വിദേശ രാജ്യങ്ങളുമായി ഹജ്ജ് കരാർ ഒപ്പിടുന്നതിനുള്ള അവസാന തീയതി പ്രഖ്യാപിച്ച് ഹജ്ജ്-ഉംറ മന്ത്രാലയം

Mail This Article
മക്ക ∙ വിദേശ രാജ്യങ്ങളുമായി ഹജ്ജിന് കരാർ ഒപ്പിടുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 14 ആണെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം വ്യക്തമാക്കി. ഈ തീയതി കഴിഞ്ഞാൽ കരാറുകളൊന്നും സ്വീകരിക്കില്ല. ‘നുസ്ക് മസാർ’ പ്ലാറ്റ്‌ഫോമിലൂടെ വിദേശ തീർഥാടകർക്കായി കരാർ പൂർത്തിയാക്കേണ്ടതിന്റെ ആവശ്യകത മന്ത്രാലയം പറഞ്ഞു.
ഹജ്ജ് തീർഥാടകർക്ക് നൽകേണ്ടതായ സേവനങ്ങൾ വ്യവസ്ഥ ചെയ്യുന്ന കരാറിലാണ് വിവിധ രാജ്യങ്ങളുടെ ഹജ്ജ് കാര്യ ഓഫിസുകളുമായി സൗദി മന്ത്രാലയം ഒപ്പിടുന്നത്. ഓഫിസുകൾക്ക് ആവശ്യമായ ജോലികൾക്കായി മന്ത്രാലയം കൃത്യമായ ടൈംടേബിൾ നിശ്ചയിച്ചിട്ടുണ്ട്. ഇതിൽ എട്ട് പ്രധാന ഘട്ടങ്ങൾ ഉൾപ്പെടുന്നു.
കഴിഞ്ഞ വർഷം ഒക്ടോബർ 23 മുതലാണ് ഇതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഈ വർഷം ഫെബ്രുവരി 14ന് ഇത് അവസാനിക്കും. കരാർ നടപടികൾക്കുള്ള ഘട്ടം അവസാനിച്ചാൽ വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന തീർഥാടകരുടെ യഥാർഥ ക്വാട്ട നിശ്ചയിക്കും. വീസ അനുവദിക്കുന്ന ഘട്ടം ഉടൻ ആരംഭിക്കുമെന്നും മന്ത്രാലയം പറഞ്ഞു.