പ്രവാസ ജീവിതക്കാഴ്ചയുമായി 'ശംഖുമുഖം' നാടകം അവതരിപ്പിച്ചു

Mail This Article
അബുദാബി ∙ പ്രവാസ ലോകത്തെ കഠിനാധ്വാനത്തിലൂടെ മക്കളെ പഠിപ്പിച്ച് വളർത്തി വലുതാക്കിയ ശേഷം ശിഷ്ടകാലം സ്വൈരജീവിതത്തിനായി നാട്ടിൽ തിരിച്ചെത്തിയ ആൾക്ക് നേരിടേണ്ടിവരുന്ന ഹൃദയഭേദകമായ കാഴ്ചകളുമായി ശംഖുമുഖം എന്ന നാടകം.
സുരേഷ് കൃഷ്ണയുടെ സംവിധാനത്തിൽ പ്രവാസി നാടക സമിതി അവതരിപ്പിച്ച നാടകം കേരള സോഷ്യൽ സെന്ററിൽ നടന്നുവരുന്ന ഭരത് മുരളി നാടകോത്സവത്തിലെ മികച്ച നാടകങ്ങളിലൊന്നായി. ശംഖുമുഖം കടപ്പുറത്തെ തിരയും തീരവും പശ്ചാത്തലമാക്കിയ നാടകത്തിൽ കടപ്പുറത്ത് അലയേണ്ടിവന്ന മുൻ പ്രവാസിയെ പ്രദേശവാസികൾ വൃദ്ധ സദനത്തിലാക്കുന്നു. ഡോക്ടറായ മകനുണ്ടായിട്ടും അച്ഛന് വൃദ്ധസദനത്തിൽ കഴിയേണ്ടിവരുന്ന ദയനീയ അവസ്ഥ കാണികളെ കരയിച്ചു.

കുടുംബത്തിനുവേണ്ടി ജീവിതം ഹോമിക്കുന്ന പ്രവാസി ഒടുവിൽ ഒറ്റപ്പെട്ടുപോകുന്നത് ഓരോ പ്രവാസിയെയും ഇരുത്തി ചിന്തിപ്പിക്കുന്നു. വിദേശത്തെ ഉന്നത ഉദ്യോഗത്തിൽ മതിമറന്ന മക്കളും കുടുംബവും അച്ഛനെ വിസ്മരിച്ചതാണ് ഈ അവസ്ഥയ്ക്കു കാരണം. സർക്കാരിന്റെ ഇടപെടലിൽ നിർമിത ബുദ്ധിയുടെ സഹായത്തോടെ മകനെ കണ്ടുപിടിച്ച് തിരിച്ചെത്തിച്ച് പിതാവിനെ ഏൽപിക്കുകയും ഇവിടത്തെന്നെ ജോലി ചെയ്യാൻ സൗകര്യമൊരുക്കുന്നതോടെ നാടകം അവസാനിക്കുന്നു.