വാദി അല്‍ മുര്‍: ഖബറടക്കപ്പെട്ട ഗ്രാമം, ചരിത്ര തുടിപ്പുകളുമായി ഒമാൻ

Mail This Article
വാദി അല്‍ മുര്‍ ∙ 30 വര്‍ഷങ്ങള്‍ക്ക് മുൻപ് ജനവാസമുണ്ടായിരുന്ന ഒരു ഗ്രാമമാണ് വാദി അല്‍ മുര്‍. ഇന്നത് മണല്‍ക്കൂനകള്‍ക്കടിയിലാണ്. മേല്‍ക്കൂരയോളം മണല്‍മൂടിയ കെട്ടിടങ്ങളുമായി ആ ഗ്രാമം മൂന്ന് പതിറ്റാണ്ടിലേറെയായി നാമാവശേഷമായിട്ട്. ഇപ്പോഴിതാ, സന്ദര്‍ശകരുടെയും ഫൊട്ടോഗ്രഫര്‍മാരുടെയും ഇഷ്ട കേന്ദ്രമായിരിക്കുകയാണ് സൗത്ത് ശര്‍ഖിയ്യയിലെ ജലാന്‍ ബാനി ബു അലിയിലെ വാദി അല്‍ മുര്‍ ഗ്രാമം.
ഒമാനി ഫൊട്ടോഗ്രഫര്‍ ഹൈതം ബിന്‍ നാസര്‍ ദര്‍വീശ് അല്‍ അസ്രിയുടെ അപൂര്‍വ ഡ്രോണ്‍ ചിത്രത്തിലൂടെയാണ് അല്‍ മുര്‍ പുനര്‍ജനിച്ചത്. നാട് മറന്ന ഒരു ഗ്രാമത്തിന്‍റെ അവശേഷിപ്പികളുടെ വിസ്മയകരവും അതേസമയം തന്നെ പേടിപ്പെടുത്തുന്നതുമായ ഒരു കാഴ്ചയായി ഇത്. കഴുത്തറ്റം മണല്‍ക്കൂനയുള്ള കെട്ടിടാവശിഷ്ടങ്ങളുടെ കാഴ്ച എന്നതിനപ്പുറം, നഷ്ടത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും മനുഷ്യര്‍ക്ക് തങ്ങളുടെ ജന്മനാടിനോടുള്ള തീരാത്ത അഭിനിവേശത്തിന്‍റെയും കഥകള്‍ കൂടിയാണ് ഈ ചിത്രങ്ങള്‍ അനുവാചകര്‍ക്ക് പകര്‍ന്നുനല്‍കുന്നത്. വിസ്മൃതിയിലാണ്ട ഒരു ഗ്രാമം എന്നതില്‍ നിന്ന് സാംസ്കാരിക പൈതൃകത്തിന്‍റെയും സുസ്ഥിര ടൂറിസത്തിന്‍റെയും വെന്നിക്കൊടി പാറിക്കാന്‍ വാദി അല്‍ മുറിന് സാധിക്കും.
34 വര്‍ഷം മുൻപാണ് മണല്‍ക്കൂന വാദി അല്‍ മുറിനെ വിഴുങ്ങിയത്. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് നീങ്ങുന്ന രാക്ഷസ മണല്‍ക്കൂന കടന്നുകയറിയതോടെ ജനവാസം ദുഷ്കരമായി. ജനങ്ങള്‍ സമീപത്തെ ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും കുടിയേറി. വീടുകളിലേക്കുള്ള പ്രവേശനം അസാധ്യമാകും വരെ അവര്‍ അവിടെ തുടര്‍ന്നിരുന്നു. ഖബറടക്കപ്പെട്ട ഗ്രാമം എന്നാണ് പ്രദേശവാസികള്‍ ഇതിനെ വിളിക്കുന്നത്.

മണല്‍ക്കൂന മാറുന്നതിന് അനുസരിച്ച് മൂടപ്പെട്ട കെട്ടിടങ്ങളുടെ ഭാഗങ്ങള്‍ വെളിവാകുന്നതാണ് ചിത്രങ്ങളിലൂടെ അസ്രി പറയാന്‍ ഉദ്ദേശിക്കുന്നത്. ഗ്രാമത്തിലെ പള്ളിയുടെ മിഹ്റാബും പരമ്പരാഗത ഒമാനി വീടുകളുടെ ഭാഗങ്ങളുമെല്ലാം ഇങ്ങനെ പുറത്തുകാണാം. അത്തരം കെട്ടിടങ്ങളുടെ ഉറപ്പും ദൃഢതയും കൂടിയാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഭൂതകാലത്തിന്‍റെ നിര്‍മാണചാതുരിയും ചിത്രത്തോടൊപ്പം വെളിവാകുന്നു.

50 കുടുംബങ്ങളാണ് ഇവിടെ കഴിഞ്ഞിരുന്നത്. വളര്‍ത്തുമൃഗങ്ങളായിരുന്നു ഉപജീവന മാര്‍ഗം. ഒമാന്‍റെ ചരിത്രത്തിലെ ത്യാഗപൂര്‍ണ അധ്യായത്തെയാണ് ഗ്രാമീണരുടെ ഒഴിഞ്ഞുപോക്ക് അടയാളപ്പെടുത്തുന്നത്. പ്രകൃതി മനുഷ്യവാസത്തെ പൊളിച്ചെഴുതി. ഒഴിഞ്ഞുപോയെങ്കിലും തങ്ങളുടെ ഭൂതകാല ജീവിതത്തിന്‍റെ അവശേഷിപ്പുകള്‍ നേരില്‍കാണാന്‍ ഗ്രാമീണര്‍ ഇവിടെയെത്താറുണ്ട്.
ഏറെ വെല്ലുവിളികള്‍ അഭിമുഖീകരിച്ചാണ് അസ്രി ഗ്രാമത്തെ ഒപ്പിയെടുത്തത്. ഉച്ചക്ക് ഒരു മണിക്കും വൈകിട്ട് ആറിനും ഇടയിലായിരുന്നു ചിത്രം പകർത്തിയത്. ശക്തമായ കാറ്റും ചുഴലി മണലും അഭിമുഖീകരിച്ചായിരുന്നു ഫോട്ടോയെടുപ്പ്. ഇതെല്ലാം തരണം ചെയ്ത് ഗ്രാമത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 30 ഡ്രോണ്‍ ഫോട്ടോകള്‍ എടുക്കാന്‍ സാധിച്ചു.

റോഡുകള്‍, വൈദ്യുതി, വിശ്രമമുറികള്‍ എന്നിവ ഒരുക്കി മികച്ച ടൂറിസ്റ്റ് കേന്ദ്രമാക്കാന്‍ ഇവിടെ സാധിക്കും. തെക്ക് അല്‍ അശ്ഖാരക്കും വടക്ക് റാസ് അല്‍ ഹദ്ദിനും ഒത്തനടുക്കായി നിലകൊള്ളുന്ന ഈ ഗ്രാമം അമൂല്യമായ സാംസ്കാരിക ചരിത്ര ഇടമാണ്.