എതിരില്ലാതെ സുരക്ഷിതനഗരമായി അബുദാബി; 9 –ാം തവണയും നേട്ടം

Mail This Article
അബുദാബി ∙ ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമെന്ന പദവി ഒൻപതാം വർഷവും അബുദാബിക്ക്. ഓൺലൈൻ ഡേറ്റാബേസ് കമ്പനിയായ നമ്പിയോയുടെ 2025ലെ റാങ്കിങ്ങിൽ 382 ആഗോള നഗരങ്ങളുടെ പട്ടികയിലാണ് അബുദാബി ഒന്നാമതെത്തിയത്. പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും ജീവിത നിലവാരം ഉയർത്തുന്നതിലും ഇതിന് ആവശ്യമായ സുരക്ഷാ മാർഗങ്ങളും പദ്ധതികളും സംരംഭങ്ങളും വികസിപ്പിക്കുന്നതിലുമുള്ള മികവാണ് ഈ നേട്ടത്തിന് കരുത്തായത്.
സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും സമാധാനത്തിന്റെയും മൂല്യങ്ങൾ പകരുന്നത് തുടരുമെന്ന് അബുദാബി പൊലീസ് ഡയറക്ടർ ജനറൽ മേജർ ഷെയ്ഖ് മുഹമ്മദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ പറഞ്ഞു. അബുദാബി പൊലീസിന്റെ ജനറൽ കമാൻഡിനു കീഴിലുള്ള ജീവനക്കാരുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും പരിശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
ഏൽപിച്ച ചുമതലകൾ ഉത്തരവാദിത്തത്തോടെയും നിർവഹിച്ചത് പോലീസ്, ഗതാഗത, സുരക്ഷാ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിച്ചതായും ചൂണ്ടിക്കാട്ടി. ജീവിത നിലവാരം, സുരക്ഷ, കുറ്റകൃത്യ നിരക്ക്, ഗുണമേന്മയുള്ള ആരോഗ്യസേവനങ്ങൾ, ഉപഭോക്തൃ വിലനിലവാരം തുടങ്ങിയവ അടിസ്ഥാനമാക്കിയായിരുന്നു സർവേ. ഒറ്റയ്ക്ക് നടക്കുമ്പോഴുള്ള സുരക്ഷിതത്വത്തിലും ഒന്നാം സ്ഥാനമുണ്ട്. സുരക്ഷിത താമസത്തിനും ജോലി ചെയ്യാനും നിക്ഷേപിക്കാനും ഏറ്റവും അനുയോജ്യമാണ് അബുദാബിയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.