നക്ഷത്രങ്ങളും മരുഭൂക്കാറ്റും; കൂടാരങ്ങളിൽ സുഖരാത്രി, യുഎഇയിൽ ടെന്റ് കെട്ടി രാത്രി ചെലവിടുന്നവരുടെ എണ്ണം കൂടുന്നു

Mail This Article
അബുദാബി ∙ യുഎഇയിൽ ശൈത്യകാലത്തിന്റെ സുഖശീതളിമയിൽ തുറസ്സായ സ്ഥലങ്ങളിൽ കൂടാരം കെട്ടി രാത്രി ചെലവിടാനെത്തുന്നവരുടെ എണ്ണം കൂടിവരുന്നു. നാടും വീടും വിട്ട് ജീവിത മാർഗത്തിനായി മറുനാട്ടിൽ കഴിയുന്നവർ ജോലി സമ്മർദങ്ങളിൽനിന്നും മാനസിക പിരിമുറുക്കത്തിൽനിന്നും രക്ഷപ്പെടാനായാണ് ഇവിടെ എത്തുന്നത്.
പ്രധാനമായും മരുഭൂമിയിലും കൃത്രിമ തടാകങ്ങൾക്കു ചുറ്റുമാണ് വാരാന്ത്യങ്ങളിൽ കൂടാരങ്ങൾ ഉയരുന്നത്. എല്ലാവരും ചേർന്ന് കൂടാരത്തിനു സമീപത്തു തന്നെ ബാർബിക്യൂ പാചകം ചെയ്ത് ഇഷ്ടമുള്ള വിഭവങ്ങളുണ്ടാക്കി ചൂടോടെ കഴിക്കുന്നു. ലോക വർത്തമാനം പറഞ്ഞും കഥകൾ ആസ്വദിച്ചും പാട്ടുപാടിയും പ്രകൃതിയുടെ മടിത്തട്ടിൽ ചെലവഴിക്കുന്നവർ വീട്ടിൽ മടങ്ങിയെത്തുമ്പോഴേക്കും നേരം പുലരും.
പലപ്പോഴും ഒന്നിലേറെ കുടുംബങ്ങൾ ഒന്നിച്ചാണ് ഇങ്ങനെ ഔട്ടിങ്ങിന് പോകുക. കൂടുതൽ സ്വകാര്യത ഇഷ്ടപ്പെടുന്നവർ സ്വന്തം കുടുംബത്തെ മാത്രം കൂട്ടിയായിരിക്കും യാത്ര. ബാച്ചിലറായി താമസിക്കുന്ന പുരുഷന്മാരും വനിതകളും വ്യത്യസ്ത ടീമുകളായും ഇങ്ങനെ ഔട്ടിങ് നടത്താറുണ്ട്. വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർ മാത്രമായോ അവരുടെ കുടുംബാംഗങ്ങളും ചേർന്നോ ചെറിയ കൂട്ടായ്മകളുടെ നേതൃത്വത്തിലോ ആണ് ഒരു ദിവസത്തെ കൂടാരജീവിതം തിരഞ്ഞെടുക്കുക.
കുടുംബസമേതം പോകുന്നവർ കുട്ടികൾക്കും മുതിർന്നവർക്കും വിവിധ കളികളിലും വ്യായാമങ്ങളിലും ഏർപ്പെടാൻ കഴിയുന്ന സൗകര്യമുള്ള സ്ഥലം തിരഞ്ഞെടുക്കും. അല്ലാത്തവർ ഷട്ടിൽ ബാറ്റ്, സൈക്കിൾ, ഫുട്ബോൾ, വോളിബോൾ തുടങ്ങിയവ കരുതി സ്വന്തം നിലയ്ക്ക് കളിക്കും. കുട്ടിപ്പട്ടാളങ്ങൾ കളിക്കുമ്പോൾ പാചക വിദഗ്ധർ ഭക്ഷണം തയാറാക്കും. ഭക്ഷണം ചുട്ടെടുക്കാനാവശ്യമായ ചാർക്കോളും മസാല പുരട്ടി വച്ച കോഴിയിറച്ചിയും മത്സ്യവുമെല്ലാമായാണ് ഔട്ടിങ്ങിന് പോകുക.
മലയാളികൾ ഉൾപ്പെടെ വിവിധ രാജ്യക്കാർ കുടുംബസമേതവും ബാച്ചിലർമാർ കൂട്ടത്തോടെയും വാരാന്ത്യങ്ങളിൽ വ്യത്യസ്ത സ്ഥലങ്ങളിൽ തമ്പടിക്കുന്നു. അബുദാബിയിൽ ഷഹാമ, അൽവത്ബ എന്നിവിടങ്ങളിലാണ് അനുമതിയുള്ളതെങ്കിലും എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലെ മരുഭൂമിയിലും താൽക്കാലിക ടെന്റുകളും ക്യാംപ് ഫയറുകളും കാണാറുണ്ട്.
വാരാന്ത്യങ്ങളിൽ പുറം ജീവിതം ആസ്വദിക്കുന്നവരുടെ എണ്ണം കൂടിയതോടെ സൗകര്യങ്ങളുമായി നഗരസഭയും രംഗത്തെത്തി. വിവിധ പാർക്കുകളിലും തുറസ്സായ സ്ഥലങ്ങളിലും ബാർബിക്യൂ സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. മരുഭൂമിയിൽ പ്രത്യേക മേഖലകൾ ഇതിനായി നിശ്ചയിക്കുകയും ചെയ്തു.
ശ്രദ്ധിക്കാൻ
∙ നഗരസഭ അനുവദിച്ച സ്ഥലത്തു മാത്രമേ ടെന്റ് കെട്ടാവൂ.
∙ ടെന്റുകൾക്കു സമീപം തീകൂട്ടരുത്.
∙ അവശിഷ്ടങ്ങളും ചപ്പു ചവറുകളും നിശ്ചിത സ്ഥലത്ത് നിക്ഷേപിക്കണം.
∙ മടങ്ങുമ്പോൾ തീകെടുത്തി എന്ന് ഉറപ്പാക്കണം.