്ക് ഒരുക്കി നൽകുന്നുണ്ടെന്നും അവർ പറഞ്ഞു.
പ്രാദേശിക കർഷകരെ സഹായിക്കാനും കൃഷി പ്രോത്സാഹിപ്പിക്കാനുമാണ് ദുബായ് മുനിസിപ്പാലിറ്റി കാർഷിക മേള സംഘടിപ്പിക്കുന്നതെന്നു ദുബായ് മുനിസിപ്പാലിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ മർവാൻ ബിൻ ഖലീത പറഞ്ഞു. കൃഷി സംബന്ധമായ ശിൽപശാല, കുട്ടികൾക്കായി കൃഷി ക്ലാസുകൾ, കൃഷി വിദഗ്ധരുമായി സംവാദം, ആധുനിക കൃഷിരീതികളുടെ പരിചയപ്പെടുത്തൽ എന്നിവയും മേളയുടെ ഭാഗമായി നടക്കും. കൃഷിയിലേക്കു പുതിയ തലമുറയെ എത്തിക്കുക എന്നതും മേളയുടെ ലക്ഷ്യമാണ്. ചെറു പ്രായത്തിലേ കാർഷിക സംസ്കാരം വളർത്തിയെടുക്കാൻ കുട്ടികളെയും പരിശീലിപ്പിക്കുന്നുണ്ട്. കന്നുകാലി ലേലം, മികച്ച കർഷക പുരസ്കാരം, മത്സരങ്ങൾ എന്നിവയാണ് മറ്റു പരിപാടികൾ. കാർഷിക മേള ബുധനാഴ്ച സമാപിക്കും.